Friday, December 16, 2011

ഉപദേശികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് !!

എന്താ കുട്ട്യേ ജോലി ഒന്നും ആയില്ലേ??
ജോലി കിട്ടീനു പറഞ്ഞിട്ട് പോയില്ലേ...
ഇപ്പൊ വീട്ടില്‍ തന്നെയാണല്ലേ...
ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എണീകുമ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഇതൊക്കെയാണ്.. ഇന്നത്തെ ചോദ്യത്തിന് ഇത്തിരി വ്യത്യാസം ഉണ്ട്...
"എന്താ വീട്ടിനുള്ളില്‍ അടയിരിക്ക്യാണോ"?
ദേവദാസ് അങ്കിള്‍ ആണ് ചോദിച്ചത്... ഈ ചോദ്യം കുഴപ്പമില്ല.. ഒന്ന് ലൈക്ക് ചെയ്തേക്കാം...
അല്ല അങ്കിള്‍ പനിയാ...
പനിയുടെ ആലസ്യത്തില്‍ വീണ്ടും പുതപ്പിനടിയിലേക്കു കയറി...
"നീ ഇങ്ങനെ തിന്നും കുടിച്ചും കിടന്നോ..."
"അല്ലാതെ ഞാന്‍ എന്ത് ചെയ്യാനാ"??
പനി പിടിച്ചു കൊച്ചിന്‍ ഹനീഫയുടെ ശബ്ദത്തില്‍ ഞാന്‍ തിരിച്ചടിച്ചു...
ഒന്നും ചെയ്യണ്ട... അമ്മ മുറുമുറുത്ത് കൊണ്ട് അകത്തേക്ക് കയറി
കുറെ ദിവസമായി ഓണ്‍ലൈന്‍ ആയിട്ട് ... മുല്ലപ്പെരിയാറിന് എന്ത് സംഭവിച്ചോ എന്തോ??
സിസ്റ്റം ഓണ്‍ ചെയ്തു...
"ആഹ.. തുടങ്ങിയോ വീണ്ടും... വീട്ടിലിരുന്നു ഇങ്ങനെ കറന്റ്‌ ചാര്‍ജ് കൂട്ടിക്കോ..."
ഈശ്വരാ!! ഉറങ്ങിയാല്‍ കുറ്റം... നീ ഇങ്ങനെ ഉറങ്ങിക്കോ എന്ന് പറഞ്ഞ്... എണീറ്റിരുന്നാല്‍ അതും കുറ്റം...
"അമ്മേ കുറെ ദിവസം ആയില്ലേ ഓണ്‍ലൈന്‍ കേറീട്ടു എന്തൊക്കെ സംഭവിച്ചുനു നോക്കട്ടെ..."
ഫേസ് ബുക്ക്‌ വഴി ഇടയ്ക്ക് ഇടയ്ക്ക് പുതുപുത്തന്‍ കുശുമ്പും നുണകളും അമ്മയ്ക്ക് എത്തിക്കുന്നത് കൊണ്ട്... അതില്‍ അമ്മയ്ക്കിതിരി താല്പര്യം ഉണ്ട്...
ഐഡിയ സ്റ്റാര്‍സിംഗ൪ കല്പനെടെ ഭര്‍ത്താവ് മരിച്ചിട്ടില്ല എന്ന ചൂടന്‍ വാര്‍ത്ത ഞാന്‍ ആണ് അമ്മെ അറിയിച്ചത്... ആദ്യം അതറിഞ്ഞു കുടുംബ ശ്രീയില്‍ വിളമ്പി ആളായതാണ് അമ്മ... ആ നന്ദി അമ്മയ്ക്ക് എന്നോടുണ്ട്... പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ന്റെ പാട്ടും ഞാന്‍ അമ്മയ്ക്ക് കാട്ടി കൊടുത്തു.. അതും കുടുംബ ശ്രീയില്‍ കൊണ്ട് കൊടുത്തു അമ്മ ഒരു ഡയലോഗും അടിച്ചു... നമ്മളൊകെ ഇന്റര്‍നെറ്റ്‌ യൂസ് ചെയ്യണം എന്നാലെ ലോകത്ത് എന്ത് നടക്കുന്നു എന്ന് അറിയാന്‍ റ്റൂ ... അമ്മ മെല്ലെ അടുത്ത് കൂടി...

മുല്ലപെരിയാര്‍ വിഷയം ചൂടാറി കൊണ്ടിരിക്കുന്നു... സന്തോഷ്‌ പണ്ഡിറ്റ്‌ നു ജനങ്ങള്‍ എന്തും ചെയ്യാനുള്ള ലൈന്‍സ് കൊടുത്തിരിക്കുന്നു... അത് കൊണ്ട് ഫേസ് ബുക്ക്‌ ആകെ പാടെ പ്രഭ പോയ മട്ടാണ്... പ്രിത്വിരാജിന്റെ അഹങ്കാരത്തിനും ഇപ്പോള്‍ സ്കോപ്പില്ല... ഇതൊക്കെ കൊണ്ടാ ഞാന്‍ പിടിച്ചു നിന്നിരുന്നത്... ഞാന്‍ കാരണം ആണ് പ്രിത്വിരാജ് നന്നായത് എന്നൊരു അഹങ്കാരം എനിക്കും വന്നു തുടങ്ങി... സന്തോഷ്‌ പണ്ഡിറ്റ്‌ നെ നന്നാക്കാന്‍ ഞാന്‍ നോക്കി... പക്ഷെ ഞാന്‍ തോറ്റു പിന്‍വാങ്ങി... മുല്ലപ്പെരിയാര്‍ പുതിയ ഡാം കെട്ടിപ്പിക്കാന്‍ ആയിരുന്നു പിന്നെ എന്റെ പ്ലാന്‍ ... ഞാന്‍ എന്റെ വീട്ടീനു മണല് കൊണ്ട് കൊടുക്കാം എന്ന് വരെ പറഞ്ഞു നോക്കി... ഒരു കുലുക്കവുമില്ല... ഉമ്മന്‍‌ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചിട്ടുണ്ട്... മറുപടി കിട്ടിയിട്ട് പറയാം എന്നായിരുന്നു മറുപടി... ഞാന്‍ അറിയാന്‍ മേലാഞ്ഞു ചോദിക്കുവാ... ഇവരൊക്കെ എന്തിനാ കത്തയക്കുന്നത്... ഫോണ്‍ ചെയ്തുടെ.... ചാറ്റ് ചെയ്തുടെ... കത്തയച്ചു കത്തയച്ചു അവര് തമ്മില്‍ ജീവിതം ആവാതിരുന്നാല്‍ മതി... ക്രിസ്മസ് ഒക്കെ ആയില്ലേ.. ഒരു കാര്‍ഡ്‌ കൂടി അയച്ചേക്കു... മറിയാമ്മ ചേടത്തിയുടെ പ്രത്യേക ശ്രദ്ധയ്ക്ക് കുഞ്ഞൂഞ്ഞിന്റെ മേലൊരു കണ്ണ് വേണം... അല്ലേല്‍ ഫെബ്രുവരി 14 വരുന്നുണ്ട്... ഇനി കണ്ടില്ല കേട്ടില്ലാന്നു പറയരുത്...

ഇമ്മാതിരി എത്രയെത്ര കാര്യങ്ങള്‍ എനിക്ക് ശ്രദ്ധിക്കാന്‍ ഇരിക്കുമ്പോഴാ... ജോലിക്ക് പോകണ്ടേ... വീട്ടില്‍ വെറുതെ ഇരിക്ക്യാണോ എന്ന് ചോദിച്ചു ഉപദേശികള്‍ രംഗത്ത് വരുന്നത്... മാഷെ എനിക്ക് നൂറു കൂട്ടം പരിപാടികള്‍ ഉണ്ട്... മുല്ലപെരിയറില്‍ ഒരു ഡാം ഉണ്ടാക്കണം... അത് കഴിഞ്ഞിട്ട് വേണം തുഛ വേദനം കിട്ടുന്ന നര്‍സുമാരുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ... ഇതെന്താ നിങ്ങള്‍ ഒന്നും മനസിലാക്കാത്തത്‌ !!!
ഇതിന്റെ ഒക്കെ ഇടയിലാ നമ്മടെ ബ്ലോഗ്‌ അണ്ണന്മാര് ... ഒരു കമന്റ്‌ ഇട്ടേക്കണേ എന്ന് പറഞ്ഞു വരുന്നത്... അവരെ നിരാശരാക്കാന്‍ പറ്റുമോ?? നിങ്ങള്‍ തന്നെ പറ.. .

നീ കമന്റ്‌ ഇട്ടു നടന്നോ... ഒരു ബ്ലോഗ്ഗെര്മാര് ... ഭാര്യ പെറ്റാലും .. മക്കള് തൂറിയാലും ഒക്കെ ബ്ലോഗ്ഗില്‍ എഴുതിക്കോളും ... അതിലും കുറ്റം പറയാന്‍ കുറേയെണ്ണം
"അതമ്മ പറയരുത് ..." ബ്ലോഗ്ഗെര്മാരെ പുച്ഛിക്കുന്നത് എന്നെ പുച്ഛിക്കുന്നതിനു സമം ആണ്...
പിന്നല്ലാതെ അവന്മാരൊക്കെ സ്വന്തം കാര്യം നോക്കീട്ടാ ബ്ലോഗ്‌ എഴുതി നടക്കണത്‌...
അങ്ങനെ വേണമെങ്കില്‍ പറഞ്ഞോ... എഴുതാന്‍ വച്ചിരുന്ന കമെന്റെല്ലാം ഞാന്‍ അമ്മയോടടിച്ചു തീര്‍ത്തു...

"അമ്മയറിഞ്ഞോ ... നമ്മുടെ വെറുതെ അല്ല ഭാര്യയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇല്ലേ... അയാള്‍ മോഷണ കേസിലെ പ്രതി ആയിരുന്നത്രെ"
ഇപ്പോള്‍ അയാളെ അതീന് മാറ്റി... ഒരു ബ്ലോഗില്‍ കണ്ടതാ
"ഏത് നമ്മുടെ ശ്വേത മേനോന്റെ പ്രോഗ്രാമ്മിലെയോ??"
"അതെന്നെ..."
"എനിക്കവനെ കണ്ടപ്പോഴേ തോന്നി..." (എന്റെ അമ്മയ്ക്ക് പലപ്പോഴും അങ്ങനെ തോന്നാറുള്ളത് കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല... ഇപ്പോഴത്തെ സാഹചര്യത്തിന് നിന്ന് കൊടുക്കുന്നതാ നല്ലത് )
ഇന്ന് കുടുംബ ശ്രീയില്‍ പറയാന്‍ പുതിയ ന്യൂസ്‌ കിട്ടിയത് കൊണ്ട് അമ്മ ഒന്ന് അടങ്ങി...
മെല്ലെ ബൂലോകത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം... നടത്തി...
ദാ വീണ്ടും വാതിലില്‍ ഒരു മുട്ട്
പേപ്പര്‍ മാമനാ..
"ആ കുറെ ആയല്ലോ കണ്ടിട്ട്... ഇപ്പോള്‍ എന്ത് ചെയ്യുന്നു??"
"കോഴ്സ് കഴിഞ്ഞു വെറുതെ ഇരിക്ക്യാ.."
"അതെന്താ ജോലിക്കൊന്നും പോണില്ലേ..."
"നോക്കുന്നുണ്ട്..."
"പെണ്‍കുട്ടികള്‍ വെറുതെ ഇരിക്കാന്‍ പാടില്ല... ജോലി ഒക്കെ നോക്കണം... ബാംഗ്ലൂരോക്കെ പോയാല്‍ നല്ല ചാന്‍സാ... എന്റെ മോന്‍ ഇപ്പൊ ബംഗ്ലൂരാ.."
ഈ പറയുന്ന ചേട്ടനെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം... അഞ്ചാറ് കൊല്ലം വായനോക്കി നടന്നതാ... അപ്പോള്‍ ആര്‍ക്കും ഒരു കുഴപ്പോം ഉണ്ടാരുന്നില്ല... രണ്ടു മാസം ഞാന്‍ ഇവിടെ ഇരുന്നപ്പോള്‍ ആര്‍കും ഒരു സമാധാനം ഇല്ല...
"ഞാന്‍ മോള്‍ടെ കാര്യം പറയാം... ബയോ ടാറ്റ അവനു അയച്ചു കൊടുത്തു നോക്ക്..."
സ്ഥിരം പല്ലവി... കുറെ അയച്ചിട്ടും മറുപടി ഒന്നും ഇല്ലാത്തതു കൊണ്ടും... ഞാന്‍ ചിരിച്ചു...
ജോലി ഇല്ലഞ്ഞിട്ടും ഒരു ബ്ലോഗ്‌ എഴുതാന്‍ പോലും സമയമില്ലാത്ത എന്നൊടാ വെറുതെ ഇരിക്ക്യാണോ എന്ന ചോദ്യം!!!
എനിക്ക് നൂറു കൂടം പരിപാടിയാ... രാവിലെ മുല്ലപ്പെരിയാര്‍.. ഉച്ചക്ക് അന്ന ഹസാരെ.. രാത്രി കമെന്റെഴുത്തു ... ഇതിനൊക്കെ ഒരു പരിഹാരം കണ്ടിട്ട് വേണ്ടേ എനിക്കെന്റെ കാര്യം നോക്കാന്‍ !!!

Sunday, November 20, 2011

ഒരു അച്ഛന് പറയാനുള്ളത് ...







അച്ഛന്റെ ചുന്ദരി ഉറങ്ങുന്നില്ലേ...
ഇല്ല...
അതെന്താ??
ഉറക്കം പോയി...
എവിടെ പോയി...
ദൂരെ ദൂരെ പോയി...
എപ്പോ വരും ഉറക്കം??
ഇപ്പം വരും...
അച്ഛാ ഒരു കഥ പറഞ്ഞു താ...
ഒരിടത്തു ഒരിടത്തു...
ഒരിടത്ത് ഒരിടത്ത് എന്ത് പറ്റി അച്ഛാ ???
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത്
കളിക്കാതെ പറ അച്ഛാ..
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്തൊരു....
പറ അച്ഛാ..
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്തൊരു...
ഒരു രാജാവ് ഉണ്ടായിരുന്നു...
രാജാവിന് രണ്ടു പെണ്മക്കള്‍ ഉണ്ടായിരുന്നു....
ഒരാള്‍ കഥ രണ്ടാമത്തെയാള്‍ മതി...
അപ്പോള്‍ രാജാവ് എങ്ങനെ രണ്ടു മക്കളെയും ഒന്നിച്ചു വിളിക്കും??
കഥ മതി...
അയ്യോ കഥ മതിയോ...
എന്നാ മോള് ഉറങ്ങു...
അങ്ങനല്ല... രാജാവ് കഥ മതിനു വിളിക്കുംനു...
രാജാവ് എങ്ങനെ വിളിക്കുമെന്ന്..
കഥ മതി...
മതിയോ കഥ എന്നാ... വേഗം ഉറങ്ങു...
അങ്ങനല്ല മോള് ചിണുങ്ങി

എന്റെ ചുന്ദരി മോള്‍ ഇന്ന് ഉറങ്ങുന്നില്ല... കരഞ്ഞു കരഞ്ഞു കിടക്കുകയാണ് ... തിരിഞ്ഞു കിടന്നു അവളുടെ അമ്മയും കരയുന്നു... എന്റെ പൊന്നു മോള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കാനായി ഞാന്‍ അവളുടെ അരികത്തിരുന്നു... എന്റെ അതേയ് നെറ്റിയാ അവള്‍ക്കും... അവളെ മെല്ലെ തലോടി...
എനിക്കെന്റെ മോളെ തലോടാന്‍ കഴിയുന്നില്ല... എന്റെ കൈകള്‍ക്ക് എന്റെ മോളെ തൊടാന്‍ കഴിയുന്നില്ല... എനിക്കിനി ഒരിക്കലും എന്റെ മോളെ തൊടാന്‍ കഴിയില്ല... എന്റെ മോളെ ഉറക്കാന്‍ എനിക്കാവില്ല... അവള്‍ക്കു കഥ പറഞ്ഞു
കൊടുക്കാന്‍ എനിക്കാവില്ല...

ഇന്നെന്റെ മോള്‍ കരഞ്ഞത് ഒന്നിനുമല്ല... അടുത്ത വീട്ടിലെ മാളു പുറത്തു പോയി വന്നപ്പോള്‍ ക്രീം ബിസ്കറ്റ് വാങ്ങി കൊണ്ട് വന്നു... എന്റെ മോള്‍ വേണമെന്ന് പറഞ്ഞു വാശി പിടിച്ചു... അവളുടെ അമ്മ അവള്‍ക്കു അത് വാങ്ങി കൊടുത്തില്ല... മോളെ നീ ഇങ്ങനെ വാശി പിടിക്കരുത്... നമുക്കിനി ആരും ഇല്ല... നീ വാശി പിടിച്ചാല്‍ ഞാന്‍ എവിടെ
പോയി വാങ്ങാന ഈ രാത്രി... മോള്‍ ചിണുങ്ങി അകത്തേക്ക് പോയി...

എന്തിനാ അമ്മെ അച്ഛന്‍ നമ്മളെ ഇട്ടു പോയത് ..
. മോളോട് പിണങ്ങി പോയതാണോ ??
ഹേ ... മോള്‍ടെ അച്ഛന്‍ മോളോട് പിണങ്ങുമോ... മോള്‍ടെ അച്ഛന്‍ ദൈവത്തെ കാണാന് പോയതല്ലേ...
അച്ഛന്‍ ഇനി വരില്ലാ ലെ... അച്ഛനെ ഇനി നമുക്കു
കാണാന് പറ്റില്ലാ ലെ.. അച്ഛനെ ഇനി മോള്‍ക്ക്‌ തൊടാന്‍ പറ്റില്ലാ ലെ..
എന്റെ മോള്‍ടെ കണ്ണ് നിറഞ്ഞു...
ഒരു നിമിഷം എനിക്ക് ദൈവം തിരിച്ചു തന്നിരുന്നെങ്കില്‍ ഞാന്‍ എന്റെ മോള്‍ടെ അടുത്തേക്ക് ഓടിച്ചെന്നു കെട്ടിപിടിച്ചു.. ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തേനെ...

അവളെ പ്രസവിച്ചപ്പോഴേ എല്ലാവരും പറഞ്ഞു... ഇവള്‍ അച്ഛന്‍ കുട്ടി ആണല്ലോ എന്ന്...
എന്റെ മോള്‍ ആണ് എനിക്കെല്ലാം...
അവള്‍ക്കിഷ്ടമുല്ലതെല്ലാം വാങ്ങി കൊടുത്തു... ഒരുപാടു സ്നേഹിച്ചു... ഓരോ ദിവസവും അവള്‍ക്കു ഒരുപാടു സന്തോഷം കൊടുക്കാന്‍ ഞാന്‍ ഓര്‍ത്തു...
പക്ഷെ ഇപ്പോള്‍ ഓരോ ദിവസവും എന്റെ മോള്‍ക്ക്‌ ഓരോ കാരണമുണ്ട് കരയാന്‍ ...
ഇന്നലെ പറയുന്നത് കേട്ടു... .
ഡയറിയില്‍ പാരെന്റ്സ്‌ നെയിം അമ്മേടെ പേര് എഴുതാന്‍ സിസ്റ്റര്‍ പറഞ്ഞു...അച്ഛന്റെ പേരിന്റെ അടുത്ത് ലേറ്റ് എന്ന് എഴുതണം എന്നും പറഞ്ഞു... അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നു...
മാളുന്റെ അച്ഛന്‍ അവളെ ഇന്ന് ബൈക്കിലാ സ്കൂളില്‍ കൊണ്ട് വന്നത്... ഇത് പറഞ്ഞു എന്റെ മോള്‍ അകത്തു ചെന്ന് എന്റെ ഫോട്ടോനോക്കി കുറെ നേരം നിന്നു...

കോളേജ് ജീവിതത്തിന്റെ ഇടയില്‍ ചുമ്മാ ഒരു രസത്തിനു തുടങ്ങിയതാ പുകവലി.. പിന്നീട് നിര്‍ത്തണം എന്ന് തോന്നിയില്ല... നിര്‍ത്തണം എന്ന് തീരുമാനം എടുത്തപ്പോഴേക്കും ഒരുപാടു വൈകി പോയിരുന്നു... ആ പുകവലി എന്നെ മാറാരോഗത്തിന് അടിമയാക്കിയിരുന്നു... ഞാന്‍ ആഘോഷിച്ചതിനെല്ലാം ഇന്ന് അനുഭവിക്കുന്നത് ഞാന്‍ ഏറ്റവും സ്നേഹിച്ച എന്റെ മോള്‍ ആണ്... എന്റെ മോള്‍ക്ക്‌ എന്നെ ആവശ്യമുള്ളപ്പോള്‍ എനിക്കവളെ സ്നേഹിക്കാന്‍ കഴിയുന്നില്ല... വെറും ഒരു ക്രീം ബിസ്കറ്റ് ആണ് എന്റെ മോള്‍ ആഗ്രഹിച്ചത്... അതും എന്റെ മോള്‍ക്ക് നിഷേധിക്കപെട്ടിരിക്കുന്നു... എങ്ങനെയൊക്കെ ഞാന്‍ വളര്‍ത്തണം എന്ന് ആഗ്രഹിച്ചതാ... പക്ഷെ ഇന്ന്... ഞാന്‍ കാരണം എന്റെ മോള്‍ ... ഇനി ഒരു ജന്മം എന്റെ മോളെ സ്നേഹിച്ചു കൊതി തീര്‍ക്കാന്‍ ദൈവം എനിക്കായുസു തരട്ടെ...





Friday, November 11, 2011

റവ ലഡ്ഡു ഉണ്ടാക്കിയ കഥ...


ഇതൊരു പ്രണയ കഥയാണെന്ന് തോന്നാം... പക്ഷെ ഇതൊരു പ്രണയ കഥ അല്ല... ഒരു പ്രണയത്തിന്റെ അവസാനം എന്ന് വേണമെങ്കില്‍ പറയാം.. . പ്രണയം അവസാനിക്കുമോ?? ഒരിക്കലും ഇല്ല... പ്രയിച്ചവര്‍ക്ക് മടുക്കുമായിരിക്കാം... പക്ഷെ പ്രണയം... പ്രണയിച്ചിരുന്നപ്പോള്‍ അവര്‍ കണ്ട സ്വപ്നം.. അവരുടെ പ്രണയം... അതിനൊന്നും ഒരിക്കലും അവസാനം ഇല്ല... പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും തങ്ങളുടെ പ്രണയം ദൈവീകമായ ഒന്നാണ്... പക്ഷെ മൂന്നാമന്... അവര് ലൈന്‍ ആയിരുന്നു എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന ഒരു സ്ഥായി ബന്ധം മാത്രമാണ്... അപ്പോള്‍ നമുക്ക് കഥ മൂന്നാമന്റെ കണ്ണിലുടെ പറയാം...

പുത്തന്‍ തലമുറയില്‍ പെട്ട കാമുകനും കാമുകിയും... ഇന്ന് പ്രണയം പൊട്ടിപുപ്പെടുന്നത് ഫോണിലൂടെയും നെറ്റിലൂടെയുമൊക്കെ അല്ലെ... നമ്മുടെ നായകനും നായികയും പരിചയപെട്ടതും ഒരു കമ്മ്യൂണിറ്റി സൈറ്റിലെ ചാറ്റ് റൂമില്‍ വച്ചാണ്... ആ സൌഹൃദം പ്രണയത്തിലേക്ക് വഴിമാറി... കാലം മാറിയാലും കാമുകന്മാര്‍ മാറില്ലല്ലോ (കാമുകിമാരും ) .. 70കളിലെ സിനിമ പോലെ... സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിക്കുന്ന നായകന്‍ ... ജീവിതത്തില്‍ അനാഥത്വം അനുഭവിക്കുന്ന കാമുകി... ഇത്രയും പോരെ കാമുകന് പ്രേമം തോന്നാന്‍ ... കാമുകന്‍ തേനും പാലും ഒലിക്കുന്ന വാക്കുകള്‍ ... ഭക്ഷണത്തിന് മുന്‍പും ശേഷവും മധുരം കൂടി കൊടുത്തു കൊണ്ടിരുന്നു... തന്റെ കാമുകന്റെ സ്നേഹത്തെ കുറിച്ചോര്‍ത്തു കാമുകി കോരിത്തരിച്ചു ...
പ്രണയ ജീവിതം മുന്നോട്ട് പോയി...
സ്വര്‍ഗം താണിറങ്ങി വന്നതോ..
സ്വപ്നം പീലി നീര്‍ത്തി നിന്നതോ...
കാമുകനും കാമുകിയും ഫോണിലെ കാളര്‍ടൂണ്‍ മാറ്റി...
എല്ലാ പ്രണയവും പോലെ... ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞു നിന്ന പ്രണയ ജീവിതം...

പെട്ടന്നത് സംഭവിച്ചു,,,
കാമുകന് ബോധോദയം !!! എന്റെ വീടുകര്‍ ഈ പ്രണയം അംഗീകരിക്കുമെന്നു തോന്നുന്നില്ല... നിന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു... (കഥ പ്രസംഗത്തിന് ഇടയിലുള്ള സിംബലിന്റെ ശബ്ദം)
കാമുകി തകര്‍ന്നു... കാമുകന്‍ തന്നെ ഉപേക്ഷിക്കാന്‍ പോകുന്നു... കാമുകിടെ മനസ്സ് തിരമാലകള്‍ പോലെ അലയടിച്ചു ... ഒരിടത്ത് വീട്ടുകാര്‍ മറ്റൊരിടത്ത് കാമുകന്‍ .. വീട്ടുകാര്‍ കാമുകന്‍ ... കാമുകന്‍ വീട്ടുകാര്‍ ...

മറക്കുമോ നീയെന്റെ മൌന ഗാനം...
ഒരുനാളും നിലക്കാത്ത വേണു ഗാനം...
കാമുകന്‍ കാളര്‍ടൂണ്‍ മാറ്റി...

പറയാതെ അറിയാതെ നീ പോയതെന്തേ...
ഒരു വാക്ക് മിണ്ടാഞ്ഞതെന്തേ...
കാമുകിയും വിട്ടു കൊടുത്തില്ല...

പ്രണയത്തില്‍ വഴിത്തിരിവ് സംഭവിച്ചിരിക്കുന്നു!!!
വിരഹം!!!( പ്രണയത്തില്‍ വിരഹം അവിഭാജ്യഘടകം ആണല്ലോ..)
കാമുകന്‍ തിരിച്ചറിഞ്ഞു... കാമുകിയില്ലാതെ കാമുകന്... ഭക്ഷണം താഴോട്ട് ഇറങ്ങുന്നില്ല... കാമുകിയുടെ കാര്യവും വിഭിന്നമല്ല...
അവര്‍ ഒരു തീരുമാനത്തില്‍ എത്തി... നമുക്ക് നല്ല ഫ്രണ്ട്സ് ആവാം... എല്ല്ലാ കൊടി കൊണ്ട പ്രണയങ്ങളും അവസാനം സൌഹൃദയത്തില്‍ വലയപെട്ടുപോവുകയാണല്ലോ പതിവ്... അവരും പതിവ് തെറ്റിച്ചില്ല...
ഇനി അവരെ കാമുകി കാമുകന്മാര്‍ എന്ന് വിളിക്കാന്‍ പാടില്ല... പക്ഷെ കഥയില്‍ എന്നും അവരു കാമുകി കാമുകന്മാര്‍ തന്നെ...

(നമ്മുടെ കൃഷ്ണന്റെയും രാധയുടെയും കാര്യം അറിയില്ലേ.. കൃഷ്ണന്‍ രുക്മിണിയെ വിവാഹം കഴിച്ചെങ്കിലും ഇന്നും കൃഷ്ണന്റെ കൂടെ പറയുന്നത് രാധയുടെ പേരല്ലേ.. കൃഷ്ണന്റെ കാമുകി... )

കാമുകി കാമുകന്റെ നല്ല കൂടുകാരി എന്ന പേരെടുത്തു... പക്ഷെ അപ്പോഴും... ഇത്ര നേരം ആരോട് സംസരിക്കുവാരുന്നു?? എവിടെ പോകുന്നു? എപ്പോ വരും?? എന്നാ ചോദ്യങ്ങളില്‍ കാമുകന്‍ വളയപ്പെട്ടിരുന്നു...

ആ പ്രണയം സൌഹൃദത്തിന്റെ പാതയില്‍ മുന്നോട്ടു പോയപ്പോഴാണ് അത് സംഭവിച്ചത്.. . കാമുകന്‍ കാമുകിയെ കാണാന്‍ വരുന്നു... ഒരുപാടു കാലത്തിനു ശേഷമാണ് കാമുകന്‍ കാമുകിയെ കാണാന്‍ വരുന്നത്... തന്റെ പ്രണയം തിരിച്ചു പിടിക്കാന്‍ കാമുകിക്കുള്ള ഏക വഴിയാണ് കാമുകന്റെ ഈ വരവ്.. ഈ പ്രാവശ്യം കാമുകന്റെ മനസ്സില്‍ കയറി പറ്റാന്‍ കഴിഞ്ഞാല്‍ ... ആ സീറ്റ്‌ സ്ഥിരം ആയിരിക്കും എന്ന് കാമുകിക്ക് അറിയാമായിരുന്നു... കാമുകന്റെ ഇഷ്ടങ്ങളെ കുറിച്ചും അനിഷ്ടങ്ങളെ കുറിച്ചും കാമുകി ഒരു ഡീറ്റേയില് സ്റ്റഡി നടത്തി ... മധുരമാണ് കാമുകന്റെ വീക്നെസ്... ഒരു ദീപാവലി അവധിക്കാണ് കാമുകന്‍ വരുന്നത്... കാമുകി ഉറപ്പിച്ചു...മധുര പലഹാരം ഉണ്ടാക്കി കൊടുക്കണം.. വയറ്റിലൂടെയാണല്ലോ പുരുഷന്റെ മനസ്സില്‍ കയറി പറ്റുക... കാമുകി പണി പതിനെട്ടും നോക്കി... കാമുകിയുടെ കൈയ്യില്‍ ഒതുങ്ങുന്ന പലഹാരം ഒന്നും കണ്ടു കിട്ടിയില്ല... അപ്പോഴാണ് ആ ആഴ്ചത്തെ "വനിത" കാമുകിയുടെ കണ്ണില്‍ പെട്ടത് Dr. ലക്ഷ്മി നായര്‍ 6 മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നിരിക്കുന്നു... അതില്‍ നിന്ന് എളുപ്പമുള്ളതു കാമുകി സെലക്ട്‌ ചെയ്തു ..

റവ ലഡ്ഡു !!!
നെയ്യും റവയും മൂപിച്ച... റവയും പഞ്ചസാരയും പൊടിച്ചു... അതില്‍ അണ്ടിപരിപ്പും മുന്തിരിയും ചേര്‍ത്ത് ഉരുളകളാക്കുക..
ഇതിലും എളുപ്പം വേറെന്തിരിക്കുന്നു... കാമുകി അടുക്കളയില്‍ യുദ്ധത്തിനു തയ്യാറായി...
ഈ റവ ലഡ്ഡു തിന്നുമ്പോള്‍... കാമുകന്റെ മനസ്സും വയറും നിറയുന്നതും... ഇതിനു പകരമായി കാമുകിയെ കാമുകന്‍ സ്നേഹം കൊണ്ട് വാരി പുണരുന്നതും. .. ആ സ്വപ്നങ്ങള്‍ക്കിടയില്‍.. റവ കരിഞ്ഞു പോയത് കാമുകി കണ്ടില്ല...
സാരമില്ല... ഇത്തിരി അല്ലെ കരിഞ്ഞുള്ളൂ... കാമുകി രുചിച്ചു നോക്കി കുഴപ്പമില്ല...
കാമുകനോടുള്ള തന്റെ സ്നേഹം എത്ര പഞ്ചസാര ചേര്ത്തിട്ടാണ് കാമുകനെ അറിയിക്കുക... ഒട്ടും കുറവ് പാടില്ല... 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര കൂടുതല്‍ ഇട്ടു...

മധുര സ്വപ്നങ്ങളുമായി കാമുകി റവ ലഡ്ഡുവുമായി പുറപ്പെട്ടു ... കാമുകന്‍ കാമുകിയെ കാത്തു നില്‍പ്പുണ്ടായിരുന്നു... സംസാരത്തിന്റെ ഇടയില്‍ കാമുകി കാമുകന് കൊണ്ട് വന്നിട്ടുള്ള റവ ലഡ്ഡു നീട്ടി

ഏതോ വിപത്ത് മുന്നില്‍ കണ്ടു കൊണ്ട് കാമുകന്‍ കൈ നീട്ടി … കാമുകന് താന്‍ ഉണ്ടാക്കിയ റവ ലഡ്ഡു നീട്ടിയപ്പോള്‍ കാമുകിയുടെ മനസ്സും കണ്ണും നിറഞ്ഞു … കാമുകന്‍ മെല്ലെ മെല്ലെ കഴിക്കാന്‍ തുടങ്ങി … മെല്ലെ മെല്ലെ കാമുകന്‍ കാമുകിയുടെ അടുത്ത് നിന്ന് നീങ്ങി മാറുന്നതായി കാമുകിക്ക് തോന്നി …

എങ്ങനെയുണ്ട് കൊള്ളാമോ ?? കാമുകി ആകാംക്ഷയോടെ ചോദിച്ചു … റവ ലഡ്ഡു ഇറക്കാന്‍ പാടുപെട്ടു കൊണ്ട് കാമുകന്‍ പറഞ്ഞു … “വളരെ നന്നായിട്ടുണ്ട് !!!!”


അതവരുടെ അവസാന കണ്ടുമുട്ടല്‍ ആയിരുന്നു … പിന്നീടൊരിക്കലും കാമുകന്‍ കാമുകിയെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം !!!


Monday, November 7, 2011

വിശ്വസിച്ചാലും ഇല്ലെങ്കിലും


ഒരു പഴയ പോസ്റ്റ്‌ റിപോസ്റ്റ് ചെയ്യുന്നു...


മഴപെയ്തു നനഞ്ഞ ഇടവഴി... അവളും കൂടുകാരി അശ്വതിയും സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബദ്ധപാടില്‍ നടക്കുകയാണ് .. പെട്ടെന്നാരോ പിറകില്‍ നിന്ന് വിളിക്കുന്നതായി അവള്‍ക്കു തോന്നി ... തിരിഞ്ഞു നോക്കാതിരിക്കാന്‍ തോന്നിയില്ല ...

ഒരു സ്ത്രീയും കുട്ടിയും അവളെ നോക്കി ചിരിച്ചു...

ട്ടപാച്ചിലില്‍ അവരോടു ചിരിക്കാന്‍ അവള്‍ മറന്നു .... പൊതുവേ ചിരിക്കാന്‍ അവള്‍ മടിച്ചിരുന്നു.... ക്ലാസ്സില്‍ മലയാളം ടീച്ചര്‍ "ഉതുപ്പാന്റെ കിണര്‍" തകര്ത്തെടുക്കുന്നു... പൊതുവേ മലയാളം സാഹിത്യത്തോട് താല്‍പ്പര്യമില്ലാത്ത അവള്‍ ജനലിലുടെ പുറത്തേക്കു നോക്കി... ആ സ്ത്രീയും കുട്ടിയും അവളെ നോക്കി ചിരിക്കുന്നു...
അവര്‍ ഇവിടെ എങ്ങനെ എത്തി??
അവള്‍ ചെറുതായൊന്നു ചിരിച്ചു... അശ്വതിയോട്‌ തിരിഞ്ഞു പറഞ്ഞു ആ സ്ത്രീയെ കുറിച്ച്.... അശ്വതി ജനലിലൂടെ പുറത്തേക്കു നോക്കി...
ആരും അവിടെ ഉണ്ടായിരുന്നില്ല!!!

പിന്നെയും അവള്‍ അവരെ കണ്ടു...
അവളെ കാണാനായി അവര്‍ എന്നും വരും....

അവള്‍ക്കു ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നതായി അവള്‍ അറിഞ്ഞു... അടുത്ത കൂട്ടുകാരിയായ അശ്വതി പോലും അവളെ പേടിച്ചു മാറി നില്‍ക്കുന്നു... ഒറ്റയ്ക്കിരിക്കുമ്പോള്‍ പലപ്പോഴും അവള്‍ വാവിട്ടു കരഞ്ഞു.... മുന്നില്‍ വച്ച ഭക്ഷണം തട്ടി തെറുപ്പിച്ചു ... എന്തൊക്കെയോ പിറുപിറുത്തു... രാവും പകലും ഉറങ്ങാതെ അവളിരുന്നു... സ്കൂളില്‍ പോക്ക് നിര്‍ത്തി... ള്ളിയിലെ ഉസ്താത് പ്രാര്‍ത്ഥിച്ചു കൊടുത്ത ചരടും കൈയ്യില്‍ കെട്ടി അവള്‍ വീട്ടിലിരുന്നു .. ആ ചരട് മുറിച്ചു കളയാന്‍ ആ സ്ത്രീയും കുട്ടിയും അവളോട്‌ പറയുന്നതായി അവള്‍ക്കു തോന്നി...

ദിവസങ്ങള്‍ പോയി...
ഒരു മാറ്റവുമില്ലാതെ അവള്‍ അലറി കരഞ്ഞു...
മഴയുള്ള ഒരു വൈന്നേരം..
കര്‍ക്കിടക മാസത്തിലെ അവസാനത്തെ മഴയാണെന്നു തോന്നുന്നു... വളരെ ശക്തിയായി മഴ സംഹാര താണ്ഠവമാടി... കറുത്ത വാവായിരുന്നു അന്ന്... മഴയുടെ ഏതോ നിമിഷത്തില്‍ ആ മാന്ത്രിക കോലത്തിനു മുന്നില്‍ അവള്‍ ഇരുന്നു... കണ്ണില്‍ ഇരുട്ട് കയറി... അവള്‍ അലറി കരഞ്ഞു... അവളിലെതോ ശക്തി പ്രവഹിക്കുന്നതായി അവള്‍ക്കു തോന്നി... മാന്ത്രിക കളത്തിലെ ചൂടില്‍ ... അവള്‍ എരിഞ്ഞടങ്ങാന്‍ പോകുന്നതായി അവള്‍ക്കു തോന്നി... കാലിട്ടടിച്ചും.. കൈയ്യിട്ടടിച്ചും അവള്‍ ദേഷ്യം തീര്‍ത്തു...

ജനലിലുടെ ഒരുപാടു കുഞ്ഞു തലകള്‍ അവളെ നോക്കി ഇരിക്കുന്നുണ്ട്...
പെട്ടെന്നായിരുന്നു അത് ...
ഒരുപാടു ശക്തിയോടെ മുടിയൊക്കെ അഴിച്ചിട്ടു അവള്‍ അലറി വിളിച്ചു...
ഒരു നിശ്ശബ്ദത...
ഏറെ നേരത്തെ നിശബ്ദതക്കു ശേഷം അവള്‍ ഒരു ഏമ്പക്കം വിട്ടു...
മെല്ലെ ആ മാന്ത്രിക കളത്തില്‍ അവള്‍ കിടന്നു...
മഴയുടെ ശക്തി കുറഞ്ഞു വന്നു... ചെറിയ ഒരു കാറ്റ് ഉള്ളിലെ ചൂടിനെ ചെറുതായി തണുപ്പിച്ചു...
മെല്ലെ അവള്‍ എഴുനേറ്റു... എന്തോ ഒരു പ്രകാശം അവളുടെ മുഖത്ത്... ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ അവള്‍ എല്ലാവരെയും നോക്കി ചിരിച്ചു...

മുന്നില്‍ വച്ചിരുന്ന കാഞ്ഞിര മുട്ടിയില്‍ ഒരു ആണി അടിച്ചിരുന്നു... അതും പൊക്കി മന്ത്രവാദി പറഞ്ഞു...
ബാലവാടിയുടെ അടുത്തുണ്ടായിരുന്ന കിണറ്റില്‍ ചാടി ചത്ത ടീച്ചര്‍ ആയിരുന്നു... മരിക്കുമ്പോള്‍ ഗര്‍ഭിണി ആയിരുന്നു... ഇനി ഒരു ശല്യവും ഉണ്ടാവില്ല... എല്ലാം ഞാന്‍ ശരിയാക്കിയിട്ടുണ്ട്...
ഒന്നും മനസിലാവാതെ അവള്‍ എല്ലാവരെയും തിരിഞ്ഞു നോക്കി...

ആരും ഒന്നും പറഞ്ഞില്ല... അടക്കിയ കരച്ചില്‍ ആയിരുന്നു ആ മുറി മുഴുവന്‍ ... ആരോ ചെയ്ത പാപം... അതിന്റെ പിഴ അനുഭവിച്ചത് അവളും... ഇന്നും എല്ലാവരും അവളോട്‌ ഒരു അകലം സൂക്ഷിക്കുന്നു... കുറച്ചു കാലം ഒരു പ്രേതം അവളുടെ കൂടെ കഴിഞ്ഞെന്നു ഓര്‍ക്കുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു ചിരി വിരിയും...

വാല്‍കഷ്ണം :

കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല... ഇതിനെ psychological disorder എന്നും പലരും പറയും... പക്ഷെ നാട്ടിന്‍ പുറങ്ങളില്‍ ഇന്നും ഇതിനെ ബാധ കൂടി എന്നാണു പറയാറ്... ഇതിനെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്... പ്രേതവും പുനര്‍ജന്മവും ഒന്നുമില്ല എന്ന് വിശ്വസിചിരുന്നപോഴാണ്... അശ്വതി ചേച്ചി ഈ കഥ പറഞ്ഞു തന്നത്... ഇന്നും ഇത് എന്റെ മുന്നില്‍ ഒരു mystery ആണ്... എനിക്കും അറിയില്ല എന്താണ് അവളില്‍ സംഭവിച്ചത് എന്ന് !!!