Friday, October 7, 2011

വേഴാമ്പല്‍




പ്രത്യേകതകളില്ലാത്ത ഒരു ദിവസം.. എഴുതിയിട്ട് ഒരുപാടായി.. ഒന്നും തന്നെ എഴുതാന്‍ തോന്നുന്നില്ല... ഇന്നിത്തിരി സെന്റി ലൈന്‍ ആവാം അല്ലെ??

മഹത്ത്വ പൂര്‍ണമായ 4 വര്ഷം ബി.ടെക് പഠിച്ചു തീര്‍ത്തു... പഠിച്ചോ? എന്ന് സൂക്ഷിച്ചു ചോദിച്ചാല്‍ ബ..ബ..ബ അടിക്കും... അതോണ്ട് പഠിച്ചു തീര്‍ത്തു എന്ന് പറഞ്ഞാല്‍ ശെരിയാവില്ല... കോളേജില്‍ പോയി 4 കൊല്ലം എന്ന് പറയാം... പോയിട്ടിപ്പോ എന്തോന്ന് കിട്ടി എന്ന് ചോദിച്ചാല്‍ ... കൈ മലര്ത്തുകയെ നിവര്ത്തിയുള്ളു... ശെരി കഷ്ടപ്പെട്ട് 4 കൊല്ലം അവിടെ വരെ പോയി വന്നില്ലേ ഈ കൊച്ചുങ്ങള്‍ എന്നൊരു സിമ്പതി ആര്‍ക്കും തന്നെ ഇല്ല... ബി.ടെക് പഠിച്ചിറങ്ങിയവര്‍ നേരിടുന്ന ആദ്യ ചോദ്യം!!!

1. നിങ്ങളുടെ കോളേജില്‍ ക്യാമ്പസ്‌ സെലക്ഷന്‍ വന്നില്ലേ ??
2. ജോലി ഒന്നും കിട്ടിയില്ലേ??
3. എന്താ ഇപ്പൊ വെറുതെ ഇരിക്കുകയാണോ വീട്ടില്‍ ??
4. അപ്പുറത്തെ വീടിലെ "x" ന്റെ മോന് ഇന്ഫോസിസില് ജോലി കിട്ടിയല്ലോ

നമ്മുടെ വീട്ടുകാര്‍ക്ക് പോലും ഉണ്ടാവില്ല ഇത്രയും ടെന്‍ഷന്‍ ...അപ്പൊ വിചാരിക്കും ഈ ചോദിക്കുന്ന വ്യക്തികളൊക്കെ... എന്നും ജോലിക്ക് പോയി സമ്പാദിച്ചു കൊണ്ടുവരുന്ന ആള്‍ക്കാരാണെന്ന്... പക്ഷെ... വീട്ടിലിരുന്ന സീരിയല്‍ കാണുന്നവര്‍ക്കാന് കൂടുതല്‍ ഇളക്കം... ഇപ്പോള്‍ എന്റെ ഓരോ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഈ ചോദ്യങ്ങള്‍ക്കിടയില്‍ ആണ്...

ഒരിക്കല്‍ രാഹുല്‍ പറഞ്ഞത് പോലെ... ഈ അവസ്ഥയെ നമുക്ക്... ഇല കൊഴിഞ്ഞ ഒരു മരവുമായി താരതമ്യം ചെയ്യാം ... കിളികളും കൂടുകളും ഒന്നും ഇല്ല ആ മരത്തില്‍ ... ഇനി ഒരു മഴയാണ് വേണ്ടത്... മണ്ണിനെ തണുപ്പിക്കാന്‍ മനസ്സിനെ തണുപ്പിക്കാന്‍ .. ഇനി ഇലകള്‍ വരേണ്ടി ഇരിക്കുന്നു... പൂക്കള്‍ വിരിയെണ്ടി ഇരിക്കുന്നു... ഒരു പാട് പുതിയ കിളികള്‍ വരണം.. കൂടുകൂട്ടണം.. അങ്ങനെ ആ മരം പടര്‍ന്നു പന്തലിക്കും... അപ്പോള്‍ ഞാന്‍ മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്ന വേഴാമ്പല്‍ ആണോ എന്ന് തോന്നാം... ആവാം... . വേഴാമ്പല്‍ എന്തിനാണ് മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്നത് എന്ന് അറിയുമോ??

വേഴാമ്പല്‍ ഒരുപാട് പ്രത്യേകതകള്‍ ഉള്ള ഒരു പക്ഷിയാണ്...
നവംബറില്‍ അവ ഇണയുമായി കൂട് തേടി നടക്കും... ആയുഷ്ക്കാലം മുഴുവന്‍ ഒരു വേഴാമ്പലിനു ഒരു ഇണ മാത്രമേ ഉണ്ടാകു.. ഒരു കൂടും ... കൂടിനു പറ്റിയ സ്ഥലം കണ്ടെത്തി കഴിഞ്ഞാല്‍ സ്വന്തം കാഷ്ടം ഉപയോഗിച്ചവ കൂട് ഉണ്ടാക്കും... പിന്നീട് അതില്‍ മുട്ടയിട്ടു... കൊക്ക് മാത്രം വെളിയിലിട്ടു മുട്ടയ്ക്ക് അട ഇരിക്കും...ഈ സമയം ആണ്‍ വേഴാമ്പല്‍ അമ്മയ്ക്കും കുഞ്ഞിനുമുള്ള പഴങ്ങള്‍ ശേഖരിക്കുകയാവും.. പിന്നീട് മാര്‍ച്ച്‌ മാസം... വേനല്‍ മഴ കാലത്ത് മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്ത് വരും...ഈ സമയം ന്റെ പ്രാണനാഥനെയും കാത്തു പെണ്‍ വേഴാമ്പല്‍ മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുകയാവും..

ഞാന്‍ അങ്ങനെ ഒരു പ്രാണനാഥന് വേണ്ടി കാത്തിരിക്കുന്നില്ല... ഒരു നനുത്ത മഴയ്ക്കായി...പുതുമഴ പെയ്യുമ്പോള്‍ മണ്ണില്‍ നിന്ന് വരുന്ന ണത്തിനായി... ആ കുഞ്ഞു നിമിഷത്തിനു വേണ്ടി മാത്രമായാണ് ഞാന്‍ കാത്തിരിക്കുന്നത്..