
അച്ഛന്റെ ചുന്ദരി ഉറങ്ങുന്നില്ലേ...
ഇല്ല...
അതെന്താ??
ഉറക്കം പോയി...
എവിടെ പോയി...
ദൂരെ ദൂരെ പോയി...
എപ്പോ വരും ഉറക്കം??
ഇപ്പം വരും...
അച്ഛാ ഒരു കഥ പറഞ്ഞു താ...
ഒരിടത്തു ഒരിടത്തു...
ഒരിടത്ത് ഒരിടത്ത് എന്ത് പറ്റി അച്ഛാ ???
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത്
കളിക്കാതെ പറ അച്ഛാ..
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്തൊരു....
പറ അച്ഛാ..
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്തൊരു...
ഒരു രാജാവ് ഉണ്ടായിരുന്നു...
രാജാവിന് രണ്ടു പെണ്മക്കള്‍ ഉണ്ടായിരുന്നു....
ഒരാള്‍ കഥ രണ്ടാമത്തെയാള്‍ മതി...
അപ്പോള്‍ രാജാവ് എങ്ങനെ രണ്ടു മക്കളെയും ഒന്നിച്ചു വിളിക്കും??
കഥ മതി...
അയ്യോ കഥ മതിയോ...
എന്നാ മോള് ഉറങ്ങു...
അങ്ങനല്ല... രാജാവ് കഥ മതിനു വിളിക്കുംനു...
രാജാവ് എങ്ങനെ വിളിക്കുമെന്ന്..
കഥ മതി...
മതിയോ കഥ എന്നാ... വേഗം ഉറങ്ങു...
അങ്ങനല്ല മോള് ചിണുങ്ങി
എന്റെ ചുന്ദരി മോള്‍ ഇന്ന് ഉറങ്ങുന്നില്ല... കരഞ്ഞു കരഞ്ഞു കിടക്കുകയാണ് ... തിരിഞ്ഞു കിടന്നു അവളുടെ അമ്മയും കരയുന്നു... എന്റെ പൊന്നു മോള്‍ക്ക് കഥ പറഞ്ഞു കൊടുക്കാനായി ഞാന്‍ അവളുടെ അരികത്തിരുന്നു... എന്റെ അതേയ് നെറ്റിയാ അവള്‍ക്കും... അവളെ മെല്ലെ തലോടി...
എനിക്കെന്റെ മോളെ തലോടാന്‍ കഴിയുന്നില്ല... എന്റെ കൈകള്‍ക്ക് എന്റെ മോളെ തൊടാന്‍ കഴിയുന്നില്ല... എനിക്കിനി ഒരിക്കലും എന്റെ മോളെ തൊടാന്‍ കഴിയില്ല... എന്റെ മോളെ ഉറക്കാന്‍ എനിക്കാവില്ല... അവള്‍ക്കു കഥ പറഞ്ഞു
കൊടുക്കാന്‍ എനിക്കാവില്ല...
ഇന്നെന്റെ മോള്‍ കരഞ്ഞത് ഒന്നിനുമല്ല... അടുത്ത വീട്ടിലെ മാളു പുറത്തു പോയി വന്നപ്പോള്‍ ക്രീം ബിസ്കറ്റ് വാങ്ങി കൊണ്ട് വന്നു... എന്റെ മോള്‍ വേണമെന്ന് പറഞ്ഞു വാശി പിടിച്ചു... അവളുടെ അമ്മ അവള്‍ക്കു അത് വാങ്ങി കൊടുത്തില്ല... മോളെ നീ ഇങ്ങനെ വാശി പിടിക്കരുത്... നമുക്കിനി ആരും ഇല്ല... നീ വാശി പിടിച്ചാല്‍ ഞാന്‍ എവിടെ
പോയി വാങ്ങാന ഈ രാത്രി... മോള്‍ ചിണുങ്ങി അകത്തേക്ക് പോയി...
എന്തിനാ അമ്മെ അച്ഛന്‍ നമ്മളെ ഇട്ടു പോയത് ..
. മോളോട് പിണങ്ങി പോയതാണോ ??
ഹേ ... മോള്‍ടെ അച്ഛന്‍ മോളോട് പിണങ്ങുമോ... മോള്‍ടെ അച്ഛന്‍ ദൈവത്തെ കാണാന് പോയതല്ലേ...
അച്ഛന്‍ ഇനി വരില്ലാ ലെ... അച്ഛനെ ഇനി നമുക്കു
കാണാന് പറ്റില്ലാ ലെ.. അച്ഛനെ ഇനി മോള്‍ക്ക് തൊടാന്‍ പറ്റില്ലാ ലെ..
എന്റെ മോള്‍ടെ കണ്ണ് നിറഞ്ഞു...
ഒരു നിമിഷം എനിക്ക് ദൈവം തിരിച്ചു തന്നിരുന്നെങ്കില്‍ ഞാന്‍ എന്റെ മോള്‍ടെ അടുത്തേക്ക് ഓടിച്ചെന്നു കെട്ടിപിടിച്ചു.. ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തേനെ...
അവളെ പ്രസവിച്ചപ്പോഴേ എല്ലാവരും പറഞ്ഞു... ഇവള്‍ അച്ഛന്‍ കുട്ടി ആണല്ലോ എന്ന്...
എന്റെ മോള്‍ ആണ് എനിക്കെല്ലാം...
അവള്‍ക്കിഷ്ടമുല്ലതെല്ലാം വാങ്ങി കൊടുത്തു... ഒരുപാടു സ്നേഹിച്ചു... ഓരോ ദിവസവും അവള്‍ക്കു ഒരുപാടു സന്തോഷം കൊടുക്കാന്‍ ഞാന്‍ ഓര്‍ത്തു...
പക്ഷെ ഇപ്പോള്‍ ഓരോ ദിവസവും എന്റെ മോള്‍ക്ക് ഓരോ കാരണമുണ്ട് കരയാന്‍ ...
ഇന്നലെ പറയുന്നത് കേട്ടു... .
ഡയറിയില്‍ പാരെന്റ്സ് നെയിം അമ്മേടെ പേര് എഴുതാന്‍ സിസ്റ്റര്‍ പറഞ്ഞു...അച്ഛന്റെ പേരിന്റെ അടുത്ത് ലേറ്റ് എന്ന് എഴുതണം എന്നും പറഞ്ഞു... അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നു...
മാളുന്റെ അച്ഛന്‍ അവളെ ഇന്ന് ബൈക്കിലാ സ്കൂളില്‍ കൊണ്ട് വന്നത്... ഇത് പറഞ്ഞു എന്റെ മോള്‍ അകത്തു ചെന്ന് എന്റെ ഫോട്ടോനോക്കി കുറെ നേരം നിന്നു...
കോളേജ് ജീവിതത്തിന്റെ ഇടയില്‍ ചുമ്മാ ഒരു രസത്തിനു തുടങ്ങിയതാ പുകവലി.. പിന്നീട് നിര്‍ത്തണം എന്ന് തോന്നിയില്ല... നിര്‍ത്തണം എന്ന് തീരുമാനം എടുത്തപ്പോഴേക്കും ഒരുപാടു വൈകി പോയിരുന്നു... ആ പുകവലി എന്നെ മാറാരോഗത്തിന് അടിമയാക്കിയിരുന്നു... ഞാന്‍ ആഘോഷിച്ചതിനെല്ലാം ഇന്ന് അനുഭവിക്കുന്നത് ഞാന്‍ ഏറ്റവും സ്നേഹിച്ച എന്റെ മോള്‍ ആണ്... എന്റെ മോള്‍ക്ക് എന്നെ ആവശ്യമുള്ളപ്പോള്‍ എനിക്കവളെ സ്നേഹിക്കാന്‍ കഴിയുന്നില്ല... വെറും ഒരു ക്രീം ബിസ്കറ്റ് ആണ് എന്റെ മോള്‍ ആഗ്രഹിച്ചത്... അതും എന്റെ മോള്‍ക്ക് നിഷേധിക്കപെട്ടിരിക്കുന്നു... എങ്ങനെയൊക്കെ ഞാന്‍ വളര്‍ത്തണം എന്ന് ആഗ്രഹിച്ചതാ... പക്ഷെ ഇന്ന്... ഞാന്‍ കാരണം എന്റെ മോള്‍ ... ഇനി ഒരു ജന്മം എന്റെ മോളെ സ്നേഹിച്ചു കൊതി തീര്‍ക്കാന്‍ ദൈവം എനിക്കായുസു തരട്ടെ...