Friday, December 16, 2011

ഉപദേശികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് !!

എന്താ കുട്ട്യേ ജോലി ഒന്നും ആയില്ലേ??
ജോലി കിട്ടീനു പറഞ്ഞിട്ട് പോയില്ലേ...
ഇപ്പൊ വീട്ടില്‍ തന്നെയാണല്ലേ...
ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എണീകുമ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഇതൊക്കെയാണ്.. ഇന്നത്തെ ചോദ്യത്തിന് ഇത്തിരി വ്യത്യാസം ഉണ്ട്...
"എന്താ വീട്ടിനുള്ളില്‍ അടയിരിക്ക്യാണോ"?
ദേവദാസ് അങ്കിള്‍ ആണ് ചോദിച്ചത്... ഈ ചോദ്യം കുഴപ്പമില്ല.. ഒന്ന് ലൈക്ക് ചെയ്തേക്കാം...
അല്ല അങ്കിള്‍ പനിയാ...
പനിയുടെ ആലസ്യത്തില്‍ വീണ്ടും പുതപ്പിനടിയിലേക്കു കയറി...
"നീ ഇങ്ങനെ തിന്നും കുടിച്ചും കിടന്നോ..."
"അല്ലാതെ ഞാന്‍ എന്ത് ചെയ്യാനാ"??
പനി പിടിച്ചു കൊച്ചിന്‍ ഹനീഫയുടെ ശബ്ദത്തില്‍ ഞാന്‍ തിരിച്ചടിച്ചു...
ഒന്നും ചെയ്യണ്ട... അമ്മ മുറുമുറുത്ത് കൊണ്ട് അകത്തേക്ക് കയറി
കുറെ ദിവസമായി ഓണ്‍ലൈന്‍ ആയിട്ട് ... മുല്ലപ്പെരിയാറിന് എന്ത് സംഭവിച്ചോ എന്തോ??
സിസ്റ്റം ഓണ്‍ ചെയ്തു...
"ആഹ.. തുടങ്ങിയോ വീണ്ടും... വീട്ടിലിരുന്നു ഇങ്ങനെ കറന്റ്‌ ചാര്‍ജ് കൂട്ടിക്കോ..."
ഈശ്വരാ!! ഉറങ്ങിയാല്‍ കുറ്റം... നീ ഇങ്ങനെ ഉറങ്ങിക്കോ എന്ന് പറഞ്ഞ്... എണീറ്റിരുന്നാല്‍ അതും കുറ്റം...
"അമ്മേ കുറെ ദിവസം ആയില്ലേ ഓണ്‍ലൈന്‍ കേറീട്ടു എന്തൊക്കെ സംഭവിച്ചുനു നോക്കട്ടെ..."
ഫേസ് ബുക്ക്‌ വഴി ഇടയ്ക്ക് ഇടയ്ക്ക് പുതുപുത്തന്‍ കുശുമ്പും നുണകളും അമ്മയ്ക്ക് എത്തിക്കുന്നത് കൊണ്ട്... അതില്‍ അമ്മയ്ക്കിതിരി താല്പര്യം ഉണ്ട്...
ഐഡിയ സ്റ്റാര്‍സിംഗ൪ കല്പനെടെ ഭര്‍ത്താവ് മരിച്ചിട്ടില്ല എന്ന ചൂടന്‍ വാര്‍ത്ത ഞാന്‍ ആണ് അമ്മെ അറിയിച്ചത്... ആദ്യം അതറിഞ്ഞു കുടുംബ ശ്രീയില്‍ വിളമ്പി ആളായതാണ് അമ്മ... ആ നന്ദി അമ്മയ്ക്ക് എന്നോടുണ്ട്... പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ന്റെ പാട്ടും ഞാന്‍ അമ്മയ്ക്ക് കാട്ടി കൊടുത്തു.. അതും കുടുംബ ശ്രീയില്‍ കൊണ്ട് കൊടുത്തു അമ്മ ഒരു ഡയലോഗും അടിച്ചു... നമ്മളൊകെ ഇന്റര്‍നെറ്റ്‌ യൂസ് ചെയ്യണം എന്നാലെ ലോകത്ത് എന്ത് നടക്കുന്നു എന്ന് അറിയാന്‍ റ്റൂ ... അമ്മ മെല്ലെ അടുത്ത് കൂടി...

മുല്ലപെരിയാര്‍ വിഷയം ചൂടാറി കൊണ്ടിരിക്കുന്നു... സന്തോഷ്‌ പണ്ഡിറ്റ്‌ നു ജനങ്ങള്‍ എന്തും ചെയ്യാനുള്ള ലൈന്‍സ് കൊടുത്തിരിക്കുന്നു... അത് കൊണ്ട് ഫേസ് ബുക്ക്‌ ആകെ പാടെ പ്രഭ പോയ മട്ടാണ്... പ്രിത്വിരാജിന്റെ അഹങ്കാരത്തിനും ഇപ്പോള്‍ സ്കോപ്പില്ല... ഇതൊക്കെ കൊണ്ടാ ഞാന്‍ പിടിച്ചു നിന്നിരുന്നത്... ഞാന്‍ കാരണം ആണ് പ്രിത്വിരാജ് നന്നായത് എന്നൊരു അഹങ്കാരം എനിക്കും വന്നു തുടങ്ങി... സന്തോഷ്‌ പണ്ഡിറ്റ്‌ നെ നന്നാക്കാന്‍ ഞാന്‍ നോക്കി... പക്ഷെ ഞാന്‍ തോറ്റു പിന്‍വാങ്ങി... മുല്ലപ്പെരിയാര്‍ പുതിയ ഡാം കെട്ടിപ്പിക്കാന്‍ ആയിരുന്നു പിന്നെ എന്റെ പ്ലാന്‍ ... ഞാന്‍ എന്റെ വീട്ടീനു മണല് കൊണ്ട് കൊടുക്കാം എന്ന് വരെ പറഞ്ഞു നോക്കി... ഒരു കുലുക്കവുമില്ല... ഉമ്മന്‍‌ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചിട്ടുണ്ട്... മറുപടി കിട്ടിയിട്ട് പറയാം എന്നായിരുന്നു മറുപടി... ഞാന്‍ അറിയാന്‍ മേലാഞ്ഞു ചോദിക്കുവാ... ഇവരൊക്കെ എന്തിനാ കത്തയക്കുന്നത്... ഫോണ്‍ ചെയ്തുടെ.... ചാറ്റ് ചെയ്തുടെ... കത്തയച്ചു കത്തയച്ചു അവര് തമ്മില്‍ ജീവിതം ആവാതിരുന്നാല്‍ മതി... ക്രിസ്മസ് ഒക്കെ ആയില്ലേ.. ഒരു കാര്‍ഡ്‌ കൂടി അയച്ചേക്കു... മറിയാമ്മ ചേടത്തിയുടെ പ്രത്യേക ശ്രദ്ധയ്ക്ക് കുഞ്ഞൂഞ്ഞിന്റെ മേലൊരു കണ്ണ് വേണം... അല്ലേല്‍ ഫെബ്രുവരി 14 വരുന്നുണ്ട്... ഇനി കണ്ടില്ല കേട്ടില്ലാന്നു പറയരുത്...

ഇമ്മാതിരി എത്രയെത്ര കാര്യങ്ങള്‍ എനിക്ക് ശ്രദ്ധിക്കാന്‍ ഇരിക്കുമ്പോഴാ... ജോലിക്ക് പോകണ്ടേ... വീട്ടില്‍ വെറുതെ ഇരിക്ക്യാണോ എന്ന് ചോദിച്ചു ഉപദേശികള്‍ രംഗത്ത് വരുന്നത്... മാഷെ എനിക്ക് നൂറു കൂട്ടം പരിപാടികള്‍ ഉണ്ട്... മുല്ലപെരിയറില്‍ ഒരു ഡാം ഉണ്ടാക്കണം... അത് കഴിഞ്ഞിട്ട് വേണം തുഛ വേദനം കിട്ടുന്ന നര്‍സുമാരുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ... ഇതെന്താ നിങ്ങള്‍ ഒന്നും മനസിലാക്കാത്തത്‌ !!!
ഇതിന്റെ ഒക്കെ ഇടയിലാ നമ്മടെ ബ്ലോഗ്‌ അണ്ണന്മാര് ... ഒരു കമന്റ്‌ ഇട്ടേക്കണേ എന്ന് പറഞ്ഞു വരുന്നത്... അവരെ നിരാശരാക്കാന്‍ പറ്റുമോ?? നിങ്ങള്‍ തന്നെ പറ.. .

നീ കമന്റ്‌ ഇട്ടു നടന്നോ... ഒരു ബ്ലോഗ്ഗെര്മാര് ... ഭാര്യ പെറ്റാലും .. മക്കള് തൂറിയാലും ഒക്കെ ബ്ലോഗ്ഗില്‍ എഴുതിക്കോളും ... അതിലും കുറ്റം പറയാന്‍ കുറേയെണ്ണം
"അതമ്മ പറയരുത് ..." ബ്ലോഗ്ഗെര്മാരെ പുച്ഛിക്കുന്നത് എന്നെ പുച്ഛിക്കുന്നതിനു സമം ആണ്...
പിന്നല്ലാതെ അവന്മാരൊക്കെ സ്വന്തം കാര്യം നോക്കീട്ടാ ബ്ലോഗ്‌ എഴുതി നടക്കണത്‌...
അങ്ങനെ വേണമെങ്കില്‍ പറഞ്ഞോ... എഴുതാന്‍ വച്ചിരുന്ന കമെന്റെല്ലാം ഞാന്‍ അമ്മയോടടിച്ചു തീര്‍ത്തു...

"അമ്മയറിഞ്ഞോ ... നമ്മുടെ വെറുതെ അല്ല ഭാര്യയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇല്ലേ... അയാള്‍ മോഷണ കേസിലെ പ്രതി ആയിരുന്നത്രെ"
ഇപ്പോള്‍ അയാളെ അതീന് മാറ്റി... ഒരു ബ്ലോഗില്‍ കണ്ടതാ
"ഏത് നമ്മുടെ ശ്വേത മേനോന്റെ പ്രോഗ്രാമ്മിലെയോ??"
"അതെന്നെ..."
"എനിക്കവനെ കണ്ടപ്പോഴേ തോന്നി..." (എന്റെ അമ്മയ്ക്ക് പലപ്പോഴും അങ്ങനെ തോന്നാറുള്ളത് കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല... ഇപ്പോഴത്തെ സാഹചര്യത്തിന് നിന്ന് കൊടുക്കുന്നതാ നല്ലത് )
ഇന്ന് കുടുംബ ശ്രീയില്‍ പറയാന്‍ പുതിയ ന്യൂസ്‌ കിട്ടിയത് കൊണ്ട് അമ്മ ഒന്ന് അടങ്ങി...
മെല്ലെ ബൂലോകത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം... നടത്തി...
ദാ വീണ്ടും വാതിലില്‍ ഒരു മുട്ട്
പേപ്പര്‍ മാമനാ..
"ആ കുറെ ആയല്ലോ കണ്ടിട്ട്... ഇപ്പോള്‍ എന്ത് ചെയ്യുന്നു??"
"കോഴ്സ് കഴിഞ്ഞു വെറുതെ ഇരിക്ക്യാ.."
"അതെന്താ ജോലിക്കൊന്നും പോണില്ലേ..."
"നോക്കുന്നുണ്ട്..."
"പെണ്‍കുട്ടികള്‍ വെറുതെ ഇരിക്കാന്‍ പാടില്ല... ജോലി ഒക്കെ നോക്കണം... ബാംഗ്ലൂരോക്കെ പോയാല്‍ നല്ല ചാന്‍സാ... എന്റെ മോന്‍ ഇപ്പൊ ബംഗ്ലൂരാ.."
ഈ പറയുന്ന ചേട്ടനെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം... അഞ്ചാറ് കൊല്ലം വായനോക്കി നടന്നതാ... അപ്പോള്‍ ആര്‍ക്കും ഒരു കുഴപ്പോം ഉണ്ടാരുന്നില്ല... രണ്ടു മാസം ഞാന്‍ ഇവിടെ ഇരുന്നപ്പോള്‍ ആര്‍കും ഒരു സമാധാനം ഇല്ല...
"ഞാന്‍ മോള്‍ടെ കാര്യം പറയാം... ബയോ ടാറ്റ അവനു അയച്ചു കൊടുത്തു നോക്ക്..."
സ്ഥിരം പല്ലവി... കുറെ അയച്ചിട്ടും മറുപടി ഒന്നും ഇല്ലാത്തതു കൊണ്ടും... ഞാന്‍ ചിരിച്ചു...
ജോലി ഇല്ലഞ്ഞിട്ടും ഒരു ബ്ലോഗ്‌ എഴുതാന്‍ പോലും സമയമില്ലാത്ത എന്നൊടാ വെറുതെ ഇരിക്ക്യാണോ എന്ന ചോദ്യം!!!
എനിക്ക് നൂറു കൂടം പരിപാടിയാ... രാവിലെ മുല്ലപ്പെരിയാര്‍.. ഉച്ചക്ക് അന്ന ഹസാരെ.. രാത്രി കമെന്റെഴുത്തു ... ഇതിനൊക്കെ ഒരു പരിഹാരം കണ്ടിട്ട് വേണ്ടേ എനിക്കെന്റെ കാര്യം നോക്കാന്‍ !!!