Wednesday, January 25, 2012

കുറച്ചു മുതിരയും കുറേ കുതിരകളും

അമ്മൂ കഴിഞ്ഞോ??
ഇല്ല...
ടീ പെണ്ണെ മതി..
ഇല്ല ഇനിയുമുണ്ട്..
"കുറെ നേരായി നീ എന്തെടുക്കുവാ?? ഇനി നാളെയാവാം..."
അവള്‍ വരുന്ന ലക്ഷണമില്ല
ഒരേ ഇരിപ്പാണ് ടോയിലെറ്റില്‍
എല്ലാ മനുഷ്യരും കൂടുതലും ചിന്തിച്ചു കൂട്ടുന്നത്‌ കക്കൂസിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുന്നാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... പല കണ്ടുപിടിത്തങ്ങള്‍ക്കും വഴിത്തിരിവായത്‌ ചിലപ്പോള്‍ കക്കൂസില്‍ ഉള്ള ഈ ഇരിപ്പയിരിക്കും...
ഞാന്‍ പൊക്കിയെടുത്തു അവളെ ടാപ്പിനടിയില്‍ നിര്‍ത്തി... എന്നിട്ട് ദയനീയമായി നിഷ ചേച്ചിയെ നോക്കി...
നിഷ ചേച്ചി കിടപ്പാണ്!!
ഒരു ബൈക്ക് ടിപ്പെറില്‍ ഇടിച്ചു എന്നാണ് ആളുകള്‍ ആദ്യം കരുതിയത്‌ പിന്നീടാണ്‌ തിരിച്ചറിഞ്ഞത് ബൈക്ക് നിഷ ചേച്ചിയെ ഇടിച്ചതാണ്... കുറച്ചു ഓട്ടോക്കാര്‍ ചേര്‍ന്ന് നിഷ ചേച്ചിയെ ഹോസ്പിറ്റലില്‍ ആകി .. ഇപ്പോള്‍ പ്ലാസ്റ്റെറിട്ടു കിടപ്പാണ്...
നിഷ ചേച്ചിയുടെ വേദനയില്‍ ഒന്ന് സന്തോഷിക്കാനും സമാധാനിപ്പിക്കാനും വീട്ടില്‍ നിന്ന് ഇറങ്ങി പുറപെട്ടപ്പോള്‍ എനിക്കീ ഗതി വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല... നിഷ ചേച്ചിയുടെ രണ്ടു മക്കളെ നോക്കണം.. അതാണെന്റെ ജോലി... നന്ദു രണ്ടാം ക്ലാസ്സിലും അമ്മുനു മൂന്നു വയസ്സും... രണ്ടു അണു ബോംബുകള്‍ .. എപ്പോള്‍ പൊട്ടിത്തെറിക്കുമെന്നു ആര്‍ക്കും പറയാന്‍ കഴിയില്ല
വിധി അല്ലാതെന്താ??

ദിവസവും ഗ്ളിസറിനും റോസ് വാട്ടെറുമോക്കെയിട്ടു മിനുസപ്പെടുത്തിയ കൈകളാണ് ഇന്ന് ആ ചന്തികള്‍ക്കിടയില്‍ ... ഞാന്‍ എന്റെ കൈകളെയും അവള്‍ടെ ചന്തിയും മാറി മാറി നോക്കി...
നീ ഇപ്പൊ എന്റെ കൊച്ചിന്റെ ചന്തി കഴുകിയാല്‍ ... ഭാവിയില്‍ നിനക്ക് കൊച്ചുണ്ടാകുമ്പോള്‍ ഞാനും അതിന്റെ ചന്തി കഴുകി തരാം...നിഷ ചേച്ചി ചിരിയടക്കി പറഞ്ഞു..
ഞാന്‍ അമ്മുനെ നോക്കി... അവള്‍ ഉടുപ്പ് പൊക്കി നില്ക്കാ ...അവള്‍ടെ ആ നില്‍പ്പ് കണ്ടപ്പോള്‍ പാവം തോന്നി... അങ്ങനെ രണ്ടും കല്‍പ്പിച്ചു ഞാന്‍ അത് ചെയ്തു...
ഇങ്ങനെ പോവുകയായിരുന്നു എന്റെ ഓരോ ദിവസങ്ങളും ... കൊച്ചു ടി.വി യുടെയും മഞ്ചാടിയുടെയും ഇടയിലുള്ള ദിവസങ്ങള്‍ ... രാവിലെ ഒമ്പത് മണിക്ക് എഴുനെറ്റിരുന്ന ഞാന്‍ രാവിലെ 5 മണിക്ക് എഴുന്നേറ്റു ല ല ല ല ല ല ല ല... മഞ്ചാടി എന്റെ അലാറം ആയി മാറി...
ഉറക്കമില്ലാത്ത രണ്ടു കൊച്ചുങ്ങള്‍ !!
ഞാന്‍ രൂക്ഷമായി അവളെ നോക്കി...
"ചങ്ങാതീ ... അയാള്‍ മരിച്ചെന്നു തോന്നുന്നു ..." വല്ല്യച്ചനെ ചൂണ്ടിയാണ് അവള്‍ പറഞ്ഞത് ...
ദൈവമേ ഞാന്‍ ഓടി ചെന്നു ...
വല്ല്യച്ചനു ഒന്നും സംഭവിച്ചിട്ടില്ല!!
"ഈ കുരുത്തംകെട്ടവള്‍ .."
"അവള്‍ അങ്ങനാ ആര് ഉറങ്ങി കിടക്കുന്ന കണ്ടാലും ഇങ്ങനെ പറയും ... മഞ്ചാടി എഫ്ഫക്റ്റ്‌..."
നിഷ ചേച്ചി പറഞ്ഞു
അച്ഛനിട്ട് തന്നെ വേണം എഫെക്റ്റ് കാണിക്കാന്‍ ...ഞാന്‍ ഓര്‍ത്തു

അവള്‍ക്കു ചുറ്റും മൂത്രം തളം കെട്ടി കിടന്നു...
"നിനക്ക് മൂത്രം ഒഴിക്കാന്‍ മുട്ടുമ്പോ പറഞ്ഞുടെ..."
എവിടുന്നു അനക്കമില്ല... രണ്ടു ഉണ്ട കണ്ണുകളും സ്ക്രീനില്‍ തന്നെ
അവള്‍ടെ വിചാരം ജെട്ടി ഇടുന്നത് മൂത്രമൊഴിക്കാന്‍ ആണെന്നാണ് ...
എണീറ്റ് ഹാളില്‍ ചെന്നപ്പോള്‍ അവിടെ അതിലും മേളം ... കൊച്ചു ടി.വി ... അതിന്റെ മുന്നിലാ നന്ദു ...
പട പേടിച്ചു പന്തളത് പോയപ്പോ പന്തം കൊളുത്തി പട!!
ഇതിലും ഭേദം മഞ്ചാടിയാ ... ഞാന്‍ അമ്മുന്റെ ഒപ്പം കൂടി
കാളിംഗ് ബെല്‍ കേട്ടപ്പോള്‍ അമ്മുവാണ്‌ ഓടിചെന്നത് ...
ഇതാര് കുട്ടൂസനോ ??
ദൈവമേ പത്രകാരനോടാ അവള്‍ടെ ചോദ്യം ... അയാള്‍ ഒന്നും മിണ്ടീല ...
നിഷ ചേച്ചി ഇതുങ്ങളെ എങ്ങനെ ശ്രിഷ്ടിചെടുത്തു ... ഇവര് 1947 നു മുന്പ് ജനിച്ചിരുന്നെങ്കില്‍ ബ്രിട്ടീഷുകാര്‍ എപ്പോ നാട് വിട്ടെന്ന് ചോദിച്ചാല്‍ മതി... അത്രയ്ക്കും ഉണ്ട് രണ്ടിന്റേം കൈയ്യില്‍ ...
ഇങ്ങോട്ട് വാ എന്ന് പറഞ്ഞാല്‍ നല്ല അനുസരണയോടെ അവര്‍ അങ്ങോട്ട്‌ പോകും ...
കരുതി കൂട്ടിയാണ് അമ്മ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ... ഇതെനിക്കൊരു ദുര്‍ഗുണ പരിഹാര പാഠശാലായാണ് ...
ഉറങ്ങിയും ടി.വി ഒക്കെ കണ്ടു അ൪മാദിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ ... മഞ്ചാടി, കൊച്ചു ടി.വി , പോഗോ തുടങ്ങിയവയില്‍ ഒതുങ്ങി ... രാവും പകലും ഇല്ലാതെ എന്റെ ചെവികളില്‍ ല..ല..ല..ല മുഴങ്ങി !!

ഇതൊക്കെ പോട്ടെ... എത്രയോ ചുള്ളന്മാര്‍ എന്നെ പരിഹസിച്ചു നടന്നു നീങ്ങി... അമ്മുനേം കൊണ്ട് നന്ദുനെ വിളിക്കാന്‍ ചെന്നതാ ഞാന്‍ .. ഒരു പവയേം ബാഗുമൊക്കെ അവള്‍ കൈയ്യില്‍ എടുത്തപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല... കുട്ടികളല്ലേ... പക്ഷെ... അതിനെനിക്കു കിട്ടി... നടു റോഡ്‌ ആയപോള്‍ ആ പാവയെ അവള്‍ എന്നെ കൊണ്ട് എടുപ്പിച്ചു ... അവള്‍ടെ വാവയെ ഞാന്‍ എടുക്കണം പോലും... എസ്. എന്‍ കോളേജിലെ ചുള്ളന്‍ മാരുടെ മുന്നില്‍ ഒരു അപഹാസ്യ രൂപമായി ഞാന്‍ നിന്നു... അത്രയും ദിവസം അഹങ്കാരത്തോടെ ഒരു എറി കണ്ണൊക്കെ ഇട്ടു നടന്ന ഞാന്‍ ... ഇന്നൊരു കൂറ പാവയും പിടിച്ചു റോഡ്‌ സൈഡില്‍ .. ഈശ്വരാ ഭൂമി പിളര്‍ന്നു ഞാന്‍ താഴോട്ട് പോയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയ നിമിഷം!!

എന്റെ ശിക്ഷ കാലാവധി കഴിഞ്ഞു ഞാന്‍ തിരിച്ചു പോകാനുള്ള ദിവസം അടുത്ത് വന്നു ... പക്ഷെ ... അമ്മുനേം നന്ദൂനേം വിട്ടു തിരിച്ചു പോരാന്‍ എനിക്ക് തോന്നുന്നില്ല ... അവരുടെ കുസൃതികളും വഴക്കുകളും ഒക്കെയായി ദിവസങ്ങള്‍ പോയത് ഞാന്‍ അറിഞ്ഞില്ല ... ഇതിനിടയ്ക്ക് വല്ല്യമ്മ എനിക്ക് മുന്നില്‍ പുതിയ പാചക പരീക്ഷണങ്ങളുമായി എത്തി എന്നെ ഞെട്ടിച്ചു കൊണ്ടേ ഇരുന്നു ...
ഇന്ന് നമുക്ക് മുതിര വച്ച് ഒരു കറി ഉണ്ടാക്കാം!!
വല്ല്യമ്മേടെ അടുത്ത പരീക്ഷണം
മുതിര കുതിര തിന്നുന്നതല്ലേ ... എനിക്കൊരു സംശയം
അല്ല മനുഷ്യരും തിന്നും മുതിര ആരോഗ്യത്തിന് നല്ലതാ... ഞാന്‍ വന്നത് തൊട്ടു എന്നെ നന്നാക്കി എടുക്കാന്‍ വല്ല്യമ്മ പഠിച്ച പണി പതിനെട്ടും എടുക്കുന്നുണ്ട് .. വല്ല്യമ്മ വിടുന്ന ലക്ഷണമില്ല... അങ്ങനെ മുതിര പുഴുങ്ങല്‍ പ്രക്രിയയില്‍ ഞങ്ങള്‍ മുഴുകി ... പുഴുങ്ങിയിട്ടും പുഴുങ്ങിയിട്ടും മുതിര വേവുന്നില്ല ... ആ യുദ്ധത്തില്‍ അവസാനം മുതിര തന്നെ ജയിച്ചു ... പാതി വെന്ത മുതിര വല്ല്യമ്മ ഞങ്ങള്‍ക്ക് വിളമ്പി .... എന്താണെന്നറിയില്ല നിഷ ചേച്ചി മാത്രം കഴിച്ചില്ല... ഡൈറ്റിങ് ആണെന്ന് പറഞ്ഞു ഒഴിഞ്ഞു (ഞങ്ങളെ തനിച്ചു അനുഭവിക്കാന്‍ വിടുകയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞില്ല )

ആദ്യത്തെ ലക്ഷണം കണ്ടു തുടങ്ങിയത് അമ്മുവിലാണ് ... അവള്‍ടെ വയറു പുകയുന്നത് ഞങ്ങള്‍ മണത്തറിഞ്ഞു ,,,
എന്താ അമ്മുട്ടി ഒരു മണം ??
നാന്‍ ഒരു കുച്ച്ബു വിട്ടതാ ... അവള്‍ കൊഞ്ചി
ഓടടീ കക്കൂസിലേക്ക് ...
അങ്ങനെ ഓരോരുത്തര്‍ ലണ്ടനിലേക്ക് വന്നും പോയും ഇരുന്നു... ഓരോ ഇടിമുഴക്കം കേള്‍ക്കുമ്പോഴും ഞങ്ങള്‍ പരസ്പരം പറഞ്ഞു...
മുതിരയാ മുതിര...
അവസാനം എന്റെ ടേണ്‍ ആയി... തുടക്കം ശര്ദിലില് ആയിരുന്നു ... പിന്നെ പിന്നെ ഇന്കമിങും ഔട്ട്ഗോയിങും ഫ്രീ ആയി ...
കക്കൂസില്‍ ഒരു ജാലിയന്‍ വാലാ യുദ്ധം തന്നെ നടന്നു...
വെള്ളം തീരുമ്പോ തീരുമ്പോ മോട്ടോര്‍ അടിച്ചു കൊണ്ടേ ഇരുന്നു... നിഷ ചേച്ചിയെ ഞങ്ങള്‍ അസൂയയോടെ നോക്കി...ഭാഗ്യം നിഷ ചേച്ചി തിന്നാതിരുന്നത് ...അല്ലേല്‍ കാലു വയ്യാത്ത നിഷ ചേച്ചിയെ ഞങ്ങള്‍ എന്ത് ചെയ്തേനെ... ബാക്കി ഞങ്ങള്‍ എല്ലാം വയറും തടവി നടന്നു...
നാളെ എനിക്ക് വീട്ടില്‍ പോകാനുള്ളതാ ... ഞാന്‍ ദയനീയമായി പറഞ്ഞു...
നമുക്ക് ഒരു കോര്‍ക്ക് വച്ചടയ്ക്കാം ... നിഷ ചേച്ചി പറഞ്ഞു
ഒരു കോര്‍ക്കിനും മുല്ലപ്പെഴിയാര്‍ ഡാം പൊട്ടുമ്പോള്‍ തടുക്കാനാവില്ല...
ഒരു ഗ്രൂപ്പ്‌ ആയി ഞങ്ങള്‍ ഡോക്ടറെ കാണാന്‍ പോയി ... അമ്മു തൊട്ടു വല്ല്യച്ചന്‍ വരെ ... വയര്‍ തടവിയത് കണ്ടു ഡോക്ടര്‍ ചോദിച്ചു "എന്താ പ്രത്യേകിച്ച് കഴിച്ചത്?"
ഞങ്ങള്‍ വല്ല്യമ്മയെ നോക്കി...
മുതിര!!!
വല്ല്യമ്മ മെല്ലെ പറഞ്ഞു...
ചിരിക്കണോ സഹതപിക്കണോ എന്നറിയാതെ ഡോക്ടര്‍ ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കി... അങ്ങനെ ഇഞ്ചക്ഷനും ORS ഉം ഒക്കെ ആയി ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി . ..മെല്ലെ മെല്ലെ ആളി കത്തല്‍ കെട്ടടങ്ങുന്നു ... ഇടയ്ക്കിടെ മുക്കലും മൂളലും മാത്രം... പല ശബ്ദങ്ങളും പലരും പുറപ്പെടുവിച്ചു ... ആരും ആരെയും കളിയാക്കീലാ . ..
മുതിരയാ മുതിരാ ...
ഞങ്ങള്‍ ഒന്നിച്ചു നെടുവീര്‍പ്പിട്ടു ...
പിറ്റെന്നു രാവിലെ എല്ലാം ശാന്തമായി ....
തിരിച്ചു പോരേണ്ട ദിവസമായി . .. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും എല്ലാവരുടെയും കണ്ണ് നിറഞ്ഞു ... എനിക്ക് ട്രെയിനില്‍ ഇരുന്നു തിന്നാന്‍ ചോറെടുതപ്പോ വല്യമ്മ മെല്ലെ ചോദിച്ചു.. കുറച്ചു മുതിര കൂടി വയ്ക്കട്ടെ ...
വേണ്ടെന്നും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്കോടി.!