
എഴുതാനിരിക്കുമ്പോള്‍ ഒരു നിസ്സംഗത...എഴുത്ത് നിര്‍ത്തിയാലോന്നു പലപ്പോഴും ചിന്തിച്ചു... എന്റെ സൃഷ്ടികള്‍ എന്റെ ഹൃദയത്തില്‍ തന്നെ കുമിഞ്ഞു കൂടുന്നു...ഒന്നിനെയും ഒരു വഴിയിലെത്തിക്കാന്‍ എനിക്കായില്ല ...ചാപിള്ളയെ പെറ്റിട്ട തള്ളയെ പോലെ പലതിനെയും ഞാന്‍ തിരിഞ്ഞു നോക്കാതെ ചവറ്റുകൊട്ടയിലിട്ടു... ഒരിക്കല്‍ പോലും മനുഷ്യ സ്പര്‍ശ മേല്ക്കാത്ത ജീവനാണ് ആ മഞ്ഞ ചട്ടയുള്ള ബുക്കില്‍ നെടുവീര്‍പ്പിടുന്നത്...
ഒരിക്കല്‍ എന്റെ കഥയിലെ ആല്‍ബര്‍ട്ട് എന്നോട് ചോദിച്ചു "അല്ലയോ സൃഷ്ടാവേ താങ്കള്‍ എന്തിനാണ് ഞങ്ങളെ ഇങ്ങനെ തളച്ചിടുന്നത്..ഒരിക്കല്‍ എങ്കിലും ഞങ്ങളെ വെളിച്ചം കാണിക്കു...വെളുത്ത പേജിലെ കുറുക്കിയെടുത്ത കറുത്ത അക്ഷരമാക്കു ഞങ്ങളെ...ഓ.വി.വിജയന്റെ അപ്പുക്കിളിയെ പോലെയോ... ഉറൂബിന്റെ ഉമമാച്ചുനെ പോലെയോ... കാരൂരിന്റെ ഉതുപ്പാനെ പോലെയോ ആളുകള്‍ ഞങ്ങളെയും കുഴിച്ചു മൂടട്ടെ..."
ഇല്ല !!! കുഴിച്ചു മൂടാന്‍ വിധിക്കപ്പെട്ടവനല്ല ആല്‍ബര്‍ട്ട് ...ആര്‍ക്കും വായിച്ച ശേഷം ചവച്ചരയ്ക്കാനുള്ളവനല്ല എന്റെ ആല്‍ബര്‍ട്ട് ... അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സങ്കല്‍പ്പിച്ചെടുക്കാന്‍ ഉള്ളവനല്ല അവന്‍ ...അവനെ അടുത്തറിയാതെ പലരും അവനെ കൊലപാതകിയെന്നോ കള്ളുകുടിയെനെന്നോ വിളിച്ചു അതിക്ഷേപിക്കും...അവന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാകും... അവനു കോടതി കേറേണ്ടി വരും... അവന്റെ ഹൃദയശുദ്ധി ആരും തിരിച്ചറിയില്ല... എനിക്ക് മാത്രമേ അവനെ കാണാന്‍ കഴിയു... ഞാന്‍ ആണ് അവനെ മനസിലിട്ട് വളര്‍ത്തിയത്...മീശ ഇല്ലാത്ത അവന്റെ മുഖം വാര്‍ത്തെടുക്കാന്‍ ഏകദേശം ആറു മാസം ഞാന്‍ എടുത്തു... ഓരോ ഖണ്ഠിക എഴുതുമ്പോഴും അവനു നോവാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു... ഇന്നും ഞാന്‍ അവനെ കപടരായ നഗരത്തിനു മുന്നില്‍ വിട്ടു കൊടുത്തിട്ടില്ല... അവന്‍ എന്റെ പുസ്തകത്തിനുള്ളില്‍ സുരക്ഷിതനാണ് ഒരിക്കലും മറ്റൊരാളുടെ കണ്ണില്‍ പെടാന്‍ ഞാന്‍ അവനെ അനുവദിച്ചിട്ടില്ല... വായന ഫാന്റെസി മാത്രമാക്കിയവര്‍ ചിലപ്പോള്‍ അവനെതിരെ ജാമ്യമില്ലാ വാറന്റ് അയക്കും... കാരണം അവര്‍ക്ക് മുന്നില്‍ അവന്‍ കൊലപാതകിയാണ്.... വിശുദ്ധി നഷ്ടപെട്ട സ്വന്തം മോളെ കഴുത്ത് ഞെരിച്ചു കൊന്ന അച്ഛനാണ്... ഒരിക്കലും ആല്‍ബര്‍ട്ട് കരഞ്ഞിരുന്നില്ല...മകളെ കുഴിയിലെക്കെടുക്കുമ്പോള്‍ പോലും ചളി പറ്റിയിരുന്ന അവളുടെ കാല്‍നഖങ്ങള്‍ ഒന്ന് തുടയ്ക്കുക മാത്രമാണ് ചെയ്തത്...
ആല്‍ബര്‍ട്ടിനെ പ്രസവിച്ചിട്ടപ്പോള്‍ ഒരിക്കലും എനിക്ക് കുറ്റബോധം തോന്നിയില്ല അവനെ എടുത്തിട്ടപ്പോള്‍ ഒരു നുള്ള് ചോര മാത്രം ആ പേജില്‍ വീണു... അത് തുടച്ചു മാറ്റാന്‍ ഞാന്‍ തുനിഞ്ഞില്ല... അവനു മനുഷ്യ രക്തത്തിന്റെ മണം വേണം...ആരുടെയും കുറ്റപെടുത്തലുകളും പ്രോത്സാഹനങ്ങളും ഏറ്റു വാങ്ങാതെ അവന്‍ ജീവിക്കണം...അവന്‍ അറിയാതെ തന്നെ അവന്‍ ജീവിക്കണം...