Thursday, June 3, 2010

ഓര്‍മകള്‍

സ്കൂള്‍ തുറന്നു... ഇന്ന് ചന്തു ആദ്യമായി സ്കൂളില്‍ പോവുകയാണ്... ഇന്ന് ഉച്ച വരെയുള്ളൂ... പുതിയ ബാഗും, പുതിയ കുടയും, പുതിയ ഉടുപ്പുമൊക്കെ ഇട്ടു അവനെ ഒരുക്കി നിര്‍ത്തി ... സ്കൂളില്‍ ഇന്ന് മിട്ടായി കിട്ടും എന്ന ഏക പ്രതീക്ഷയിലാണ് അവന്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങുന്നത്... അവന്റെ മുഖത്ത് നോക്കിയപ്പോ പണ്ട് മലയാളത്തില്‍ പഠിച്ച ഒരു പാഠം ആണ് ഓര്‍മ വന്നത് "ഉണ്ണിക്കുട്ടന്‍ സ്കൂളില്‍" ... അതില്‍ രാവിലെ എണീറ്റ്‌ ചേച്ചിയും അനിയനും ബഹളമാ സ്കൂളില്‍ പോകാന്‍.... എന്റെ വീട്ടിലും അത് പോലെ ആയിരുന്നു...

രാവിലെ എണീപ്പിക്കാന്‍ തന്നെ അമ്മയും പപ്പയും ഒരുപാടു കഷ്ടപ്പെടും... മിക്കവാറും രാവിലെ എണീറ്റാല്‍ ആയിരിക്കും എട്ടന് ഓര്‍മ വരുക "ഹോം വര്‍ക്കിന്റെ" കാര്യം... പിന്നെ അമ്മയും ഏട്ടനും യുദ്ധമായിരിക്കും... ഞാന്‍ എന്തോ പണ്ട് നല്ല കുട്ടി ആയിരുന്നു... സ്കൂള്‍ വിട്ടു വന്നാല്‍ ഉടന്‍ എല്ലാ ഹോം വര്‍ക്കും ചെയ്തു തീര്‍ക്കും ... അതെന്തു കൊണ്ടാണെന്ന് എനിക്കിത് വരെ മനസിലായിട്ടില്ല... അന്നൊന്നും ഞങ്ങള്‍ടെ വീട്ടില്‍ ടി.വി ഉണ്ടായിരുന്നില്ല അത് കൊണ്ട് രാവിലെ തന്നെ പപ്പ റേഡിയോ വയ്ക്കും... റേഡിയോ യിലെ ഓരോ പ്രോഗ്രാം അനുസരിച്ചായിരുന്നു ഞങ്ങള്‍ ഓരോന്ന് ചെയ്യുന്നത്... വാര്‍ത്തകള്‍ തുടങ്ങുമ്പോള്‍ ചേട്ടന്‍ കുളിക്കാന്‍ കേറും അത് കഴിഞ്ഞാല്‍ ഞാന്‍ ... ചലച്ചിത്ര ഗാനം തുടങ്ങുമ്പോ രണ്ടു പേരും ഭക്ഷണം കഴിക്കും... നല്ല രസമായിരുന്നു... നാലാം ക്ലാസ്സ്‌ വരെ ഞങ്ങള്‍ കെ.പി.ആര്‍ .പി സ്കൂളില്‍ ആണ് പഠിച്ചത്... വാന്‍ ഉണ്ട് സ്കൂളിലേക്ക് പോകാന്‍ .. വീടിന്‍റെ മുന്നില്‍ വാന്‍ വരും... എന്നും വാനിന്‍റെ മുന്‍ സീറ്റില്‍ രാധ മിസ്‌ ഉണ്ടാവും... കരഞ്ഞു വാശി പിടിച്ചു നില്‍ക്കുന്ന എന്നെ വണ്ടിയിലേക്ക് എടുത്തിടുകയാണ്‌ ചെയ്യാറ്... കൂട്ടിലകപെട്ട കിളിയെ പോലെ ഞാന്‍ ജനലിലൂടെ അമ്മയെ ദയയോടെ നോക്കും... പിന്നെ ഒരു ബഹളമായിരിക്കും സ്കൂള്‍ എത്തുന്നത് വരെ...