Saturday, September 12, 2009

ജീവന്റെ മരം


ഏതോ ദേഷ്യത്തില്‍ ജനല്‍ പാളിയിലൂടെ കാറ്റടിച്ചു വരുന്നുണ്ട്... മഴത്തുള്ളികള്‍ എഴുതികൊണ്ടിരിക്കുന്ന പേപ്പറില്‍ വഴുതി വീണു... നനഞ്ഞ പേജില്‍ എഴുതുമ്പോള്‍ മഷി പടരുന്നുണ്ട്... അതേതോ വികൃത ചിത്രമായി മാറി... പണ്ട് ആരോ പറഞ്ഞു കേട്ടിരുന്നു കടലാസില്‍ മഷി കുടഞ്ഞു മടക്കി വച്ച് നിവര്‍ത്തി നോക്കിയാല്‍ കാണുന്നത് പൂര്‍വജന്മ രൂപമാണെന്നു.. ഇന്ന് ഞാന്‍ ചെയ്യുന്നത് അത് തന്നെ... വെറുതെ കടലാസില്‍ മഷി കൊണ്ട് എന്തൊക്കെയോ കുത്തികുറിച്ചു മടക്കി കളയുന്നു... ആ ചവറ്റുകൊട്ടയില്‍ കാണാം എന്റെ പൂര്‍വജന്മ രൂപങ്ങള്‍ ...


കാറ്റത്ത്‌ തെറിച്ചു വീണ നനഞ്ഞ ഇല... വാകയുടെ ഇലയാണ്... പച്ചനിറം മാഞ്ഞിട്ടില്ല എന്നാല്‍ മഞ്ഞ നിറം അതില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു... അതിലെ ഞരമ്പുകള്‍ നടുവിലെ വലിയ കമ്പിയില്‍ നിന്ന് ഇലയുടെ അറ്റം തേടി പോയിരിക്കുന്നു... അതില്‍ പല നീളത്തില്‍ ഉള്ളവയുണ്ട് ചില ഞരമ്പുകള്‍ നേര്‍വഴിയെ അറ്റത്തെത്തിയിരിക്കുന്നു മറ്റു ചിലത് എളുപ്പത്തില്‍ അറ്റം എത്താന്‍ കുറുക്കുവഴി ഉപയോഗിച്ചിരിക്കുന്നു... ചിലതാണെങ്കിലോ ഇതുവരെ അറ്റം കണ്ടെത്താനാവാതെ പാതിവഴിയില്‍ തിരിഞ്ഞു നോല്‍ക്കി നില്‍ക്കുന്നു... എന്നെ പോലെ..

എന്നത്തേയും പോലെയല്ല ഇന്നത്തെ മഴ... ഇത് അവസാനിക്കുന്നില്ല... മറിച്ച് വളരെ ശക്തമായി തിരിച്ചു വരികയാണ്‌... രാത്രിയിലെ ഓരോ നിഗൂ ചലനങ്ങളേയും ഭംഗം വരുത്താനാണ് ഈ മഴ പെയ്യുന്നത്... ആരെല്ലാമോ ഇടയ്ക്കു അട്ടഹസിക്കുന്നു... ആരോ ഒരാള്‍ ചങ്ങലവലിച്ചു ഇടവഴിയിലുടെ നടന്നു പോകുന്നു ആ ശബ്ദം എന്റെ കാതുകളെ കീറിമുറിച്ചു ... എഴുതിയത് മതിയാക്കി ഞാന്‍ കിടന്നു... ഇന്നലെ എന്റെ തൊട്ടടുത്ത്‌ കിടന്നിരുന്ന ആള്‍ മരണത്തെ അറിയുന്നത് ഞാന്‍ അടുത്തറിഞ്ഞിരുന്നു... അവസാനമായി അയാള്‍ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ എന്നെ നോക്കി ചിരിച്ചു... ഇന്നലെ അയാള്‍ ജീവിതത്തിന്റേയും മരണത്തിന്റെയും നൂല്‍ കമ്പിയില്‍ നില്‍ക്കുമ്പോഴും ഇതേ മഴ ആയിരുന്നു... മഴയ്ക്കൊരു മാറ്റവുമില്ല... ഏതോ വേദന ഞാന്‍ അറിഞ്ഞു... നൈമിഷികമായിരുന്നു അത്...


എനിക്ക് കാണാം എന്റെ ജീവന്‍ എന്നില്‍ നിന്നകലുന്നത്... രണ്ടു വെളുത്ത കുതിരകളെ പൂട്ടിയ വണ്ടിയില്‍ അതിങ്ങനെ ഇരുണ്ട വഴിയിലുടെ യാത്ര ചെയ്യുന്നു... രണ്ടു ഭാഗവും ഉയര്‍ന്ന മതിലുകളാണ്... വെളിച്ചം തീരെ ഇല്ല... കുതിരയുടെ കണ്ണിലെ പ്രകാശം മാത്രം... ഒരു നാല്‍ക്കവലയില്‍ അത് ചെന്നവസാനിച്ചു... വലതു വശത്തുള്ള വഴി ഫ്രഞ്ച് കോളനി ആണെന്ന് തോന്നുന്നു... കുതിര ആ വഴിയിലേക്കു തിരിഞ്ഞപ്പോള്‍ ഒരു വീടിന്റെ വലിയ ജനല്പാളിയിലൂടെ ഒരു തല പുറത്തേക്കു വന്നു.. നിറയെ വെളുത്ത മുടിയും പൂച്ചക്കണ്ണുകളുമുള്ള ഒരു തടിച്ച കിളവി... അവര്‍ ആ കുതിരയ്ക്ക് നേരെ കല്ലെറിഞ്ഞു... കുതിരയെ ആട്ടി ഓടിച്ചു... ഇടതു വശത്തുള്ള വഴിയിലേക്കു തിരിഞ്ഞപ്പോള്‍ ഒരു കൂട്ടം സ്വതന്ത്ര സമര സേനാനികള്‍ പോകുന്നുണ്ട്... അവരുടെ കൈയ്യിലുള്ള കൊടി നേരിയ വെളിച്ചത്തില്‍ കാണാം... എന്നാല്‍ മെല്ലെ അതും ഇല്ലാതായി... ദൂരെ ഒരു മല... അവിടെ എന്തോ പ്രകാശം?
അതേ!! മറവു ചെയ്യാന്‍ കഴിയാതിരുന്ന ശവങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ് ... അവയിലെ പൊന്നും പൊടിയും തേടി രണ്ടു മൂന്നു കള്ളന്മാര്‍ ടോര്‍ച്ചുമായി പതുങ്ങി ഇരിപ്പുണ്ട്.. ഊരാന്‍ മറന്നു പോയ ആഭരണങ്ങള്‍ വല്ലതും ശവത്തിന്റെ ദേഹത്തുണ്ടോ എന്ന് തപ്പി നോക്കുകയാണ്... ആ കള്ളന്മാര്‍ കുതിരയ്ക്കുനേരെ കല്ലെറിഞ്ഞു ... ആ വഴിയിലുടെ കുതിരയ്ക്ക് പോകാന്‍ സ്ഥലമില്ല അത്രയ്ക്ക് വീതിയെ അതിനുള്ളൂ...വീണ്ടും നേരെ നടന്നു.. മതിലിന്റെ നീളവും ഉയരവും കൂടികൊണ്ടേ ഇരുന്നു... അറ്റം കാണാത്ത യാത്ര... നേരിയ മഞ്ഞു... മെല്ലെ മെല്ലെ മതില്‍ പാളികള്‍ അകന്നു മാറി... ഒരു കുഞ്ഞു നക്ഷത്രതിന്റെ വെളിച്ചം...ആ വെളിച്ചത്തില്‍ ഞാന്‍ കണ്ടു...ആ മരം...ആ വല്ല്യ മരം...ഇത്ര വല്ല്യ മരം ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ കണ്ടിട്ടില്ല...ആ മരത്തില്‍ ഒരുപാടു ചില്ലകള്‍ ... നിറയെ വെളിച്ചം...


ആ മരം അങ്ങ് ദൂരെയാണ് അതിനടുത്തേക്ക് എത്തണമെങ്കില്‍ ഇനിയും ഒരുപാടു സഞ്ചരിക്കണം... കുതിരകള്‍ നടത്തം വിട്ടു ഓട്ടം തുടങ്ങി... ആരെയോ തോല്പ്പിക്കാനെന്നവണ്ണം കുതിരകള്‍ അതിവേഗത്തില്‍ ഓടി... ഒരുപാടു കുളമ്പടികള്‍ കേള്‍ക്കുന്നു... പിന്നില്‍ ആരുമില്ല... പിന്നെ എവിടെ നിന്നാണ് ഇത്രയും ശബ്ദം..? ചെവികള്‍ കീറിമുറിച്ച്‌ കൊണ്ട് ആ ശബ്ദം കടന്നു പോയി... കുതിരകളുടെ വേഗം കൂടി വന്നു... ഇരുട്ടിന്റെ കാഠിന്യം കുറഞ്ഞും.. എങ്ങും പ്രകാശം... ഒരു വല്ല്യ മരം... ചുറ്റും വെളിച്ചം... ഞാന്‍ തിരിച്ചറിഞ്ഞു... അതെ ഇതാണ് ആ മരം ജീവന്റെ മരം!!!