Saturday, June 19, 2010

വായനാ വാരം



പേന തെളിയാതെ വന്നപ്പോള്‍ എഴുതി നോക്കാന്‍ ഒരു പേപ്പര്‍ കീറി എടുത്തു... ഒരു പാട് നേരം കുത്തിവരച്ചിട്ടും പേന തെളിയുന്നില്ല... കമ്പനിയുടെ പേര് വ്യക്തമല്ലാത്ത ഒരു പേന... ദുബായില്‍ നിന്ന് വന്ന ഒരു സുഹൃത്ത്‌ കൊണ്ട് തന്നതാണ്... അത് കൊണ്ടാവാം മലയാളം എഴുതാന്‍ അതിനൊരു അമാന്തം... ആ പേപ്പര്‍ തിരിച്ചു നോക്കിയപ്പോള്‍ "യുവപ്രഭാത് വായനശാല വായനാവാരം ആചരിക്കുന്നു"... വ്യ്കിട്ടു വായനശാലയില്‍ പോകണമെന്ന് കരുതി... മഴ അതിനെ തടസ്സപ്പെടുത്തി.. അതൊരു കാരണം മാത്രമായിരുന്നു... പോകാമായിരുന്നു എന്ന് പിന്നെ തോന്നി... മഴ ഉള്ളത് കൊണ്ട് വേഗം ഇരുട്ടവും.. പിന്നെ തനിച്ചു പാടത്തുടെ വരണം... പക്ഷെ പണ്ട് ഞാന്‍ ഇങ്ങനെ ഒരു കാരണങ്ങളും ഉണ്ടാക്കാറില്ലായിരുന്നു പോകാതിരിക്കാന്‍ വേണ്ടി..

എല്ലാ വെള്ളിയാഴ്ചയും ൈവകിട്ട് അതൊരു പതിവായിരുന്നു... വായനശാലയിലെ ഷെല്‍ഫിലെ ഒരു വിധം എല്ലാ ബുക്കും എനിക്ക് പരിചിതമായിരുന്നു... ആ സമയത്തായിരുന്നു അയല്‍ക്കാരും, മയ്യഴിപുഴയുടെ തീരത്തും, ഖസാക്കിന്‍റെ ഇതിഹാസവുമൊക്കെ വായിച്ചിരുന്നത്... ഖസാകിന്റെ ഇതിഹാസം വായിച്ച ശേഷം ഓ.വി യോടുള്ള ആരാധന കലശല്‍ ആയിരുന്നു.. പക്ഷെ എന്നും എന്‍റെ ആരാധനപാത്രം എം.ടി യാണ്... പിന്നീട് ഓ.വിയുടെതായി വായിച്ചതു ധ൪മ്മപുരാണമായിരുന്നു...ആദ്യ പേജ് വായിച്ചതും അമ്പരന്നു പോയി... എന്‍റെ പ്രായത്തിനു അത് വായിക്കാനുള്ള പക്വത ആയിട്ടില്ലെന്ന് തോന്നി... വായിക്കാനും അറിയാനും അന്നൊരു ആവേശമായിരുന്നു...പുനത്തിലിന്റെ "മരുന്ന്" വായിച്ച ശേഷമാണു ഞാന്‍ ആ സത്യം തന്നെ തിരിച്ചറിഞ്ഞത് മൃഗങ്ങള്‍ക്ക് അവര്‍ക്കുണ്ടാകാന്‍ പോകുന്ന അസുഖങ്ങളെ കുറിച്ച് ഒരു മുന്‍ ധാരണ ഉണ്ട്... വയറു വേദന എടുക്കുന്നു എന്ന് തോന്നുമ്പോഴാണ് പൂച്ചകള്‍ പച്ചിലകള്‍ തിന്നരു...അതോടെ ആ അസ്വസ്ഥതയും പോകും...ഞാന്‍ അതിനു മുന്പ് ആലോചിച്ചിരുന്നു എന്‍റെ കിങ്ങിണി എന്തിനാന്നു പച്ചിലകള്‍ തിന്നുന്നത് എന്ന് (കിങ്ങിണി എന്‍റെ പൂച്ചയാണ്..)

ഇന്നിപ്പോള്‍ ഒന്നിനും സമയമില്ല... സമയം ഞാന്‍ ഉണ്ടാക്കുന്നതില്ല എന്നതാണ് സത്യം...ഇപ്പോള്‍ ആകെ വായിക്കുന്നത് ഫോണില്‍ വരുന്ന മെസ്സേജുകള്‍ മാത്രമാണ്... പലപ്പോഴും ഇന്ന് മലയാളം തന്നെ എന്ഗ്ലിഷിലാണ് എഴുതാറ്.. ൈവശാഖിേനാട് മെസ്സേജ് ചെയ്യുമ്പോള്‍ മാത്രമാണ് പലപ്പോഴും മലയാളത്തിന്‍റെ പ്രസരം കൂടാറു... അര്‍ത്ഥ ശൂന്യമായ കുറെ വാക്കുകള്‍ കൊണ്ടൊരു യുദ്ധം... രണ്ടു പേരുടെയും പദ സമ്പത്തുകള്‍ തെളിയിക്കാനുള്ള ബദ്ധപ്പാടിലായിരിക്കും... ഈ ഇടയ്ക്ക് "comfortable" എന്ന വാക്കിന്‍റെ മലയാളത്തിനായി ഞാന്‍ ഒരുപാടു ആലോചിച്ചിരുന്നു എന്നോട് തന്നെ ലജ്ജ തോന്നി എനിക്ക്... വായിക്കുന്ന കൂട്ടുകാരും വിരളമാണ് .... എല്ലാവരും "harry potter","twilight"വായിക്കുന്നവര്‍ ആണ്... അതും ഞങ്ങള്‍ മോഡേണ്‍ ആണെന്ന് കാണിക്കാന്‍ വേണ്ടി മാത്രം... എനിക്ക് മലയാളത്തോടാണ് ബ്രഹ്മം... പിന്നെ ആകെ ഉള്ളത് സുജിതാണ്... പക്ഷെ ഞങ്ങള്‍ രണ്ടുപേരുടെയും എഴുത്തിനോടുള്ള സമീപനം വ്യത്യസ്തമാണ്... വല്ലാത്ത കാല്പനികത ഇഷ്ടപെടുന്ന ടൈപ്പ് ആണ് അവന്‍... പക്ഷെ ഞാന്‍ ബഷീറിന്‍റെ സൈഡ് ആണ്... നമ്മുടെ പദ സമ്പത്ത് തെളിയിക്കാന്‍ ഉള്ളതാവരുത് എഴുത്ത്.. നമ്മുടെ ആശയം ലളിതമായി മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടതാണ് എഴുത്ത്... "അര്‍ക്കന്‍ തന്‍റെ രേശ്മികളാല്‍ ഭൂമിയെ തഴുകിയപ്പോള്‍ ഞാന്‍ എന്‍റെ കണ്പോളകള്‍ പതിയെ തുറന്നു" എന്ന് അവന്‍ എഴുതുമ്പോള്‍ "പതിവ് പോലെ ഇന്നും ഞാന്‍ എണീറ്റു..." എന്ന് ഞാന്‍ എഴുതും... കാര്യം ഒന്നാണ് പക്ഷെ അവതരണം രണ്ടാണ്... പക്ഷെ മുഖ്യം വായന ആണ് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ
വായിച്ചാലും വളരും
വായിച്ചില്ലെലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും

Friday, June 18, 2010

തനിയെ...


അവന്‍ എന്നെ കരയിപ്പിക്കും എന്നറിഞ്ഞാലും ഞാന്‍ ആ കളി ഇഷ്ടപെട്ടിരുന്നു... ഇടവഴിയിലൂടെ കുടയില്‍ അവന്‍റെ കൂടെ ഓടുക... മഴയുടെ കാഠിന്യം കൂടി ഇരുട്ട് മൂടുമ്പോള്‍ ആ വഴിയില്‍ എന്നെ തനിച്ചാക്കി അവന്‍ ഓടി മറയുക... അവനെ പ്രതീക്ഷിച്ചു ഞാന്‍ ആ മഴയില്‍ നില്‍ക്കും....


 അവന്‍ വരില്ലെന്ന് തിരിച്ചറിയുമ്പോ തിരിച്ചു പോവുക... ഓരോ മഴക്കാലം വരുമ്പോഴും കുടയില്‍ കേറാന്‍ അവന്‍ ക്ഷണിക്കുമ്പോഴും എനിക്കറിയാം... ഈ വഴിയില്‍ എവിടെയോ ഞാന്‍ ഉപേക്ഷിക്കപെടുമെന്നു... എങ്കിലും അവന്‍റെ കൂടെ മഴയെ അറിഞ്ഞു പോകാന്‍ എനിക്കിഷ്ടമായിരുന്നു... എത്ര കരഞ്ഞാലും അവന്‍റെ ആ വര്‍ണ്ണ കുടയില്‍ മഴയത്ത് നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു...


 അവനൊരു കൌതുകം മാത്രമായിരുന്നു എന്‍റെ കണ്ണീര്‍ ... മഴ തുള്ളികല്‍ക്കൊപ്പം തുള്ളി കളിക്കുന്ന ചെറു തുള്ളികള്‍.... അത്രമാത്രമായിരുന്നു അവനു എന്‍റെ കണ്ണുനീര്‍... ചിലപ്പോള്‍ ആ കണ്ണുനീര്‍ അവന്‍ ഇഷ്ടപെട്ടിരിക്കാം അത് കൊണ്ടാവാം അവന്‍ ആ കളി ഇഷ്ടപെട്ടിരുന്നത്... തിരിച്ചറിവ് ആകുന്ന ഒരു ദിവസം ഞാന്‍ ആ കളി നിര്‍ത്തുമെന്ന് അവന്‍ ഓര്‍ത്തിരിക്കില്ല... ആ മഴയും ആ വര്‍ണ്ണ കുടയും നഷ്ടങ്ങള്‍ മാത്രമായിരുന്നു എനിക്ക്... പക്ഷെ നഷ്ടങ്ങള്‍ ആണല്ലോ എന്നും ലാഭങ്ങളുടെ വില നമ്മെ അറിയിക്കുന്നത്...

Tuesday, June 8, 2010

അവസാനം...

എഴുതാന്‍ തുടങ്ങുമ്പോള്‍ ഒരു ആവേശമാണ്... എന്തൊക്കെയോ എഴുതണമെന്നു തോന്നും... തുടങ്ങി കഴിഞ്ഞാല്‍ എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ ഒരു വീര്‍പ്പുമുട്ടലാണ്‌... എന്‍റെ പല കഥകളുടെയും അവസാനം മഹാ ബോറാണെന്ന് എനിക്ക് തന്നെ പലപ്പോഴും തോന്നീട്ടുണ്ട്... അവസാനിപ്പിക്കാന്‍ വേണ്ടി ഒരു അവസാനം.. സത്യത്തില്‍ ഒന്നും അവസാനിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല ഒന്നും... അവസാനമില്ലാതെ എഴുതുക... വാക്കുകള്‍ കിട്ടാതെ ആവുമ്പോള്‍ കുറെ കുത്തുകളില്‍ അവസാനം കണ്ടെത്തുന്ന ആളാണ് ഞാന്‍ ...

ഒരാള്‍ നല്ല എഴുത്തുകാരനവുന്നത് അയാളുടെ കൃതിക്ക് നല്ല അവസാനം കിട്ടുമ്പോഴാണ്... ആ അവസാനതിലയിരിക്കും കഥയുടെ ഭംഗി... പലപ്പോഴും നമ്മളും പലതും ഓര്‍ത്തു തുടങ്ങുന്നത് അവസാനത്തില്‍ നിന്നാണ്..."അവസാനിക്കുന്നിടത്ത് നിന്ന് പുതിയത് തുടങ്ങണം".. അതാണ്‌ പ്രകൃതി നിയമം... അവസാനിപ്പിക്കാന്‍ അറിയാത്ത ഞാന്‍ എങ്ങനെ പുതിയത് തുടങ്ങും?? അപ്പോള്‍ തുടക്കം എനിക്ക് എന്നും വിദൂര സ്വപ്നം മാത്രമാണ്... ഇതും ഇവിടെ അവസാനിക്കുന്നില്ല ഒരു തുടക്കം കിട്ടുന്നത് വരെ തുടരും...

Thursday, June 3, 2010

ഓര്‍മകള്‍

സ്കൂള്‍ തുറന്നു... ഇന്ന് ചന്തു ആദ്യമായി സ്കൂളില്‍ പോവുകയാണ്... ഇന്ന് ഉച്ച വരെയുള്ളൂ... പുതിയ ബാഗും, പുതിയ കുടയും, പുതിയ ഉടുപ്പുമൊക്കെ ഇട്ടു അവനെ ഒരുക്കി നിര്‍ത്തി ... സ്കൂളില്‍ ഇന്ന് മിട്ടായി കിട്ടും എന്ന ഏക പ്രതീക്ഷയിലാണ് അവന്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങുന്നത്... അവന്റെ മുഖത്ത് നോക്കിയപ്പോ പണ്ട് മലയാളത്തില്‍ പഠിച്ച ഒരു പാഠം ആണ് ഓര്‍മ വന്നത് "ഉണ്ണിക്കുട്ടന്‍ സ്കൂളില്‍" ... അതില്‍ രാവിലെ എണീറ്റ്‌ ചേച്ചിയും അനിയനും ബഹളമാ സ്കൂളില്‍ പോകാന്‍.... എന്റെ വീട്ടിലും അത് പോലെ ആയിരുന്നു...

രാവിലെ എണീപ്പിക്കാന്‍ തന്നെ അമ്മയും പപ്പയും ഒരുപാടു കഷ്ടപ്പെടും... മിക്കവാറും രാവിലെ എണീറ്റാല്‍ ആയിരിക്കും എട്ടന് ഓര്‍മ വരുക "ഹോം വര്‍ക്കിന്റെ" കാര്യം... പിന്നെ അമ്മയും ഏട്ടനും യുദ്ധമായിരിക്കും... ഞാന്‍ എന്തോ പണ്ട് നല്ല കുട്ടി ആയിരുന്നു... സ്കൂള്‍ വിട്ടു വന്നാല്‍ ഉടന്‍ എല്ലാ ഹോം വര്‍ക്കും ചെയ്തു തീര്‍ക്കും ... അതെന്തു കൊണ്ടാണെന്ന് എനിക്കിത് വരെ മനസിലായിട്ടില്ല... അന്നൊന്നും ഞങ്ങള്‍ടെ വീട്ടില്‍ ടി.വി ഉണ്ടായിരുന്നില്ല അത് കൊണ്ട് രാവിലെ തന്നെ പപ്പ റേഡിയോ വയ്ക്കും... റേഡിയോ യിലെ ഓരോ പ്രോഗ്രാം അനുസരിച്ചായിരുന്നു ഞങ്ങള്‍ ഓരോന്ന് ചെയ്യുന്നത്... വാര്‍ത്തകള്‍ തുടങ്ങുമ്പോള്‍ ചേട്ടന്‍ കുളിക്കാന്‍ കേറും അത് കഴിഞ്ഞാല്‍ ഞാന്‍ ... ചലച്ചിത്ര ഗാനം തുടങ്ങുമ്പോ രണ്ടു പേരും ഭക്ഷണം കഴിക്കും... നല്ല രസമായിരുന്നു... നാലാം ക്ലാസ്സ്‌ വരെ ഞങ്ങള്‍ കെ.പി.ആര്‍ .പി സ്കൂളില്‍ ആണ് പഠിച്ചത്... വാന്‍ ഉണ്ട് സ്കൂളിലേക്ക് പോകാന്‍ .. വീടിന്‍റെ മുന്നില്‍ വാന്‍ വരും... എന്നും വാനിന്‍റെ മുന്‍ സീറ്റില്‍ രാധ മിസ്‌ ഉണ്ടാവും... കരഞ്ഞു വാശി പിടിച്ചു നില്‍ക്കുന്ന എന്നെ വണ്ടിയിലേക്ക് എടുത്തിടുകയാണ്‌ ചെയ്യാറ്... കൂട്ടിലകപെട്ട കിളിയെ പോലെ ഞാന്‍ ജനലിലൂടെ അമ്മയെ ദയയോടെ നോക്കും... പിന്നെ ഒരു ബഹളമായിരിക്കും സ്കൂള്‍ എത്തുന്നത് വരെ...