Monday, July 4, 2011

ആമിക്കൊപ്പം...


ഇന്ന് എനിക്ക് കൂട്ട് ആമി ആയിരുന്നു... ആമിടെ കൂടെ ഇന്നത്തെ ദിവസം.. ഒരുപാടു കഥകള്‍ ആമി എന്നോട് പറഞ്ഞു.. അവരുടെ കുട്ടിക്കാലം... കൊല്‍ക്കട്ടയിലെ ജീവിതം ... നാലപ്പാട്ടെ താമസം... ആദ്യാനുരാഗം... ആദ്യ ചുംബനം... ഒരു സ്ത്രീക്കും ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് ഇവയെല്ലാം... എന്നും നെഞ്ചോടു ചേര്‍ത്ത് ഓര്‍മ്മിക്കാന്‍ പ്രിയപെട്ടവ... പിന്നെ എന്ത് കൊണ്ടാണ് മാധവി കുട്ടി എന്റെ കഥ എഴുതിയപ്പോള്‍ ഇത്ര പ്രക്ഷോഭങ്ങള്‍ ഉണ്ടായത് എന്ന് എനിക്ക് മനസിലാകുന്നില്ല... സ്ത്രീക്കായി പണിതു വച്ച ചട്ട കൂട് വലിച്ചെറിഞ്ഞു കൊണ്ടാവാം മാധവി കുട്ടി എന്റെ കഥയുമായി വന്നത്... ഒരിക്കലും സ്ത്രീക ള്‍പുറത്തു പറയരുത് എന്ന് പുരുഷന്‍ ആഗ്രഹിച്ചിരുന്ന പലതും തുറന്നു പറഞ്ഞതാവാം മാധവി കുട്ടി ചെയ്ത തെറ്റ്... എന്നും അടിച്ചമാര്തപെടാന്‍ ആയി വിധിക്കപെട്ടവളാണ് സ്ത്രീ... തന്റെ പ്രണയം പോലും അവള്‍ക്കു നിഷിദ്ധമാണ്... ഇപ്പോഴും പുരുഷന്റെ താല്പ്പര്യങ്ങല്‍ക്കനുസരിച്ചു അവള്‍ അവളുടെ അഭിരുചികള്‍ മാറ്റികൊണ്ടേയിരിക്കുന്നു ... കാലങ്ങള്‍ എത്ര മാറിയിട്ടും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറിച്ചു സ്ത്രീ എന്നും വെട്ടയാടപെട്ടു കൊണ്ടേ ഇരിക്കുന്നു... ഇന്ന് ഒരു തസ്നി ഭാനു നാളെ വേറൊരാള്‍ ... പ്രതികരിക്കുന്നവര്‍ എന്നും സമൂഹത്തിനു മുന്നില്‍ തെറ്റുകാരികളും...

എന്നും ജീവിതത്തില്‍ നഷ്ടപെടുന്നതും സ്ത്രീക്കാണ്... രാധയെ വിട്ടു കൃഷ്ണന്‍ മധുരയ്ക്ക് പോയി... അദ്ദേഹം വാക്ക് പാലിച്ചില്ല അവളെ കാണാന്‍ തിരിച്ചു വന്നില്ല.. ത്യജിക്കപ്പെട്ട രാധയുടെ ആത്മാവാണ് ഓരോ സ്ത്രീയിലും കുടി കൊള്ളുന്നത്‌... മധുരയില്‍ കിരീടം ധരിച്ചു വാഴുന്ന രാജാവിനെ അന്വേഷിക്കലാണ് അവളുടെ ജീവിതം... അദ്ദേഹത്തില്‍ തന്റെ സ്മരണ പുനരുജ്ജിവിപ്പിക്കുവാന്‍ അവള്‍ യത്നിച്ചു കൊണ്ടേയിരിക്കും... ഇന്നും എവ്ടെയൊക്കെ രാധമാര്‍ ഉണ്ട്.. തന്റെ കൃഷ്ണനേം കാത്തു അവര്‍ ജീവിക്കുന്നു... ചിലപ്പോള്‍ ഒരു അടുക്കക്കകത്തു... അല്ലെങ്കില്‍ ഒരു മൊബൈല്‍ ഫോനിനടുത്തു...ഒരു കമ്പ്യുട്ടെറിനു മുന്നില്‍ ... ഓരോ രൂപത്തില്‍ ആണെന്ന് മാത്രം... പക്ഷെ കൃഷ്ണന്‍ മധുരയില് രാജാവായി വാഴുകയാണ്... രാധയെ മറന്നു.. പുതിയ സുഘാ സൌകര്യത്തില്‍ ... പക്ഷെ എന്നും രാധയുടെ പേര് കൂട്ടിചെര്ത്തിരിക്കുന്നത് കൃഷ്ണനോടൊപ്പം മാത്രം... പുതിയൊരു ജീവിതം രാധയ്ക്കു മാത്രം ഇല്ല... പുരാണങ്ങള്‍ തൊട്ടു സ്ത്രീ എന്നും നഷ്ടങ്ങള്‍ ഏറ്റു വാങ്ങി കൊണ്ടേ ഇരിക്കുന്നു...

Saturday, July 2, 2011

എന്റെ കഥ


ഒരുപാട് വായിക്കാന്‍ ആണ് ഈ ദിവസങ്ങള്‍ ഞാന്‍ ഉപയോഗിക്കുന്നത്.. എന്റെ ഒരു പ്രിയപ്പെട്ട കൂടുകാരന്‍ എനിക്ക് സമ്മാനിച്ച ഒരു പുസ്തകമാണ് എനിക്കിപ്പോള്‍ കൂട്ട് .. ഇംഗ്ലീഷ് പുസ്തകമാണ്.. 2 states... ചേതന്‍ ഭഗത് എന്ന എഴുത്തുകാരന്റെ പ്രത്യേകതയായി എനിക്ക് തോന്നിയത് ഒരു visual tour ആണ്.. എഴുത്തിലൂടെ അദേഹം നമ്മളെ ഒരാളുടെ ജീവിതത്തിലൂടെ യാത്ര ചെയ്യിപ്പിക്കും..എപ്പോഴും വായിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം വായിച്ച കാര്യങ്ങള്‍ ചിന്തിക്കുന്നതാ. അവരില്‍ ഒരുവളായി ആ കഥയുടെ അവസാനം വരെ ഞാനും ജീവിക്കുന്നു.. ഓരോ നോവല്‍ വായിച്ചു തീരുമ്പോഴും പലപ്പോഴും എന്റെ കണ്ണുകള്‍ നിറയും... അവസാനത്തെ പേജുകള്‍ എത്തുംതോറും എന്റെ ഹൃയദമിടിപ്പ് കൂടും.. ഒരക്കലും ഇത് അവസാനിക്കല്ലേ എന്ന് തോന്നി പോകും... നമ്മളെ മറന്നു വേറൊരാള്‍ ആയി ജീവിക്കുന്നത് ഒരു സുഖമുള്ള അവസ്ഥയാണ്... വായിക്കുമ്പോള്‍ പാട്ടു കേള്‍ക്കുന്നതും എനിക്കിഷ്ടമാണ്...2 states വായിക്കുമ്പോള്‍ ഞാന്‍ കേട്ടിരുന്നത് engeyum kaathal എന്ന തമിഴ് ചിത്രത്തിലെ പാടായിരുന്നു.. ധിമു ധിമു ധിം.. എന്ന ഗാനം... അത് കൊണ്ട് തന്നെ ആ പാട്ട് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലൂടെ കൃഷും അനന്യയും കടന്നു വരുന്നു... ആ പാട്ടിനോട് എനിക്കൊരു വ്യ്കാരിക ബന്ധം അത് കൊണ്ട് തന്നെ തോന്നിയിരുന്നു... തികച്ചും വിരസമായ ദിവസങ്ങളാണ് കടന്നു പോകുന്നത്... ഒന്നും ചെയ്യാന്‍ ഇല്ലാതെ എന്ത് ചെയ്യണം എന്ന് ചിന്തിച്ചു കൊണ്ട് തള്ളിക്കളയുന്ന ദിവസങ്ങള്‍ ... പുസ്തകങ്ങളുമായി ഉറങ്ങി പുസ്തകങ്ങളുമായി എഴുന്നെല്‍ക്കുന്ന ദിവസങ്ങള്‍ ... ഓരോ ദിവസവും ഓരോ ജീവിതങ്ങളെ ഞാന്‍ അടുത്തറിയുന്നു...

തോന്നലുകള്‍

ഇന്നത്തെ തോന്നലുകള്‍ പലതാണ്.. ഇന്നെന്റെ മനസ്സിനെ വിശ്രമമേ ഇല്ലായിരുന്നു... ഓരോ ചിന്തകള്‍ തികട്ടി വന്നു കൊണ്ടേ ഇരുന്നു... ഒരു എഴുത്തുകാരന് എന്നും തോന്നലുകള്‍ ആണ് വേണ്ടത്... അനുഭവങ്ങള്‍... ഒരുപാടു വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് എന്നും നല്ല കൃതിയായി പുറത്തു വരുന്നത് .. എന്റെ ജീവിതത്തിലെ ഒരു കാലം കഴിഞ്ഞു... പുതിയൊരു കാലത്തേക്കുള്ള ചുവടു വയ്പ്പാണ് ഇനിയുള്ള ദിവസങ്ങള്‍ ...കഴിഞ്ഞ കാലം മായാതെ മനസ്സില്‍ കിടക്കുന്നു ... എനിക്കേറ്റവും പ്രിയപെട്ടവയൊക്കെ ഇന്ന് നഷ്ടങ്ങളാണ് .. എന്തെന്നറിയില്ല.. കലുഷിതമാണ്‌ മനസ്സ്.. തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ ആവുമ്പോഴുള്ള വെമ്പല്‍ ... പിന്നീടു എടുത്ത തീരുമാനം ശെരിയാണോ എന്നറിയാതെ ഒരുതരം വിങ്ങല്‍ ..

Tuesday, May 31, 2011

കാത്തിരിപ്പ്‌..


രാത്രിയുടെ ഏതോ നാഴികയില്‍ ... നിശബ്ദ താളത്തില്‍ ഇരുട്ട് എന്റെ കണ്ണിലേക്കു അരിച്ചിറങ്ങി ... തണുത്തു വിറച്ച ഒരു ശരീരം മാത്രമായി ഞാന്‍ ... എനിക്ക് തണുക്കുന്നു എന്ന് അറിഞ്ഞിട്ടാവണം ... എന്നെ ആരോ പുതപ്പിച്ചു... ചന്ദനത്തിരിയുടെ രൂക്ഷമായ ഗന്ധം... എന്റെ ചുറ്റും ആ ഗന്ധം... ആ ഗന്ധം എനിക്ക് ഇഷ്ടമാവുന്നില്ലെന്നു അറിഞ്ഞിട്ടാവണം .. ആരോ ഒരു തുണ്ട് പഞ്ഞി എന്റെ മൂക്കില്‍ വച്ച് തന്നു... ആ മണം മെല്ലെ മാറി തുടങ്ങി... നേരിയ ഏങ്ങലടികള്‍ കേള്‍ക്കുന്നു... പടികയറി ആരൊക്കെയോ വരുന്നു... ആളുകള്‍ വന്നു കയറുമ്പോള്‍ ... ആ ഏങ്ങലടികള്‍ കൂട്ട കരച്ചില്‍ ആകുന്നു... ഞാന്‍ ആരെയും ശ്രദ്ധിച്ചില്ല... ഞാന്‍ കാത്തിരുന്നത് അവനെ ആയിരുന്നു... അവന്‍ വരാതിരിക്കില്ല... എന്റെ ശരീരത്തെ അവസാനമായി കാണണം എന്ന് അവനും ആഗ്രഹമുണ്ടാവും... ഈ മണ്ണിലേക് ഞാന്‍ ആഴ്ന്നിറങ്ങുമ്പോള്‍ അവന്റെ വിരലുകള്‍ എന്റെ നെറ്റിയില്‍ മെല്ലെ പതിയണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു... എന്റെ കണ്ണുകള്‍ അവനെ തന്നെ തിരഞ്ഞു.. ഇരുട്ട് മറയ്ക്കുമ്പോഴും ... അവന്റെ മുഖം മാത്രമായിരുന്നു എന്റെ മനസ്സില്‍ ...

ഒരു പാട് നേരം ഞാന്‍ കാത്തിരുന്നു... മെല്ലെ മെല്ലെ കരച്ചിലിന്റെ ശബ്ദം ഉയര്‍ന്നു വന്നു... എന്നെ അവിടെ നിന്ന് മാറ്റുന്നു ... ഉറക്കെ നിലവിളിക്കണം എന്ന് തോന്നി എനിക്ക്... അവന്‍ വരും.. വരാതിരിക്കില്ല... അതുവരെ ഭൂമിയില്‍ എന്റെ ശരീരം ഉണ്ടാവണം.. ഉറക്കെ ഞാന്‍ നിലവിളിച്ചു... ആരും ചെവി കൊണ്ടില്ല... ചിതയിലേക് എടുത്തു വച്ചപ്പോള്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു... കാലുകള്‍ ഉയര്‍ത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു... ആരോ വിരലുകള്‍ തമ്മില്‍ കോര്‍ത്ത്‌ വച്ചിരിക്കുന്നു... അവന്‍ എന്നെ കാണാന്‍ വരും അത് വരെ എനിക്ക് കാത്തിരിക്കണം.... ഞാന്‍ ഉറക്കെ കരഞ്ഞു... എന്റെ നിലവിളി ആരും കേട്ടില്ല... കേട്ടില്ല എന്ന് നടിച്ചു... മെല്ലെ മെല്ലെ തണുപ്പിനെ കീറി മുറിച്ചു ചൂട് എന്നിലേക്ക്‌ കടന്നു ... എന്റെ ശരീരം വെണ്ണീരായി തുടങ്ങുമ്പോഴും ദൂരെ നിന്നും അവന്‍ വരുന്നുണ്ടോ എന്ന് ഞാന്‍ നോക്കി... അവന്‍ വരും വരാതിരിക്കില്ല...