Saturday, January 23, 2010
നഷ്ടം..
എന്തോ ഒരു വിഷമം... എന്താണെന്നറിയില്ല ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത... വെറുതെ... ഓരോന്ന് ആലോചിച്ചു കൂട്ടുന്നു... എനിക്കെന്നും തോന്നാറുണ്ട് ബസിലോ ട്രെയിനിലോ മറ്റും പോകുമ്പോള്‍ ഓടികൊണ്ടിരിക്കുന്ന വാഹനത്തിന്‍റെ ജനലിലൂടെ കയിട്ട് എന്തെങ്കിലും പുറത്തു കളയുമ്പോള്‍... എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന് അങ്ങനെ എനിക്ക് നഷ്ടമാവും എന്ന്... അതുകൊണ്ട് തന്നെ ഒരു മിട്ടായി കടലാസ് കളയുമ്പോള്‍ പോലും ഞാന്‍ രണ്ടു വട്ടം ആലോചിക്കും... ഒരിക്കല്‍ പോയി കഴിഞ്ഞാല്‍ പിന്നീടൊരിക്കലും അവ തിരിച്ചു കിട്ടിയില്‍ എങ്കിലോ എന്ന് ഒരു ഉള്‍ഭയം... എനിക്ക് മാത്രമേ ഉള്ള ഇങ്ങനെ ഉള്ള തോന്നലുകള്‍ എന്ന് തോന്നുന്നു... വേറെ ആരും ഇങ്ങനെ ഉള്ളതായി പറഞ്ഞു കേട്ടിട്ടില്ല... ഇന്നെന്തോ അങ്ങനെ ഒന്നും സംഭവിച്ചില്ലെങ്കില്‍ കൂടെ എനിക്കേറ്റവും വിലപെട്ടതെന്തോ വഴിയില്‍ ഉപേക്ഷിച്ചത് പോലെ മനസ് വിങ്ങുന്നു ... ഒരു സുഘമുള്ള സ്വപ്നം കണ്ടു തീര്‍ന്നത് പോലെ...
Friday, November 6, 2009
പറയാതിരുന്ന കഥ

എഴുതാനിരിക്കുമ്പോള്‍ ഒരു നിസ്സംഗത...എഴുത്ത് നിര്‍ത്തിയാലോന്നു പലപ്പോഴും ചിന്തിച്ചു... എന്റെ സൃഷ്ടികള്‍ എന്റെ ഹൃദയത്തില്‍ തന്നെ കുമിഞ്ഞു കൂടുന്നു...ഒന്നിനെയും ഒരു വഴിയിലെത്തിക്കാന്‍ എനിക്കായില്ല ...ചാപിള്ളയെ പെറ്റിട്ട തള്ളയെ പോലെ പലതിനെയും ഞാന്‍ തിരിഞ്ഞു നോക്കാതെ ചവറ്റുകൊട്ടയിലിട്ടു... ഒരിക്കല്‍ പോലും മനുഷ്യ സ്പര്‍ശ മേല്ക്കാത്ത ജീവനാണ് ആ മഞ്ഞ ചട്ടയുള്ള ബുക്കില്‍ നെടുവീര്‍പ്പിടുന്നത്...
ഒരിക്കല്‍ എന്റെ കഥയിലെ ആല്‍ബര്‍ട്ട് എന്നോട് ചോദിച്ചു "അല്ലയോ സൃഷ്ടാവേ താങ്കള്‍ എന്തിനാണ് ഞങ്ങളെ ഇങ്ങനെ തളച്ചിടുന്നത്..ഒരിക്കല്‍ എങ്കിലും ഞങ്ങളെ വെളിച്ചം കാണിക്കു...വെളുത്ത പേജിലെ കുറുക്കിയെടുത്ത കറുത്ത അക്ഷരമാക്കു ഞങ്ങളെ...ഓ.വി.വിജയന്റെ അപ്പുക്കിളിയെ പോലെയോ... ഉറൂബിന്റെ ഉമമാച്ചുനെ പോലെയോ... കാരൂരിന്റെ ഉതുപ്പാനെ പോലെയോ ആളുകള്‍ ഞങ്ങളെയും കുഴിച്ചു മൂടട്ടെ..."
ഇല്ല !!! കുഴിച്ചു മൂടാന്‍ വിധിക്കപ്പെട്ടവനല്ല ആല്‍ബര്‍ട്ട് ...ആര്‍ക്കും വായിച്ച ശേഷം ചവച്ചരയ്ക്കാനുള്ളവനല്ല എന്റെ ആല്‍ബര്‍ട്ട് ... അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സങ്കല്‍പ്പിച്ചെടുക്കാന്‍ ഉള്ളവനല്ല അവന്‍ ...അവനെ അടുത്തറിയാതെ പലരും അവനെ കൊലപാതകിയെന്നോ കള്ളുകുടിയെനെന്നോ വിളിച്ചു അതിക്ഷേപിക്കും...അവന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാകും... അവനു കോടതി കേറേണ്ടി വരും... അവന്റെ ഹൃദയശുദ്ധി ആരും തിരിച്ചറിയില്ല... എനിക്ക് മാത്രമേ അവനെ കാണാന്‍ കഴിയു... ഞാന്‍ ആണ് അവനെ മനസിലിട്ട് വളര്‍ത്തിയത്...മീശ ഇല്ലാത്ത അവന്റെ മുഖം വാര്‍ത്തെടുക്കാന്‍ ഏകദേശം ആറു മാസം ഞാന്‍ എടുത്തു... ഓരോ ഖണ്ഠിക എഴുതുമ്പോഴും അവനു നോവാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു... ഇന്നും ഞാന്‍ അവനെ കപടരായ നഗരത്തിനു മുന്നില്‍ വിട്ടു കൊടുത്തിട്ടില്ല... അവന്‍ എന്റെ പുസ്തകത്തിനുള്ളില്‍ സുരക്ഷിതനാണ് ഒരിക്കലും മറ്റൊരാളുടെ കണ്ണില്‍ പെടാന്‍ ഞാന്‍ അവനെ അനുവദിച്ചിട്ടില്ല... വായന ഫാന്റെസി മാത്രമാക്കിയവര്‍ ചിലപ്പോള്‍ അവനെതിരെ ജാമ്യമില്ലാ വാറന്റ് അയക്കും... കാരണം അവര്‍ക്ക് മുന്നില്‍ അവന്‍ കൊലപാതകിയാണ്.... വിശുദ്ധി നഷ്ടപെട്ട സ്വന്തം മോളെ കഴുത്ത് ഞെരിച്ചു കൊന്ന അച്ഛനാണ്... ഒരിക്കലും ആല്‍ബര്‍ട്ട് കരഞ്ഞിരുന്നില്ല...മകളെ കുഴിയിലെക്കെടുക്കുമ്പോള്‍ പോലും ചളി പറ്റിയിരുന്ന അവളുടെ കാല്‍നഖങ്ങള്‍ ഒന്ന് തുടയ്ക്കുക മാത്രമാണ് ചെയ്തത്...
ആല്‍ബര്‍ട്ടിനെ പ്രസവിച്ചിട്ടപ്പോള്‍ ഒരിക്കലും എനിക്ക് കുറ്റബോധം തോന്നിയില്ല അവനെ എടുത്തിട്ടപ്പോള്‍ ഒരു നുള്ള് ചോര മാത്രം ആ പേജില്‍ വീണു... അത് തുടച്ചു മാറ്റാന്‍ ഞാന്‍ തുനിഞ്ഞില്ല... അവനു മനുഷ്യ രക്തത്തിന്റെ മണം വേണം...ആരുടെയും കുറ്റപെടുത്തലുകളും പ്രോത്സാഹനങ്ങളും ഏറ്റു വാങ്ങാതെ അവന്‍ ജീവിക്കണം...അവന്‍ അറിയാതെ തന്നെ അവന്‍ ജീവിക്കണം...
Saturday, September 12, 2009
ജീവന്റെ മരം
ഏതോ ദേഷ്യത്തില്‍ ജനല്‍ പാളിയിലൂടെ കാറ്റടിച്ചു വരുന്നുണ്ട്... മഴത്തുള്ളികള്‍ എഴുതികൊണ്ടിരിക്കുന്ന പേപ്പറില്‍ വഴുതി വീണു... നനഞ്ഞ പേജില്‍ എഴുതുമ്പോള്‍ മഷി പടരുന്നുണ്ട്... അതേതോ വികൃത ചിത്രമായി മാറി... പണ്ട് ആരോ പറഞ്ഞു കേട്ടിരുന്നു കടലാസില്‍ മഷി കുടഞ്ഞു മടക്കി വച്ച് നിവര്‍ത്തി നോക്കിയാല്‍ കാണുന്നത് പൂര്‍വജന്മ രൂപമാണെന്നു.. ഇന്ന് ഞാന്‍ ചെയ്യുന്നത് അത് തന്നെ... വെറുതെ കടലാസില്‍ മഷി കൊണ്ട് എന്തൊക്കെയോ കുത്തികുറിച്ചു മടക്കി കളയുന്നു... ആ ചവറ്റുകൊട്ടയില്‍ കാണാം എന്റെ പൂര്‍വജന്മ രൂപങ്ങള്‍ ...
കാറ്റത്ത് തെറിച്ചു വീണ നനഞ്ഞ ഇല... വാകയുടെ ഇലയാണ്... പച്ചനിറം മാഞ്ഞിട്ടില്ല എന്നാല്‍ മഞ്ഞ നിറം അതില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു... അതിലെ ഞരമ്പുകള്‍ നടുവിലെ വലിയ കമ്പിയില്‍ നിന്ന് ഇലയുടെ അറ്റം തേടി പോയിരിക്കുന്നു... അതില്‍ പല നീളത്തില്‍ ഉള്ളവയുണ്ട് ചില ഞരമ്പുകള്‍ നേര്‍വഴിയെ അറ്റത്തെത്തിയിരിക്കുന്നു മറ്റു ചിലത് എളുപ്പത്തില്‍ അറ്റം എത്താന്‍ കുറുക്കുവഴി ഉപയോഗിച്ചിരിക്കുന്നു... ചിലതാണെങ്കിലോ ഇതുവരെ അറ്റം കണ്ടെത്താനാവാതെ പാതിവഴിയില്‍ തിരിഞ്ഞു നോല്‍ക്കി നില്‍ക്കുന്നു... എന്നെ പോലെ..
എന്നത്തേയും പോലെയല്ല ഇന്നത്തെ മഴ... ഇത് അവസാനിക്കുന്നില്ല... മറിച്ച് വളരെ ശക്തമായി തിരിച്ചു വരികയാണ്... രാത്രിയിലെ ഓരോ നിഗൂഢ ചലനങ്ങളേയും ഭംഗം വരുത്താനാണ് ഈ മഴ പെയ്യുന്നത്... ആരെല്ലാമോ ഇടയ്ക്കു അട്ടഹസിക്കുന്നു... ആരോ ഒരാള്‍ ചങ്ങലവലിച്ചു ഇടവഴിയിലുടെ നടന്നു പോകുന്നു ആ ശബ്ദം എന്റെ കാതുകളെ കീറിമുറിച്ചു ... എഴുതിയത് മതിയാക്കി ഞാന്‍ കിടന്നു... ഇന്നലെ എന്റെ തൊട്ടടുത്ത് കിടന്നിരുന്ന ആള്‍ മരണത്തെ അറിയുന്നത് ഞാന്‍ അടുത്തറിഞ്ഞിരുന്നു... അവസാനമായി അയാള്‍ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ എന്നെ നോക്കി ചിരിച്ചു... ഇന്നലെ അയാള്‍ ജീവിതത്തിന്റേയും മരണത്തിന്റെയും നൂല്‍ കമ്പിയില്‍ നില്‍ക്കുമ്പോഴും ഇതേ മഴ ആയിരുന്നു... മഴയ്ക്കൊരു മാറ്റവുമില്ല... ഏതോ വേദന ഞാന്‍ അറിഞ്ഞു... നൈമിഷികമായിരുന്നു അത്...
എനിക്ക് കാണാം എന്റെ ജീവന്‍ എന്നില്‍ നിന്നകലുന്നത്... രണ്ടു വെളുത്ത കുതിരകളെ പൂട്ടിയ വണ്ടിയില്‍ അതിങ്ങനെ ഇരുണ്ട വഴിയിലുടെ യാത്ര ചെയ്യുന്നു... രണ്ടു ഭാഗവും ഉയര്‍ന്ന മതിലുകളാണ്... വെളിച്ചം തീരെ ഇല്ല... കുതിരയുടെ കണ്ണിലെ പ്രകാശം മാത്രം... ഒരു നാല്‍ക്കവലയില്‍ അത് ചെന്നവസാനിച്ചു... വലതു വശത്തുള്ള വഴി ഫ്രഞ്ച് കോളനി ആണെന്ന് തോന്നുന്നു... കുതിര ആ വഴിയിലേക്കു തിരിഞ്ഞപ്പോള്‍ ഒരു വീടിന്റെ വലിയ ജനല്പാളിയിലൂടെ ഒരു തല പുറത്തേക്കു വന്നു.. നിറയെ വെളുത്ത മുടിയും പൂച്ചക്കണ്ണുകളുമുള്ള ഒരു തടിച്ച കിളവി... അവര്‍ ആ കുതിരയ്ക്ക് നേരെ കല്ലെറിഞ്ഞു... കുതിരയെ ആട്ടി ഓടിച്ചു... ഇടതു വശത്തുള്ള വഴിയിലേക്കു തിരിഞ്ഞപ്പോള്‍ ഒരു കൂട്ടം സ്വതന്ത്ര സമര സേനാനികള്‍ പോകുന്നുണ്ട്... അവരുടെ കൈയ്യിലുള്ള കൊടി നേരിയ വെളിച്ചത്തില്‍ കാണാം... എന്നാല്‍ മെല്ലെ അതും ഇല്ലാതായി... ദൂരെ ഒരു മല... അവിടെ എന്തോ പ്രകാശം?
അതേ!! മറവു ചെയ്യാന്‍ കഴിയാതിരുന്ന ശവങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ് ... അവയിലെ പൊന്നും പൊടിയും തേടി രണ്ടു മൂന്നു കള്ളന്മാര്‍ ടോര്‍ച്ചുമായി പതുങ്ങി ഇരിപ്പുണ്ട്.. ഊരാന്‍ മറന്നു പോയ ആഭരണങ്ങള്‍ വല്ലതും ശവത്തിന്റെ ദേഹത്തുണ്ടോ എന്ന് തപ്പി നോക്കുകയാണ്... ആ കള്ളന്മാര്‍ കുതിരയ്ക്കുനേരെ കല്ലെറിഞ്ഞു ... ആ വഴിയിലുടെ കുതിരയ്ക്ക് പോകാന്‍ സ്ഥലമില്ല അത്രയ്ക്ക് വീതിയെ അതിനുള്ളൂ...വീണ്ടും നേരെ നടന്നു.. മതിലിന്റെ നീളവും ഉയരവും കൂടികൊണ്ടേ ഇരുന്നു... അറ്റം കാണാത്ത യാത്ര... നേരിയ മഞ്ഞു... മെല്ലെ മെല്ലെ മതില്‍ പാളികള്‍ അകന്നു മാറി... ഒരു കുഞ്ഞു നക്ഷത്രതിന്റെ വെളിച്ചം...ആ വെളിച്ചത്തില്‍ ഞാന്‍ കണ്ടു...ആ മരം...ആ വല്ല്യ മരം...ഇത്ര വല്ല്യ മരം ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ കണ്ടിട്ടില്ല...ആ മരത്തില്‍ ഒരുപാടു ചില്ലകള്‍ ... നിറയെ വെളിച്ചം...
ആ മരം അങ്ങ് ദൂരെയാണ് അതിനടുത്തേക്ക് എത്തണമെങ്കില്‍ ഇനിയും ഒരുപാടു സഞ്ചരിക്കണം... കുതിരകള്‍ നടത്തം വിട്ടു ഓട്ടം തുടങ്ങി... ആരെയോ തോല്പ്പിക്കാനെന്നവണ്ണം കുതിരകള്‍ അതിവേഗത്തില്‍ ഓടി... ഒരുപാടു കുളമ്പടികള്‍ കേള്‍ക്കുന്നു... പിന്നില്‍ ആരുമില്ല... പിന്നെ എവിടെ നിന്നാണ് ഇത്രയും ശബ്ദം..? ചെവികള്‍ കീറിമുറിച്ച് കൊണ്ട് ആ ശബ്ദം കടന്നു പോയി... കുതിരകളുടെ വേഗം കൂടി വന്നു... ഇരുട്ടിന്റെ കാഠിന്യം കുറഞ്ഞും.. എങ്ങും പ്രകാശം... ഒരു വല്ല്യ മരം... ചുറ്റും വെളിച്ചം... ഞാന്‍ തിരിച്ചറിഞ്ഞു... അതെ ഇതാണ് ആ മരം ജീവന്റെ മരം!!!
Sunday, July 26, 2009
മഴയില്‍
നാട്ടുവഴിയിലുടെ ട്രെയിന്‍ കടന്നു പോകുകയാണ്...മനസ്സില്‍ പൊട്ടി മുളയ്ക്കുന്നത് കവിതകളോ കഥകളോ അല്ല ഓര്‍മ്മകളാണ്... ഞാനിന്നു വരെ കണ്ടിട്ടില്ലാത്ത ഏതൊക്കെയോ കഥയും കഥാപാത്രങ്ങളും മനസ്സില്‍ തിങ്ങി നിറഞ്ഞു...യാത്രയുടെ വിരസത മറന്നു ഞാന്‍ ചുറ്റും കണ്ണോടിച്ചു...കംബാര്‍ത്മെന്റില്‍ ആളുകള്‍ പൊതുവേ കുറവാണു...പെയ്തിറങ്ങിയ മഴ എല്ലാവരെയും പഴയകാലത്തേക്ക് മടക്കിവിളിച്ച പോലെ...മഴത്തുള്ളികള്‍ ജനല്‍ കമ്പികളില്‍ പട്ടിപിടിചിരിക്കുന്നു...നേര്‍ത്ത കാറ്റ് അവയെ എന്‍റെ കണ്ണിലേക്കു തെറിപ്പിച്ചു...നഗരത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞു ട്രെയിന്‍ ഗ്രമാന്തക്ഷരീക്ഷതിലേക്ക് കടന്നു...ഒഴിഞ്ഞ സ്റ്റേനുകള്‍ ... ആര്‍ക്കൊക്കെയോ വേണ്ടി ട്രെയിന്‍ അവടെ നിര്‍ത്തി പോന്നു...ഇവടെ എവ്ടെയെന്കിലും നിന്നാണോ പണ്ട് "വെള്ളയപ്പന്‍" ട്രെയിന്‍ കയറിയത്...ജയിലിലകപെട്ട തന്റെ മകന് പോതിചോരുമായി.. മഴയുടെ അര്തിരംബലുകള്‍ ശമിച്ചപ്പോള്‍ ട്രെയിന്‍ വീണ്ടും സജീവമായി... നേര്‍ത്ത നൂല്‍ക്കമ്പി പോലെ മഴ ..ഒരു ക്യാമറ ഫ്രെയിം പോലെ മനോഹരമായ ദ്രിശ്യങ്ങള്‍ പുറത്തു ..ഇതൊന്നും തന്നെ തന്നില്‍ ഒന്നും സംഭവിപ്പിക്കാത്ത പോലെ ഞങ്ങളുടെ എതിര്‍വശത്ത് ഒരു കുട്ടി ഇരിപ്പുണ്ട്..ഒരു വെള്ള ഷാള്‍ കൊണ്ട് അവള്‍ മുഖം മറച്ചിരിക്കുന്നു...പറയത്തക്ക ചമയങ്ങള്‍ ഒന്നുമില്ലാത്ത മുഖം..കണ്ണുകളില്‍ തീക്ഷണമായ നൊമ്പരം...വന്നത് മുതല്‍ അവള്‍ കുനിഞ്ഞു കിടപ്പാണ്..ഞാന്‍ അവളെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞത് കൊണ്ടാണോ എന്തോ അവളുടെ കൂടെ ഇരുന്ന മനുഷ്യന്‍ അവളെ മറഞ്ഞിരുന്നു..തമിഴില്‍ അയാള്‍ അവളോട് എന്തൊക്കെയോ സംസരിക്കുനുണ്ട്..ഇടയ്ക്കു അവളുടെ കണ്ണുകള്‍ ഈരനനിഞ്ഞതായി എനിക്ക് തോന്നി... ട്രെയിന്‍ ഒരു ഒഴിഞ്ഞ സ്റ്റേഷനില്‍ നിര്‍ത്തി...ആകെ ഉള്ല്ല തകര പെട്ടി എടുത്തു അവളുടെ കൂടെ ഉള്ള മനുഷ്യന്‍ ആദ്യം ഇറങ്ങി..പിറകില്‍ അവളും..എന്‍റെ സീടിനരിക് തട്ടി അവളുടെ ഷാള്‍ അഴിഞ്ഞു വീണു..ഞാന്‍ അവളെ കണ്ടു...കണ്ടു മറന്ന മുഖം...അവളുടെ മുടി മുറിച്ചിരിക്കുന്നു...മുഘത് മുറിവേറ്റ പാട്..ഞാന്‍ മുഖം കണ്ടെന്നരിഞ്ഞപ്പോള്‍ അവള്‍ ഷാള്‍ കൊണ്ട് മുഖം ഒന്ന് കൂടി മൂടി...എന്നെ തിരിഞ്ഞു നോക്കി അവള്‍ നടന്നു...അവള്‍ ഇറങ്ങിയപ്പോള്‍ വിങ്ങിപൊട്ടി നിന്ന മഴ അറ്തുലച്ചു പെയ്തു...ഒരു കുട പോലുമില്ലാതെ അവള്‍ മഴയത്ത് നില്‍ക്കുന്നു..ട്രെയിന്‍ നീങ്ങിയപ്പോഴും ഒരു പൊട്ടു പോലെ എനിക്കവളെ കാണാമായിരുന്നു..ആര്‍ക്കൊക്കെയോ വേണ്ടി ആദിതീര്‍ക്കുന്ന ഒരു ജീവിതമാണ് അവളുടെ ജീവിതമെന്ന് എനിക്ക് തോന്നി... ഇന്നും മഴ പെയ്യുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വിരിയുന്നത് അവളുടെ മുഘമാണ്...പറയാതെ തന്നെ അവള്‍ എല്ലാം എന്നോട് പറഞ്ഞതായി എനിക്ക് തോന്നി...പിന്നെടെന്നോ പേപ്പറുകള്‍ അടുക്കി വയ്ക്കുന്ന കൂട്ടത്തില്‍ ആ മുഖം ഞാന്‍ തിരിച്ചറിഞ്ഞു.."വിയൂര്‍ പീഡന കേസ് പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു"...ഈ മുഘംയിരുന്നില്ലേ ആ പെണ്‍കുട്ടിക്ക്...അന്നവള്‍ എന്നെ തിരിഞ്ഞു നോക്കിയതില്‍ ഒരു അവസാന പ്രതീക്ഷ ഉണ്ടായിരിന്നുവോ?...ഇന്നും അവള്‍ എനിക്കൊരു തീരാ നൊമ്പരമാണ്...ഒഴു മഴ പെയ്തു തോരുന്ന പോലെ അവളുടെ ജീവിതവും എവ്ടെയോ വച്ച് അവസനിചിരിക്കണം...
Subscribe to:
Posts (Atom)