Friday, December 16, 2011

ഉപദേശികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് !!

എന്താ കുട്ട്യേ ജോലി ഒന്നും ആയില്ലേ??
ജോലി കിട്ടീനു പറഞ്ഞിട്ട് പോയില്ലേ...
ഇപ്പൊ വീട്ടില്‍ തന്നെയാണല്ലേ...
ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എണീകുമ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഇതൊക്കെയാണ്.. ഇന്നത്തെ ചോദ്യത്തിന് ഇത്തിരി വ്യത്യാസം ഉണ്ട്...
"എന്താ വീട്ടിനുള്ളില്‍ അടയിരിക്ക്യാണോ"?
ദേവദാസ് അങ്കിള്‍ ആണ് ചോദിച്ചത്... ഈ ചോദ്യം കുഴപ്പമില്ല.. ഒന്ന് ലൈക്ക് ചെയ്തേക്കാം...
അല്ല അങ്കിള്‍ പനിയാ...
പനിയുടെ ആലസ്യത്തില്‍ വീണ്ടും പുതപ്പിനടിയിലേക്കു കയറി...
"നീ ഇങ്ങനെ തിന്നും കുടിച്ചും കിടന്നോ..."
"അല്ലാതെ ഞാന്‍ എന്ത് ചെയ്യാനാ"??
പനി പിടിച്ചു കൊച്ചിന്‍ ഹനീഫയുടെ ശബ്ദത്തില്‍ ഞാന്‍ തിരിച്ചടിച്ചു...
ഒന്നും ചെയ്യണ്ട... അമ്മ മുറുമുറുത്ത് കൊണ്ട് അകത്തേക്ക് കയറി
കുറെ ദിവസമായി ഓണ്‍ലൈന്‍ ആയിട്ട് ... മുല്ലപ്പെരിയാറിന് എന്ത് സംഭവിച്ചോ എന്തോ??
സിസ്റ്റം ഓണ്‍ ചെയ്തു...
"ആഹ.. തുടങ്ങിയോ വീണ്ടും... വീട്ടിലിരുന്നു ഇങ്ങനെ കറന്റ്‌ ചാര്‍ജ് കൂട്ടിക്കോ..."
ഈശ്വരാ!! ഉറങ്ങിയാല്‍ കുറ്റം... നീ ഇങ്ങനെ ഉറങ്ങിക്കോ എന്ന് പറഞ്ഞ്... എണീറ്റിരുന്നാല്‍ അതും കുറ്റം...
"അമ്മേ കുറെ ദിവസം ആയില്ലേ ഓണ്‍ലൈന്‍ കേറീട്ടു എന്തൊക്കെ സംഭവിച്ചുനു നോക്കട്ടെ..."
ഫേസ് ബുക്ക്‌ വഴി ഇടയ്ക്ക് ഇടയ്ക്ക് പുതുപുത്തന്‍ കുശുമ്പും നുണകളും അമ്മയ്ക്ക് എത്തിക്കുന്നത് കൊണ്ട്... അതില്‍ അമ്മയ്ക്കിതിരി താല്പര്യം ഉണ്ട്...
ഐഡിയ സ്റ്റാര്‍സിംഗ൪ കല്പനെടെ ഭര്‍ത്താവ് മരിച്ചിട്ടില്ല എന്ന ചൂടന്‍ വാര്‍ത്ത ഞാന്‍ ആണ് അമ്മെ അറിയിച്ചത്... ആദ്യം അതറിഞ്ഞു കുടുംബ ശ്രീയില്‍ വിളമ്പി ആളായതാണ് അമ്മ... ആ നന്ദി അമ്മയ്ക്ക് എന്നോടുണ്ട്... പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ന്റെ പാട്ടും ഞാന്‍ അമ്മയ്ക്ക് കാട്ടി കൊടുത്തു.. അതും കുടുംബ ശ്രീയില്‍ കൊണ്ട് കൊടുത്തു അമ്മ ഒരു ഡയലോഗും അടിച്ചു... നമ്മളൊകെ ഇന്റര്‍നെറ്റ്‌ യൂസ് ചെയ്യണം എന്നാലെ ലോകത്ത് എന്ത് നടക്കുന്നു എന്ന് അറിയാന്‍ റ്റൂ ... അമ്മ മെല്ലെ അടുത്ത് കൂടി...

മുല്ലപെരിയാര്‍ വിഷയം ചൂടാറി കൊണ്ടിരിക്കുന്നു... സന്തോഷ്‌ പണ്ഡിറ്റ്‌ നു ജനങ്ങള്‍ എന്തും ചെയ്യാനുള്ള ലൈന്‍സ് കൊടുത്തിരിക്കുന്നു... അത് കൊണ്ട് ഫേസ് ബുക്ക്‌ ആകെ പാടെ പ്രഭ പോയ മട്ടാണ്... പ്രിത്വിരാജിന്റെ അഹങ്കാരത്തിനും ഇപ്പോള്‍ സ്കോപ്പില്ല... ഇതൊക്കെ കൊണ്ടാ ഞാന്‍ പിടിച്ചു നിന്നിരുന്നത്... ഞാന്‍ കാരണം ആണ് പ്രിത്വിരാജ് നന്നായത് എന്നൊരു അഹങ്കാരം എനിക്കും വന്നു തുടങ്ങി... സന്തോഷ്‌ പണ്ഡിറ്റ്‌ നെ നന്നാക്കാന്‍ ഞാന്‍ നോക്കി... പക്ഷെ ഞാന്‍ തോറ്റു പിന്‍വാങ്ങി... മുല്ലപ്പെരിയാര്‍ പുതിയ ഡാം കെട്ടിപ്പിക്കാന്‍ ആയിരുന്നു പിന്നെ എന്റെ പ്ലാന്‍ ... ഞാന്‍ എന്റെ വീട്ടീനു മണല് കൊണ്ട് കൊടുക്കാം എന്ന് വരെ പറഞ്ഞു നോക്കി... ഒരു കുലുക്കവുമില്ല... ഉമ്മന്‍‌ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചിട്ടുണ്ട്... മറുപടി കിട്ടിയിട്ട് പറയാം എന്നായിരുന്നു മറുപടി... ഞാന്‍ അറിയാന്‍ മേലാഞ്ഞു ചോദിക്കുവാ... ഇവരൊക്കെ എന്തിനാ കത്തയക്കുന്നത്... ഫോണ്‍ ചെയ്തുടെ.... ചാറ്റ് ചെയ്തുടെ... കത്തയച്ചു കത്തയച്ചു അവര് തമ്മില്‍ ജീവിതം ആവാതിരുന്നാല്‍ മതി... ക്രിസ്മസ് ഒക്കെ ആയില്ലേ.. ഒരു കാര്‍ഡ്‌ കൂടി അയച്ചേക്കു... മറിയാമ്മ ചേടത്തിയുടെ പ്രത്യേക ശ്രദ്ധയ്ക്ക് കുഞ്ഞൂഞ്ഞിന്റെ മേലൊരു കണ്ണ് വേണം... അല്ലേല്‍ ഫെബ്രുവരി 14 വരുന്നുണ്ട്... ഇനി കണ്ടില്ല കേട്ടില്ലാന്നു പറയരുത്...

ഇമ്മാതിരി എത്രയെത്ര കാര്യങ്ങള്‍ എനിക്ക് ശ്രദ്ധിക്കാന്‍ ഇരിക്കുമ്പോഴാ... ജോലിക്ക് പോകണ്ടേ... വീട്ടില്‍ വെറുതെ ഇരിക്ക്യാണോ എന്ന് ചോദിച്ചു ഉപദേശികള്‍ രംഗത്ത് വരുന്നത്... മാഷെ എനിക്ക് നൂറു കൂട്ടം പരിപാടികള്‍ ഉണ്ട്... മുല്ലപെരിയറില്‍ ഒരു ഡാം ഉണ്ടാക്കണം... അത് കഴിഞ്ഞിട്ട് വേണം തുഛ വേദനം കിട്ടുന്ന നര്‍സുമാരുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ... ഇതെന്താ നിങ്ങള്‍ ഒന്നും മനസിലാക്കാത്തത്‌ !!!
ഇതിന്റെ ഒക്കെ ഇടയിലാ നമ്മടെ ബ്ലോഗ്‌ അണ്ണന്മാര് ... ഒരു കമന്റ്‌ ഇട്ടേക്കണേ എന്ന് പറഞ്ഞു വരുന്നത്... അവരെ നിരാശരാക്കാന്‍ പറ്റുമോ?? നിങ്ങള്‍ തന്നെ പറ.. .

നീ കമന്റ്‌ ഇട്ടു നടന്നോ... ഒരു ബ്ലോഗ്ഗെര്മാര് ... ഭാര്യ പെറ്റാലും .. മക്കള് തൂറിയാലും ഒക്കെ ബ്ലോഗ്ഗില്‍ എഴുതിക്കോളും ... അതിലും കുറ്റം പറയാന്‍ കുറേയെണ്ണം
"അതമ്മ പറയരുത് ..." ബ്ലോഗ്ഗെര്മാരെ പുച്ഛിക്കുന്നത് എന്നെ പുച്ഛിക്കുന്നതിനു സമം ആണ്...
പിന്നല്ലാതെ അവന്മാരൊക്കെ സ്വന്തം കാര്യം നോക്കീട്ടാ ബ്ലോഗ്‌ എഴുതി നടക്കണത്‌...
അങ്ങനെ വേണമെങ്കില്‍ പറഞ്ഞോ... എഴുതാന്‍ വച്ചിരുന്ന കമെന്റെല്ലാം ഞാന്‍ അമ്മയോടടിച്ചു തീര്‍ത്തു...

"അമ്മയറിഞ്ഞോ ... നമ്മുടെ വെറുതെ അല്ല ഭാര്യയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇല്ലേ... അയാള്‍ മോഷണ കേസിലെ പ്രതി ആയിരുന്നത്രെ"
ഇപ്പോള്‍ അയാളെ അതീന് മാറ്റി... ഒരു ബ്ലോഗില്‍ കണ്ടതാ
"ഏത് നമ്മുടെ ശ്വേത മേനോന്റെ പ്രോഗ്രാമ്മിലെയോ??"
"അതെന്നെ..."
"എനിക്കവനെ കണ്ടപ്പോഴേ തോന്നി..." (എന്റെ അമ്മയ്ക്ക് പലപ്പോഴും അങ്ങനെ തോന്നാറുള്ളത് കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല... ഇപ്പോഴത്തെ സാഹചര്യത്തിന് നിന്ന് കൊടുക്കുന്നതാ നല്ലത് )
ഇന്ന് കുടുംബ ശ്രീയില്‍ പറയാന്‍ പുതിയ ന്യൂസ്‌ കിട്ടിയത് കൊണ്ട് അമ്മ ഒന്ന് അടങ്ങി...
മെല്ലെ ബൂലോകത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം... നടത്തി...
ദാ വീണ്ടും വാതിലില്‍ ഒരു മുട്ട്
പേപ്പര്‍ മാമനാ..
"ആ കുറെ ആയല്ലോ കണ്ടിട്ട്... ഇപ്പോള്‍ എന്ത് ചെയ്യുന്നു??"
"കോഴ്സ് കഴിഞ്ഞു വെറുതെ ഇരിക്ക്യാ.."
"അതെന്താ ജോലിക്കൊന്നും പോണില്ലേ..."
"നോക്കുന്നുണ്ട്..."
"പെണ്‍കുട്ടികള്‍ വെറുതെ ഇരിക്കാന്‍ പാടില്ല... ജോലി ഒക്കെ നോക്കണം... ബാംഗ്ലൂരോക്കെ പോയാല്‍ നല്ല ചാന്‍സാ... എന്റെ മോന്‍ ഇപ്പൊ ബംഗ്ലൂരാ.."
ഈ പറയുന്ന ചേട്ടനെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം... അഞ്ചാറ് കൊല്ലം വായനോക്കി നടന്നതാ... അപ്പോള്‍ ആര്‍ക്കും ഒരു കുഴപ്പോം ഉണ്ടാരുന്നില്ല... രണ്ടു മാസം ഞാന്‍ ഇവിടെ ഇരുന്നപ്പോള്‍ ആര്‍കും ഒരു സമാധാനം ഇല്ല...
"ഞാന്‍ മോള്‍ടെ കാര്യം പറയാം... ബയോ ടാറ്റ അവനു അയച്ചു കൊടുത്തു നോക്ക്..."
സ്ഥിരം പല്ലവി... കുറെ അയച്ചിട്ടും മറുപടി ഒന്നും ഇല്ലാത്തതു കൊണ്ടും... ഞാന്‍ ചിരിച്ചു...
ജോലി ഇല്ലഞ്ഞിട്ടും ഒരു ബ്ലോഗ്‌ എഴുതാന്‍ പോലും സമയമില്ലാത്ത എന്നൊടാ വെറുതെ ഇരിക്ക്യാണോ എന്ന ചോദ്യം!!!
എനിക്ക് നൂറു കൂടം പരിപാടിയാ... രാവിലെ മുല്ലപ്പെരിയാര്‍.. ഉച്ചക്ക് അന്ന ഹസാരെ.. രാത്രി കമെന്റെഴുത്തു ... ഇതിനൊക്കെ ഒരു പരിഹാരം കണ്ടിട്ട് വേണ്ടേ എനിക്കെന്റെ കാര്യം നോക്കാന്‍ !!!

Sunday, November 20, 2011

ഒരു അച്ഛന് പറയാനുള്ളത് ...അച്ഛന്റെ ചുന്ദരി ഉറങ്ങുന്നില്ലേ...
ഇല്ല...
അതെന്താ??
ഉറക്കം പോയി...
എവിടെ പോയി...
ദൂരെ ദൂരെ പോയി...
എപ്പോ വരും ഉറക്കം??
ഇപ്പം വരും...
അച്ഛാ ഒരു കഥ പറഞ്ഞു താ...
ഒരിടത്തു ഒരിടത്തു...
ഒരിടത്ത് ഒരിടത്ത് എന്ത് പറ്റി അച്ഛാ ???
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത്
കളിക്കാതെ പറ അച്ഛാ..
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്തൊരു....
പറ അച്ഛാ..
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്തൊരു...
ഒരു രാജാവ് ഉണ്ടായിരുന്നു...
രാജാവിന് രണ്ടു പെണ്മക്കള്‍ ഉണ്ടായിരുന്നു....
ഒരാള്‍ കഥ രണ്ടാമത്തെയാള്‍ മതി...
അപ്പോള്‍ രാജാവ് എങ്ങനെ രണ്ടു മക്കളെയും ഒന്നിച്ചു വിളിക്കും??
കഥ മതി...
അയ്യോ കഥ മതിയോ...
എന്നാ മോള് ഉറങ്ങു...
അങ്ങനല്ല... രാജാവ് കഥ മതിനു വിളിക്കുംനു...
രാജാവ് എങ്ങനെ വിളിക്കുമെന്ന്..
കഥ മതി...
മതിയോ കഥ എന്നാ... വേഗം ഉറങ്ങു...
അങ്ങനല്ല മോള് ചിണുങ്ങി

എന്റെ ചുന്ദരി മോള്‍ ഇന്ന് ഉറങ്ങുന്നില്ല... കരഞ്ഞു കരഞ്ഞു കിടക്കുകയാണ് ... തിരിഞ്ഞു കിടന്നു അവളുടെ അമ്മയും കരയുന്നു... എന്റെ പൊന്നു മോള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കാനായി ഞാന്‍ അവളുടെ അരികത്തിരുന്നു... എന്റെ അതേയ് നെറ്റിയാ അവള്‍ക്കും... അവളെ മെല്ലെ തലോടി...
എനിക്കെന്റെ മോളെ തലോടാന്‍ കഴിയുന്നില്ല... എന്റെ കൈകള്‍ക്ക് എന്റെ മോളെ തൊടാന്‍ കഴിയുന്നില്ല... എനിക്കിനി ഒരിക്കലും എന്റെ മോളെ തൊടാന്‍ കഴിയില്ല... എന്റെ മോളെ ഉറക്കാന്‍ എനിക്കാവില്ല... അവള്‍ക്കു കഥ പറഞ്ഞു
കൊടുക്കാന്‍ എനിക്കാവില്ല...

ഇന്നെന്റെ മോള്‍ കരഞ്ഞത് ഒന്നിനുമല്ല... അടുത്ത വീട്ടിലെ മാളു പുറത്തു പോയി വന്നപ്പോള്‍ ക്രീം ബിസ്കറ്റ് വാങ്ങി കൊണ്ട് വന്നു... എന്റെ മോള്‍ വേണമെന്ന് പറഞ്ഞു വാശി പിടിച്ചു... അവളുടെ അമ്മ അവള്‍ക്കു അത് വാങ്ങി കൊടുത്തില്ല... മോളെ നീ ഇങ്ങനെ വാശി പിടിക്കരുത്... നമുക്കിനി ആരും ഇല്ല... നീ വാശി പിടിച്ചാല്‍ ഞാന്‍ എവിടെ
പോയി വാങ്ങാന ഈ രാത്രി... മോള്‍ ചിണുങ്ങി അകത്തേക്ക് പോയി...

എന്തിനാ അമ്മെ അച്ഛന്‍ നമ്മളെ ഇട്ടു പോയത് ..
. മോളോട് പിണങ്ങി പോയതാണോ ??
ഹേ ... മോള്‍ടെ അച്ഛന്‍ മോളോട് പിണങ്ങുമോ... മോള്‍ടെ അച്ഛന്‍ ദൈവത്തെ കാണാന് പോയതല്ലേ...
അച്ഛന്‍ ഇനി വരില്ലാ ലെ... അച്ഛനെ ഇനി നമുക്കു
കാണാന് പറ്റില്ലാ ലെ.. അച്ഛനെ ഇനി മോള്‍ക്ക്‌ തൊടാന്‍ പറ്റില്ലാ ലെ..
എന്റെ മോള്‍ടെ കണ്ണ് നിറഞ്ഞു...
ഒരു നിമിഷം എനിക്ക് ദൈവം തിരിച്ചു തന്നിരുന്നെങ്കില്‍ ഞാന്‍ എന്റെ മോള്‍ടെ അടുത്തേക്ക് ഓടിച്ചെന്നു കെട്ടിപിടിച്ചു.. ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തേനെ...

അവളെ പ്രസവിച്ചപ്പോഴേ എല്ലാവരും പറഞ്ഞു... ഇവള്‍ അച്ഛന്‍ കുട്ടി ആണല്ലോ എന്ന്...
എന്റെ മോള്‍ ആണ് എനിക്കെല്ലാം...
അവള്‍ക്കിഷ്ടമുല്ലതെല്ലാം വാങ്ങി കൊടുത്തു... ഒരുപാടു സ്നേഹിച്ചു... ഓരോ ദിവസവും അവള്‍ക്കു ഒരുപാടു സന്തോഷം കൊടുക്കാന്‍ ഞാന്‍ ഓര്‍ത്തു...
പക്ഷെ ഇപ്പോള്‍ ഓരോ ദിവസവും എന്റെ മോള്‍ക്ക്‌ ഓരോ കാരണമുണ്ട് കരയാന്‍ ...
ഇന്നലെ പറയുന്നത് കേട്ടു... .
ഡയറിയില്‍ പാരെന്റ്സ്‌ നെയിം അമ്മേടെ പേര് എഴുതാന്‍ സിസ്റ്റര്‍ പറഞ്ഞു...അച്ഛന്റെ പേരിന്റെ അടുത്ത് ലേറ്റ് എന്ന് എഴുതണം എന്നും പറഞ്ഞു... അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നു...
മാളുന്റെ അച്ഛന്‍ അവളെ ഇന്ന് ബൈക്കിലാ സ്കൂളില്‍ കൊണ്ട് വന്നത്... ഇത് പറഞ്ഞു എന്റെ മോള്‍ അകത്തു ചെന്ന് എന്റെ ഫോട്ടോനോക്കി കുറെ നേരം നിന്നു...

കോളേജ് ജീവിതത്തിന്റെ ഇടയില്‍ ചുമ്മാ ഒരു രസത്തിനു തുടങ്ങിയതാ പുകവലി.. പിന്നീട് നിര്‍ത്തണം എന്ന് തോന്നിയില്ല... നിര്‍ത്തണം എന്ന് തീരുമാനം എടുത്തപ്പോഴേക്കും ഒരുപാടു വൈകി പോയിരുന്നു... ആ പുകവലി എന്നെ മാറാരോഗത്തിന് അടിമയാക്കിയിരുന്നു... ഞാന്‍ ആഘോഷിച്ചതിനെല്ലാം ഇന്ന് അനുഭവിക്കുന്നത് ഞാന്‍ ഏറ്റവും സ്നേഹിച്ച എന്റെ മോള്‍ ആണ്... എന്റെ മോള്‍ക്ക്‌ എന്നെ ആവശ്യമുള്ളപ്പോള്‍ എനിക്കവളെ സ്നേഹിക്കാന്‍ കഴിയുന്നില്ല... വെറും ഒരു ക്രീം ബിസ്കറ്റ് ആണ് എന്റെ മോള്‍ ആഗ്രഹിച്ചത്... അതും എന്റെ മോള്‍ക്ക് നിഷേധിക്കപെട്ടിരിക്കുന്നു... എങ്ങനെയൊക്കെ ഞാന്‍ വളര്‍ത്തണം എന്ന് ആഗ്രഹിച്ചതാ... പക്ഷെ ഇന്ന്... ഞാന്‍ കാരണം എന്റെ മോള്‍ ... ഇനി ഒരു ജന്മം എന്റെ മോളെ സ്നേഹിച്ചു കൊതി തീര്‍ക്കാന്‍ ദൈവം എനിക്കായുസു തരട്ടെ...

Friday, November 11, 2011

റവ ലഡ്ഡു ഉണ്ടാക്കിയ കഥ...


ഇതൊരു പ്രണയ കഥയാണെന്ന് തോന്നാം... പക്ഷെ ഇതൊരു പ്രണയ കഥ അല്ല... ഒരു പ്രണയത്തിന്റെ അവസാനം എന്ന് വേണമെങ്കില്‍ പറയാം.. . പ്രണയം അവസാനിക്കുമോ?? ഒരിക്കലും ഇല്ല... പ്രയിച്ചവര്‍ക്ക് മടുക്കുമായിരിക്കാം... പക്ഷെ പ്രണയം... പ്രണയിച്ചിരുന്നപ്പോള്‍ അവര്‍ കണ്ട സ്വപ്നം.. അവരുടെ പ്രണയം... അതിനൊന്നും ഒരിക്കലും അവസാനം ഇല്ല... പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും തങ്ങളുടെ പ്രണയം ദൈവീകമായ ഒന്നാണ്... പക്ഷെ മൂന്നാമന്... അവര് ലൈന്‍ ആയിരുന്നു എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന ഒരു സ്ഥായി ബന്ധം മാത്രമാണ്... അപ്പോള്‍ നമുക്ക് കഥ മൂന്നാമന്റെ കണ്ണിലുടെ പറയാം...

പുത്തന്‍ തലമുറയില്‍ പെട്ട കാമുകനും കാമുകിയും... ഇന്ന് പ്രണയം പൊട്ടിപുപ്പെടുന്നത് ഫോണിലൂടെയും നെറ്റിലൂടെയുമൊക്കെ അല്ലെ... നമ്മുടെ നായകനും നായികയും പരിചയപെട്ടതും ഒരു കമ്മ്യൂണിറ്റി സൈറ്റിലെ ചാറ്റ് റൂമില്‍ വച്ചാണ്... ആ സൌഹൃദം പ്രണയത്തിലേക്ക് വഴിമാറി... കാലം മാറിയാലും കാമുകന്മാര്‍ മാറില്ലല്ലോ (കാമുകിമാരും ) .. 70കളിലെ സിനിമ പോലെ... സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിക്കുന്ന നായകന്‍ ... ജീവിതത്തില്‍ അനാഥത്വം അനുഭവിക്കുന്ന കാമുകി... ഇത്രയും പോരെ കാമുകന് പ്രേമം തോന്നാന്‍ ... കാമുകന്‍ തേനും പാലും ഒലിക്കുന്ന വാക്കുകള്‍ ... ഭക്ഷണത്തിന് മുന്‍പും ശേഷവും മധുരം കൂടി കൊടുത്തു കൊണ്ടിരുന്നു... തന്റെ കാമുകന്റെ സ്നേഹത്തെ കുറിച്ചോര്‍ത്തു കാമുകി കോരിത്തരിച്ചു ...
പ്രണയ ജീവിതം മുന്നോട്ട് പോയി...
സ്വര്‍ഗം താണിറങ്ങി വന്നതോ..
സ്വപ്നം പീലി നീര്‍ത്തി നിന്നതോ...
കാമുകനും കാമുകിയും ഫോണിലെ കാളര്‍ടൂണ്‍ മാറ്റി...
എല്ലാ പ്രണയവും പോലെ... ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞു നിന്ന പ്രണയ ജീവിതം...

പെട്ടന്നത് സംഭവിച്ചു,,,
കാമുകന് ബോധോദയം !!! എന്റെ വീടുകര്‍ ഈ പ്രണയം അംഗീകരിക്കുമെന്നു തോന്നുന്നില്ല... നിന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു... (കഥ പ്രസംഗത്തിന് ഇടയിലുള്ള സിംബലിന്റെ ശബ്ദം)
കാമുകി തകര്‍ന്നു... കാമുകന്‍ തന്നെ ഉപേക്ഷിക്കാന്‍ പോകുന്നു... കാമുകിടെ മനസ്സ് തിരമാലകള്‍ പോലെ അലയടിച്ചു ... ഒരിടത്ത് വീട്ടുകാര്‍ മറ്റൊരിടത്ത് കാമുകന്‍ .. വീട്ടുകാര്‍ കാമുകന്‍ ... കാമുകന്‍ വീട്ടുകാര്‍ ...

മറക്കുമോ നീയെന്റെ മൌന ഗാനം...
ഒരുനാളും നിലക്കാത്ത വേണു ഗാനം...
കാമുകന്‍ കാളര്‍ടൂണ്‍ മാറ്റി...

പറയാതെ അറിയാതെ നീ പോയതെന്തേ...
ഒരു വാക്ക് മിണ്ടാഞ്ഞതെന്തേ...
കാമുകിയും വിട്ടു കൊടുത്തില്ല...

പ്രണയത്തില്‍ വഴിത്തിരിവ് സംഭവിച്ചിരിക്കുന്നു!!!
വിരഹം!!!( പ്രണയത്തില്‍ വിരഹം അവിഭാജ്യഘടകം ആണല്ലോ..)
കാമുകന്‍ തിരിച്ചറിഞ്ഞു... കാമുകിയില്ലാതെ കാമുകന്... ഭക്ഷണം താഴോട്ട് ഇറങ്ങുന്നില്ല... കാമുകിയുടെ കാര്യവും വിഭിന്നമല്ല...
അവര്‍ ഒരു തീരുമാനത്തില്‍ എത്തി... നമുക്ക് നല്ല ഫ്രണ്ട്സ് ആവാം... എല്ല്ലാ കൊടി കൊണ്ട പ്രണയങ്ങളും അവസാനം സൌഹൃദയത്തില്‍ വലയപെട്ടുപോവുകയാണല്ലോ പതിവ്... അവരും പതിവ് തെറ്റിച്ചില്ല...
ഇനി അവരെ കാമുകി കാമുകന്മാര്‍ എന്ന് വിളിക്കാന്‍ പാടില്ല... പക്ഷെ കഥയില്‍ എന്നും അവരു കാമുകി കാമുകന്മാര്‍ തന്നെ...

(നമ്മുടെ കൃഷ്ണന്റെയും രാധയുടെയും കാര്യം അറിയില്ലേ.. കൃഷ്ണന്‍ രുക്മിണിയെ വിവാഹം കഴിച്ചെങ്കിലും ഇന്നും കൃഷ്ണന്റെ കൂടെ പറയുന്നത് രാധയുടെ പേരല്ലേ.. കൃഷ്ണന്റെ കാമുകി... )

കാമുകി കാമുകന്റെ നല്ല കൂടുകാരി എന്ന പേരെടുത്തു... പക്ഷെ അപ്പോഴും... ഇത്ര നേരം ആരോട് സംസരിക്കുവാരുന്നു?? എവിടെ പോകുന്നു? എപ്പോ വരും?? എന്നാ ചോദ്യങ്ങളില്‍ കാമുകന്‍ വളയപ്പെട്ടിരുന്നു...

ആ പ്രണയം സൌഹൃദത്തിന്റെ പാതയില്‍ മുന്നോട്ടു പോയപ്പോഴാണ് അത് സംഭവിച്ചത്.. . കാമുകന്‍ കാമുകിയെ കാണാന്‍ വരുന്നു... ഒരുപാടു കാലത്തിനു ശേഷമാണ് കാമുകന്‍ കാമുകിയെ കാണാന്‍ വരുന്നത്... തന്റെ പ്രണയം തിരിച്ചു പിടിക്കാന്‍ കാമുകിക്കുള്ള ഏക വഴിയാണ് കാമുകന്റെ ഈ വരവ്.. ഈ പ്രാവശ്യം കാമുകന്റെ മനസ്സില്‍ കയറി പറ്റാന്‍ കഴിഞ്ഞാല്‍ ... ആ സീറ്റ്‌ സ്ഥിരം ആയിരിക്കും എന്ന് കാമുകിക്ക് അറിയാമായിരുന്നു... കാമുകന്റെ ഇഷ്ടങ്ങളെ കുറിച്ചും അനിഷ്ടങ്ങളെ കുറിച്ചും കാമുകി ഒരു ഡീറ്റേയില് സ്റ്റഡി നടത്തി ... മധുരമാണ് കാമുകന്റെ വീക്നെസ്... ഒരു ദീപാവലി അവധിക്കാണ് കാമുകന്‍ വരുന്നത്... കാമുകി ഉറപ്പിച്ചു...മധുര പലഹാരം ഉണ്ടാക്കി കൊടുക്കണം.. വയറ്റിലൂടെയാണല്ലോ പുരുഷന്റെ മനസ്സില്‍ കയറി പറ്റുക... കാമുകി പണി പതിനെട്ടും നോക്കി... കാമുകിയുടെ കൈയ്യില്‍ ഒതുങ്ങുന്ന പലഹാരം ഒന്നും കണ്ടു കിട്ടിയില്ല... അപ്പോഴാണ് ആ ആഴ്ചത്തെ "വനിത" കാമുകിയുടെ കണ്ണില്‍ പെട്ടത് Dr. ലക്ഷ്മി നായര്‍ 6 മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നിരിക്കുന്നു... അതില്‍ നിന്ന് എളുപ്പമുള്ളതു കാമുകി സെലക്ട്‌ ചെയ്തു ..

റവ ലഡ്ഡു !!!
നെയ്യും റവയും മൂപിച്ച... റവയും പഞ്ചസാരയും പൊടിച്ചു... അതില്‍ അണ്ടിപരിപ്പും മുന്തിരിയും ചേര്‍ത്ത് ഉരുളകളാക്കുക..
ഇതിലും എളുപ്പം വേറെന്തിരിക്കുന്നു... കാമുകി അടുക്കളയില്‍ യുദ്ധത്തിനു തയ്യാറായി...
ഈ റവ ലഡ്ഡു തിന്നുമ്പോള്‍... കാമുകന്റെ മനസ്സും വയറും നിറയുന്നതും... ഇതിനു പകരമായി കാമുകിയെ കാമുകന്‍ സ്നേഹം കൊണ്ട് വാരി പുണരുന്നതും. .. ആ സ്വപ്നങ്ങള്‍ക്കിടയില്‍.. റവ കരിഞ്ഞു പോയത് കാമുകി കണ്ടില്ല...
സാരമില്ല... ഇത്തിരി അല്ലെ കരിഞ്ഞുള്ളൂ... കാമുകി രുചിച്ചു നോക്കി കുഴപ്പമില്ല...
കാമുകനോടുള്ള തന്റെ സ്നേഹം എത്ര പഞ്ചസാര ചേര്ത്തിട്ടാണ് കാമുകനെ അറിയിക്കുക... ഒട്ടും കുറവ് പാടില്ല... 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര കൂടുതല്‍ ഇട്ടു...

മധുര സ്വപ്നങ്ങളുമായി കാമുകി റവ ലഡ്ഡുവുമായി പുറപ്പെട്ടു ... കാമുകന്‍ കാമുകിയെ കാത്തു നില്‍പ്പുണ്ടായിരുന്നു... സംസാരത്തിന്റെ ഇടയില്‍ കാമുകി കാമുകന് കൊണ്ട് വന്നിട്ടുള്ള റവ ലഡ്ഡു നീട്ടി

ഏതോ വിപത്ത് മുന്നില്‍ കണ്ടു കൊണ്ട് കാമുകന്‍ കൈ നീട്ടി … കാമുകന് താന്‍ ഉണ്ടാക്കിയ റവ ലഡ്ഡു നീട്ടിയപ്പോള്‍ കാമുകിയുടെ മനസ്സും കണ്ണും നിറഞ്ഞു … കാമുകന്‍ മെല്ലെ മെല്ലെ കഴിക്കാന്‍ തുടങ്ങി … മെല്ലെ മെല്ലെ കാമുകന്‍ കാമുകിയുടെ അടുത്ത് നിന്ന് നീങ്ങി മാറുന്നതായി കാമുകിക്ക് തോന്നി …

എങ്ങനെയുണ്ട് കൊള്ളാമോ ?? കാമുകി ആകാംക്ഷയോടെ ചോദിച്ചു … റവ ലഡ്ഡു ഇറക്കാന്‍ പാടുപെട്ടു കൊണ്ട് കാമുകന്‍ പറഞ്ഞു … “വളരെ നന്നായിട്ടുണ്ട് !!!!”


അതവരുടെ അവസാന കണ്ടുമുട്ടല്‍ ആയിരുന്നു … പിന്നീടൊരിക്കലും കാമുകന്‍ കാമുകിയെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം !!!


Monday, November 7, 2011

വിശ്വസിച്ചാലും ഇല്ലെങ്കിലും


ഒരു പഴയ പോസ്റ്റ്‌ റിപോസ്റ്റ് ചെയ്യുന്നു...


മഴപെയ്തു നനഞ്ഞ ഇടവഴി... അവളും കൂടുകാരി അശ്വതിയും സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബദ്ധപാടില്‍ നടക്കുകയാണ് .. പെട്ടെന്നാരോ പിറകില്‍ നിന്ന് വിളിക്കുന്നതായി അവള്‍ക്കു തോന്നി ... തിരിഞ്ഞു നോക്കാതിരിക്കാന്‍ തോന്നിയില്ല ...

ഒരു സ്ത്രീയും കുട്ടിയും അവളെ നോക്കി ചിരിച്ചു...

ട്ടപാച്ചിലില്‍ അവരോടു ചിരിക്കാന്‍ അവള്‍ മറന്നു .... പൊതുവേ ചിരിക്കാന്‍ അവള്‍ മടിച്ചിരുന്നു.... ക്ലാസ്സില്‍ മലയാളം ടീച്ചര്‍ "ഉതുപ്പാന്റെ കിണര്‍" തകര്ത്തെടുക്കുന്നു... പൊതുവേ മലയാളം സാഹിത്യത്തോട് താല്‍പ്പര്യമില്ലാത്ത അവള്‍ ജനലിലുടെ പുറത്തേക്കു നോക്കി... ആ സ്ത്രീയും കുട്ടിയും അവളെ നോക്കി ചിരിക്കുന്നു...
അവര്‍ ഇവിടെ എങ്ങനെ എത്തി??
അവള്‍ ചെറുതായൊന്നു ചിരിച്ചു... അശ്വതിയോട്‌ തിരിഞ്ഞു പറഞ്ഞു ആ സ്ത്രീയെ കുറിച്ച്.... അശ്വതി ജനലിലൂടെ പുറത്തേക്കു നോക്കി...
ആരും അവിടെ ഉണ്ടായിരുന്നില്ല!!!

പിന്നെയും അവള്‍ അവരെ കണ്ടു...
അവളെ കാണാനായി അവര്‍ എന്നും വരും....

അവള്‍ക്കു ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നതായി അവള്‍ അറിഞ്ഞു... അടുത്ത കൂട്ടുകാരിയായ അശ്വതി പോലും അവളെ പേടിച്ചു മാറി നില്‍ക്കുന്നു... ഒറ്റയ്ക്കിരിക്കുമ്പോള്‍ പലപ്പോഴും അവള്‍ വാവിട്ടു കരഞ്ഞു.... മുന്നില്‍ വച്ച ഭക്ഷണം തട്ടി തെറുപ്പിച്ചു ... എന്തൊക്കെയോ പിറുപിറുത്തു... രാവും പകലും ഉറങ്ങാതെ അവളിരുന്നു... സ്കൂളില്‍ പോക്ക് നിര്‍ത്തി... ള്ളിയിലെ ഉസ്താത് പ്രാര്‍ത്ഥിച്ചു കൊടുത്ത ചരടും കൈയ്യില്‍ കെട്ടി അവള്‍ വീട്ടിലിരുന്നു .. ആ ചരട് മുറിച്ചു കളയാന്‍ ആ സ്ത്രീയും കുട്ടിയും അവളോട്‌ പറയുന്നതായി അവള്‍ക്കു തോന്നി...

ദിവസങ്ങള്‍ പോയി...
ഒരു മാറ്റവുമില്ലാതെ അവള്‍ അലറി കരഞ്ഞു...
മഴയുള്ള ഒരു വൈന്നേരം..
കര്‍ക്കിടക മാസത്തിലെ അവസാനത്തെ മഴയാണെന്നു തോന്നുന്നു... വളരെ ശക്തിയായി മഴ സംഹാര താണ്ഠവമാടി... കറുത്ത വാവായിരുന്നു അന്ന്... മഴയുടെ ഏതോ നിമിഷത്തില്‍ ആ മാന്ത്രിക കോലത്തിനു മുന്നില്‍ അവള്‍ ഇരുന്നു... കണ്ണില്‍ ഇരുട്ട് കയറി... അവള്‍ അലറി കരഞ്ഞു... അവളിലെതോ ശക്തി പ്രവഹിക്കുന്നതായി അവള്‍ക്കു തോന്നി... മാന്ത്രിക കളത്തിലെ ചൂടില്‍ ... അവള്‍ എരിഞ്ഞടങ്ങാന്‍ പോകുന്നതായി അവള്‍ക്കു തോന്നി... കാലിട്ടടിച്ചും.. കൈയ്യിട്ടടിച്ചും അവള്‍ ദേഷ്യം തീര്‍ത്തു...

ജനലിലുടെ ഒരുപാടു കുഞ്ഞു തലകള്‍ അവളെ നോക്കി ഇരിക്കുന്നുണ്ട്...
പെട്ടെന്നായിരുന്നു അത് ...
ഒരുപാടു ശക്തിയോടെ മുടിയൊക്കെ അഴിച്ചിട്ടു അവള്‍ അലറി വിളിച്ചു...
ഒരു നിശ്ശബ്ദത...
ഏറെ നേരത്തെ നിശബ്ദതക്കു ശേഷം അവള്‍ ഒരു ഏമ്പക്കം വിട്ടു...
മെല്ലെ ആ മാന്ത്രിക കളത്തില്‍ അവള്‍ കിടന്നു...
മഴയുടെ ശക്തി കുറഞ്ഞു വന്നു... ചെറിയ ഒരു കാറ്റ് ഉള്ളിലെ ചൂടിനെ ചെറുതായി തണുപ്പിച്ചു...
മെല്ലെ അവള്‍ എഴുനേറ്റു... എന്തോ ഒരു പ്രകാശം അവളുടെ മുഖത്ത്... ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ അവള്‍ എല്ലാവരെയും നോക്കി ചിരിച്ചു...

മുന്നില്‍ വച്ചിരുന്ന കാഞ്ഞിര മുട്ടിയില്‍ ഒരു ആണി അടിച്ചിരുന്നു... അതും പൊക്കി മന്ത്രവാദി പറഞ്ഞു...
ബാലവാടിയുടെ അടുത്തുണ്ടായിരുന്ന കിണറ്റില്‍ ചാടി ചത്ത ടീച്ചര്‍ ആയിരുന്നു... മരിക്കുമ്പോള്‍ ഗര്‍ഭിണി ആയിരുന്നു... ഇനി ഒരു ശല്യവും ഉണ്ടാവില്ല... എല്ലാം ഞാന്‍ ശരിയാക്കിയിട്ടുണ്ട്...
ഒന്നും മനസിലാവാതെ അവള്‍ എല്ലാവരെയും തിരിഞ്ഞു നോക്കി...

ആരും ഒന്നും പറഞ്ഞില്ല... അടക്കിയ കരച്ചില്‍ ആയിരുന്നു ആ മുറി മുഴുവന്‍ ... ആരോ ചെയ്ത പാപം... അതിന്റെ പിഴ അനുഭവിച്ചത് അവളും... ഇന്നും എല്ലാവരും അവളോട്‌ ഒരു അകലം സൂക്ഷിക്കുന്നു... കുറച്ചു കാലം ഒരു പ്രേതം അവളുടെ കൂടെ കഴിഞ്ഞെന്നു ഓര്‍ക്കുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു ചിരി വിരിയും...

വാല്‍കഷ്ണം :

കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല... ഇതിനെ psychological disorder എന്നും പലരും പറയും... പക്ഷെ നാട്ടിന്‍ പുറങ്ങളില്‍ ഇന്നും ഇതിനെ ബാധ കൂടി എന്നാണു പറയാറ്... ഇതിനെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്... പ്രേതവും പുനര്‍ജന്മവും ഒന്നുമില്ല എന്ന് വിശ്വസിചിരുന്നപോഴാണ്... അശ്വതി ചേച്ചി ഈ കഥ പറഞ്ഞു തന്നത്... ഇന്നും ഇത് എന്റെ മുന്നില്‍ ഒരു mystery ആണ്... എനിക്കും അറിയില്ല എന്താണ് അവളില്‍ സംഭവിച്ചത് എന്ന് !!!


Wednesday, October 19, 2011

കമന്റുകള്‍ മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടും!!!

എന്തെഴുതണം എങ്ങനെ എഴുതണം എന്ന് അറിയില്ല... ഒരു ലവ് ലെറ്റെറിന്റെ തുടക്കം പോലെ ഉണ്ട്... അത് കൊണ്ട് ഈ തുടക്കം വേണ്ടാ... എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും ഒരു സന്തോഷ വാര്‍ത്ത‍ ഉണ്ട്!!!

ഞാന്‍ ബ്ലോഗ്‌ എഴുത്തില്‍ നിന്ന് കമന്റ്‌ എഴുത്തിലേക്ക്‌ എന്റെ മേഖല തിരിച്ചു വിടാന്‍ ഒരുങ്ങുന്നു... എല്ലാവര്‍ക്കും കമന്റുകള്‍ മൊത്തമായും ചില്ലറയായും എഴുതി കൊടുക്കുന്നതാണ്... പലരും ഫോളോവേര്‍സ് ഇല്ലാത്തതിന്റെം കമന്റ്‌ ഇല്ലാതത്തിന്റെം സങ്കടം പറഞ്ഞപ്പോള്‍ ... സഹിക്കവയ്യതെയാണ് ഞാന്‍ ഈ കടുത്ത തീരുമാനം എടുക്കുന്നത്...

ഞാന്‍ ആദ്യമായി എഴുതി തുടങ്ങിയത് എന്നാണെന്ന് ഓര്‍മയില്ല... പക്ഷെ എന്റെ എഴുത്തിനു തുടക്കം കുറിച്ചത് ഒരു അസൂയയാണ് ... ഇതുവരെ ഞാന്‍ പുറത്തു വിടാത്ത ആ രഹസ്യം ഞാന്‍ ഇന്ന് വെളിപെടുത്തുകയാണ്... ഒരു 12 വര്‍ഷങ്ങള്‍ക്കു മുന്പ്....1999 എനിക്ക് 9 വയസ്സ് ... എന്റെ ചേട്ടന്‍ നന്നായി വരയ്ക്കുമായിരുന്നു... എല്ലാ യുവജനോത്സവ കാലം ആവുമ്പോഴും എല്ലാ പത്രങ്ങളിലും ഒരു ഫോട്ടോയും വാര്‍ത്തയും സബ് ജില്ല കലോത്സവം ചിത്ര രചന ഫസ്റ്റ് നിതിന്‍ ഇത്രയും പോരെ എന്റെ അമ്മയ്ക്ക്.... ആ ചിത്രം വെട്ടി വയ്ക്കലും നാട്ടുകാരെ കാണിക്കലും... ട്രോഫികള്‍ നിരത്തി വയ്ക്കലും.... ഞാന്‍ എന്നൊരു ഒരു കുഞ്ഞു ജീവി ഉള്ളതായിട്ടെ ഭാവിക്കില്ല... അന്നെനിക് മനസിലായി പത്രത്തില്‍ ഫോട്ടോ വന്നാലെ കാര്യമുള്ളൂ... ഞാന്‍ ഒരു കടുത്ത തീരുമാനം എടുത്തു കവിത എഴുതുക ... അന്ന് ഈ പത്രത്തില്‍ എന്നും ഒരു ചര്‍ച്ചയെ ഉണ്ടായിരുന്നുള്ളൂ... y2k y2k... ഇതെന്താണെന്നു ചോദിച്ചപ്പോള്‍ അല്ലെ കാര്യം മനസിലായത്... 2000 വരുന്നത് കൊണ്ട് കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്ത ഡേറ്റ്സില് മാറ്റം വരുത്തണം... അങ്ങനെ എന്തൊകെയോ... എന്റെ കൊച്ചു തലയില്‍ ബുദ്ധി ഉദിച്ചു... കുരുട്ടു ബുദ്ധി എന്ന് പറയരുത്!!! ഞാനും കവിത എഴുതി!!!!

Y2k y2k

ലോകം കണ്ടൊരു y2k

ഇന്ത്യ കണ്ടൊരു y2k

കേരളം കണ്ടൊരു y2k

എന്താണീ y2k

ഇത് വെറുമൊരു 2000!!!

ആരും അറിയാതെ ഞാന്‍ ഇത് കേരള കൌമുദിയില്‍ അയച്ചു കൊടുത്തു കാരണം ആരെങ്കിലും അറിഞ്ഞാല്‍ ഇത് അച്ചടിച്ച്‌ വന്നില്ലെങ്കില്‍ മോശമല്ലേ നമ്മുടെ ഇമേജ് തകരില്ലേ.. ഞാന്‍ എന്തൊക്കെ നേര്‍ച്ചനേര്‍ന്നിട്ടുണ്ടെന്നു എനിക്ക് തന്നെ ഓര്‍മയില്ല കേരള കൌമുദിയില്‍ തിങ്കളാഴ്ച വരാറുള്ള ബാലലോകത്തില്‍ എന്റെ പ്രശസ്തമായ കവിത അച്ചടിച്ച്‌ വന്നു with അച്ഛന്റെ പേരും അഡ്രസ്സും .. ആദ്യം കണ്ടത് അച്ഛനോ അമ്മയോ ആവണം ... അവര്‍ ഞെട്ടിത്തരിച്ചു പോയി കാണണം... അടുക്കളയില്‍ പാത്രമൊക്കെ തെറിച്ചു വീഴുന്ന ശബ്ദം ഞാന്‍ ഉറക്കത്തില്‍ കേട്ടിരുന്നു... ഇനി എന്റെ പേരില്‍ ആരെങ്കിലും അയച്ചതാണോ എന്ന് അവര്‍ ചിന്തിച്ചിരിക്കാം... പക്ഷെ അതിനു ഒരു ആഴ്ച മുന്പ് ഞാന്‍ പോസ്റ്റല്‍ കവര്‍ വാങ്ങണം എന്ന് പറഞ്ഞതും പോസ്റ്റ്‌ ഓഫീസില്‍ പോയതും എല്ലാം കൂടി ചേര്‍ത്തപ്പോള്‍ അവര്‍ ഉറപ്പിച്ചു... ഇത് ഞാന്‍ അയച്ചത് തന്നെ !!

പിന്നീട് കുറച്ചു ദിവസത്തേക് ഒരു വി.ഐ.പി സൌകര്യത്തോടെ ഞാനും ജീവിച്ചു … ആരാധകരുടെ ഫോണ്‍ വിളികള്‍ (ഈ ആരാധകര്‍ എന്റെ വല്യച്ചനും വല്യമ്മയും അച്ഛന്റെ കൂടുകരും ഒക്കെ തന്നെ )… പത്രത്തില്‍ നിന്ന് അമ്മ എന്റെ കവിത വെട്ടി എടുത്തു ആല്‍ബത്തില്‍ വച്ചതും … ആളുകള്‍ വരുമ്പോള്‍ കാണിച്ചു കൊടുക്കലും … എന്നിലെ കവയിത്രിക്ക് ഒരുപാടങ്ങ്‌ പിടിച്ചു … പിന്നെ കവിത പത്രത്തില്‍ അയക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല … അതിനു കാരണം എന്താന്നെനു അറിയില്ല … പിന്നീട് 10 ല്‍ പഠിക്കുമ്പോള്‍ വിദ്യാഭ്യാസ മന്ത്രിക് ഒരു കത്തയച്ചിരുന്നു … അതും പത്രത്തില്‍ വന്നു … പിന്നെ നാട്ടിലൊക്കെ ഞാന്‍ ഒരു എഴുത്തുകാരീടെ മുമൂടി ഇട്ടു നടന്നു …

അങ്ങനെ കാലങ്ങള്‍ കഴിഞ്ഞു … എന്നിലെ എഴുത്തുകാരി ജീവിത പ്രതിസന്ധികളില്‍ എവിടെയൊക്കെയോ തളര്‍ന്നു പോയി … പിന്നീട് ആന്‍ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകള്‍ വായിച്ചപ്പോള്‍ .. അതില്‍ പ്രേരണ ഉള്‍ക്കൊണ്ട്‌ ഡയറി എഴുതി തുടങ്ങി … എന്റെ ഡയറി ആയിരുന്നു എനിക്കെനും കൂട്ട് .. ഓരോ പ്രായത്തിലും എന്റെ മനസിലൂടെ എന്തൊക്കെ കടന്നു പോയിട്ടുണ്ടെന്ന് എന്റെ ഡയറിക്ക് മാത്രമായിരിക്കും അറിയുക … അങ്ങനെ ബി .ടെക് ജോയിന്‍ ചെയ്തതോടെ ഡയറി എഴുതാന്‍ കൂടി സമയം കിട്ടാതെ ആയി … അപ്പോഴാണ്‌ ഞാന്‍ ഡയറിയില്‍ എഴുതുന്ന പൊട്ടത്തരങ്ങള്‍ കൂട്ടത്തില്‍ (social networking site)ബ്ലോഗ്‌ ആയി എഴുതാന്‍ തുടങ്ങിയത് … അതിനൊകെ തരക്കേടില്ലാത്ത അഭിപ്രായങ്ങളും കിട്ടി …അപ്പോഴാണ് എന്റെ സുഹൃത്ത്‌ രാഹുല്‍ എന്ത് കൊണ്ട് ബ്ലോഗ്‌ തുടങ്ങികൂടാ എന്ന് ചോദിച്ചത് … എന്തൊകെ ചെയ്യണം എന്നും പറഞ്ഞു തന്നു … എന്റെ ബ്ലോഗിങ്ങ് ഗുരു എന്ന് വേണമെങ്കില്‍ അവനെ വിശേഷിപ്പികാം …. അങ്ങനെ എഴുതി തുടങ്ങി …ആരും ശ്രദ്ധിക്കാതെ പോയ ഒരു ബ്ലോഗ്‌ … വല്ലപ്പോഴും ഈച്ചയും പാറ്റയും വന്നാലായി … ഇടയ്ക്ക് ആരെങ്കിലുമൊക്കെ വന്നു കമന്റ്‌ ഇട്ടാലായി … അപ്പോഴും അഹങ്കാരത്തോടെ ഞാന്‍ വിചാരിച്ചു … ഇവരോകെ ആരാ എന്നെ വിമര്‍ശിക്കാന്‍ … ഇവരുടെ ഒന്നും കവിത പത്രത്തില്‍ വന്നിട്ടില്ലല്ലോ … പിന്നെന്തിനാ ഇവരൊക്കെ വന്നു കുറ്റം പറയുന്നത് … അങ്ങനെ ഇരിക്കെ ഞാന്‍ ചുമ്മാ ഒരു ബ്ലോഗ്‌ പര്യടനത്തിനു ഇറങ്ങി … എന്നെ ഞെട്ടിപ്പിക്കുന്ന ആ സത്യം ഞാന്‍ മനസിലാകി … ദൈവമേ … ഈ ലോകം മുഴുവന്‍ എഴുത്തുകാരാണോ … ജാനകി ചേച്ചിയോകെ എഴുതുന്നത്‌ വായിച്ചപ്പോള്‍ ഞാന്‍ ഉറപ്പിച്ചു .. .കൈ കീബോര്‍ഡില്‍ നിന്ന് എടുക്കുന്നതാണ് നല്ലത് (പണ്ടാണെങ്കില്‍ തൂലിക വച്ച് കീഴടങ്ങുക എന്ന് പറയാം ) അങ്ങനെ ബ്ലോഗ്‌ പര്യടനതിടെ ഒരുപാടു നല്ല ബ്ലോഗുകള്‍ കണ്ടു … എന്റെ ഉപാസന , ഇലച്ചാര്‍ത്തുകള്‍, അമ്മുന്റെ കുട്ടി

നീര്‍വിളാകാന്‍
… ഇതിനൊരു അവസാനം ഇല്ല …പിന്നെ ആരാണീ പറയുന്നത് മലയാളത്തില്‍ എഴുത്തുകാരില്ല … വായനക്കാരില്ല എന്നൊക്കെ … ഞാന്‍ കാണുന്നവരെല്ലാം എഴുത്തുകാരാണ് … പണ്ടേ ഈ ബ്ലോഗിങ്ങ് ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ കൂട്ടുകാര്‍ പലരും ഇന്നത്തെ എഴുത്തുകാര്‍ എന്ന് വ്യാഖ്യാനിക്ക പെടുന്നവര്‍ക്ക് ഒപ്പത്തിനൊപ്പം നില്ക്കാന്‍ കഴിവുള്ളവര്‍ ആണെന്ന് എനിക്ക് തോന്നുന്നു … (എന്റെ അഭിപ്രായം മാത്രാമാണ് …മുന്‍കൂട്ടി അറിയിക്കാതെ തല്ലാന്‍ ആളെ വിടരുത് )

ബ്ലോഗുകളിലൂടെ കടന്നു പോയപ്പോഴാണ് പലരും കമന്റ്‌ ഇല്ലാത്തതിന്റെം ഫോളോവേര്‍സ് ഇല്ലാത്തതിന്റെം സങ്കടം പറഞ്ഞു കേട്ടത് പാവം മഹേഷ്‌ ചേട്ടന്‍ എന്തൊക്കെ ഓഫര്‍ മുന്നില്‍ വച്ചപ്പോള്‍ ആണ് കമന്റുകള്‍ കിട്ടി തുടങ്ങിയത് എന്ന് ഓര്‍ത്തു പോയി …ഇങ്ങനെ വിഷമിക്കുന്നവര്‍ക്കെല്ലാം തണലേകാന്‍ ഞാന്‍ വരുന്നു … കമന്റുകള്‍ മൊത്തമായും ചില്ലറയായും എഴുതി കൊടുക്കുന്നതാണ് … അതിനു ചെയ്യേണ്ടത് ഇത്ര മാത്രം … എന്നെ ഫോളോ ചെയ്യുക (ഇതിത്തിരി മോശമായി പോയി അല്ലെ …) അത് കൊണ്ട് ഫോളോ ചെയ്യണം എന്നില്ല … നിങ്ങളുടെ ബ്ലോഗ്‌ url ഇവിടെ കൊടുത്താല്‍ മതി … ഞാന്‍ കമന്റ്‌ ചെയ്യുന്നതാണ് … ഇനി ഒരു ടിപ്, കമന്റ്‌ ആവശ്യമുള്ളവര്‍ക്ക് : നമ്മള്‍ പോയി ആരുടെ എങ്കിലും ബ്ലോഗില്‍ കമന്റ്‌ ഇടണം അപ്പോള്‍ അവരും നമ്മുടെ ബ്ലോഗില്‍ കമന്റ്‌ ഇടും … അങ്ങനെ എല്ലാരും പരസ്പ്പര സഹായത്തോടെ ജീവികുക … ബ്ലോഗ്‌ എഴുത്തുകാര്‍ വിജയിക്കട്ടെ !!!!

Friday, October 7, 2011

വേഴാമ്പല്‍
പ്രത്യേകതകളില്ലാത്ത ഒരു ദിവസം.. എഴുതിയിട്ട് ഒരുപാടായി.. ഒന്നും തന്നെ എഴുതാന്‍ തോന്നുന്നില്ല... ഇന്നിത്തിരി സെന്റി ലൈന്‍ ആവാം അല്ലെ??

മഹത്ത്വ പൂര്‍ണമായ 4 വര്ഷം ബി.ടെക് പഠിച്ചു തീര്‍ത്തു... പഠിച്ചോ? എന്ന് സൂക്ഷിച്ചു ചോദിച്ചാല്‍ ബ..ബ..ബ അടിക്കും... അതോണ്ട് പഠിച്ചു തീര്‍ത്തു എന്ന് പറഞ്ഞാല്‍ ശെരിയാവില്ല... കോളേജില്‍ പോയി 4 കൊല്ലം എന്ന് പറയാം... പോയിട്ടിപ്പോ എന്തോന്ന് കിട്ടി എന്ന് ചോദിച്ചാല്‍ ... കൈ മലര്ത്തുകയെ നിവര്ത്തിയുള്ളു... ശെരി കഷ്ടപ്പെട്ട് 4 കൊല്ലം അവിടെ വരെ പോയി വന്നില്ലേ ഈ കൊച്ചുങ്ങള്‍ എന്നൊരു സിമ്പതി ആര്‍ക്കും തന്നെ ഇല്ല... ബി.ടെക് പഠിച്ചിറങ്ങിയവര്‍ നേരിടുന്ന ആദ്യ ചോദ്യം!!!

1. നിങ്ങളുടെ കോളേജില്‍ ക്യാമ്പസ്‌ സെലക്ഷന്‍ വന്നില്ലേ ??
2. ജോലി ഒന്നും കിട്ടിയില്ലേ??
3. എന്താ ഇപ്പൊ വെറുതെ ഇരിക്കുകയാണോ വീട്ടില്‍ ??
4. അപ്പുറത്തെ വീടിലെ "x" ന്റെ മോന് ഇന്ഫോസിസില് ജോലി കിട്ടിയല്ലോ

നമ്മുടെ വീട്ടുകാര്‍ക്ക് പോലും ഉണ്ടാവില്ല ഇത്രയും ടെന്‍ഷന്‍ ...അപ്പൊ വിചാരിക്കും ഈ ചോദിക്കുന്ന വ്യക്തികളൊക്കെ... എന്നും ജോലിക്ക് പോയി സമ്പാദിച്ചു കൊണ്ടുവരുന്ന ആള്‍ക്കാരാണെന്ന്... പക്ഷെ... വീട്ടിലിരുന്ന സീരിയല്‍ കാണുന്നവര്‍ക്കാന് കൂടുതല്‍ ഇളക്കം... ഇപ്പോള്‍ എന്റെ ഓരോ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഈ ചോദ്യങ്ങള്‍ക്കിടയില്‍ ആണ്...

ഒരിക്കല്‍ രാഹുല്‍ പറഞ്ഞത് പോലെ... ഈ അവസ്ഥയെ നമുക്ക്... ഇല കൊഴിഞ്ഞ ഒരു മരവുമായി താരതമ്യം ചെയ്യാം ... കിളികളും കൂടുകളും ഒന്നും ഇല്ല ആ മരത്തില്‍ ... ഇനി ഒരു മഴയാണ് വേണ്ടത്... മണ്ണിനെ തണുപ്പിക്കാന്‍ മനസ്സിനെ തണുപ്പിക്കാന്‍ .. ഇനി ഇലകള്‍ വരേണ്ടി ഇരിക്കുന്നു... പൂക്കള്‍ വിരിയെണ്ടി ഇരിക്കുന്നു... ഒരു പാട് പുതിയ കിളികള്‍ വരണം.. കൂടുകൂട്ടണം.. അങ്ങനെ ആ മരം പടര്‍ന്നു പന്തലിക്കും... അപ്പോള്‍ ഞാന്‍ മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്ന വേഴാമ്പല്‍ ആണോ എന്ന് തോന്നാം... ആവാം... . വേഴാമ്പല്‍ എന്തിനാണ് മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്നത് എന്ന് അറിയുമോ??

വേഴാമ്പല്‍ ഒരുപാട് പ്രത്യേകതകള്‍ ഉള്ള ഒരു പക്ഷിയാണ്...
നവംബറില്‍ അവ ഇണയുമായി കൂട് തേടി നടക്കും... ആയുഷ്ക്കാലം മുഴുവന്‍ ഒരു വേഴാമ്പലിനു ഒരു ഇണ മാത്രമേ ഉണ്ടാകു.. ഒരു കൂടും ... കൂടിനു പറ്റിയ സ്ഥലം കണ്ടെത്തി കഴിഞ്ഞാല്‍ സ്വന്തം കാഷ്ടം ഉപയോഗിച്ചവ കൂട് ഉണ്ടാക്കും... പിന്നീട് അതില്‍ മുട്ടയിട്ടു... കൊക്ക് മാത്രം വെളിയിലിട്ടു മുട്ടയ്ക്ക് അട ഇരിക്കും...ഈ സമയം ആണ്‍ വേഴാമ്പല്‍ അമ്മയ്ക്കും കുഞ്ഞിനുമുള്ള പഴങ്ങള്‍ ശേഖരിക്കുകയാവും.. പിന്നീട് മാര്‍ച്ച്‌ മാസം... വേനല്‍ മഴ കാലത്ത് മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്ത് വരും...ഈ സമയം ന്റെ പ്രാണനാഥനെയും കാത്തു പെണ്‍ വേഴാമ്പല്‍ മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുകയാവും..

ഞാന്‍ അങ്ങനെ ഒരു പ്രാണനാഥന് വേണ്ടി കാത്തിരിക്കുന്നില്ല... ഒരു നനുത്ത മഴയ്ക്കായി...പുതുമഴ പെയ്യുമ്പോള്‍ മണ്ണില്‍ നിന്ന് വരുന്ന ണത്തിനായി... ആ കുഞ്ഞു നിമിഷത്തിനു വേണ്ടി മാത്രമായാണ് ഞാന്‍ കാത്തിരിക്കുന്നത്..

Saturday, July 30, 2011

പ്രണയം പൊട്ടിപുറപ്പെട്ടപ്പോള്‍ ...


ഒരു 2 വര്‍ഷം മുമ്പത്തെ കഥയാണ്...

കോളേജില്‍ ആര്‍ട്ട് ഫെസ്റ്റിന്റെ തിരക്കിലാണ് എല്ലാവരും... ഇപ്പ്രാവശ്യം ഞങ്ങളുടെ ക്ലാസ്സിന്റെ വക ഗ്രൂപ്പ് ഡാന്‍സ് പ്ലാന്‍ ചെയ്തിട്ടുണ്ട്... ആളെ തികയാത്തത് കൊണ്ട് ഞാനും ആ കൊടുംകൈക്ക് മുതിര്‍ന്നു... ഇതിനിടയില്‍ എന്റെ ഒരു കൂടുകാരിക്ക് ചെറിയതോതില്‍ പ്രണയം മോട്ടിട്ടിട്ടുണ്ട് ...
കാമുകന്‍ മിക്കവാറും ഞങ്ങളുടെ ക്ലാസ്സ്‌ റൂമിന്റെ വാതിലില്‍ കാണും... പുള്ളിക്കാരി തട്ടത്തിന്റെ ഇടയിലൂടെ കാമുകനെ ഇടയ്ക്കിടെ ഒളി കണ്ണിട്ടു നോക്കും... കാമുകന് മനസിലായി പുള്ളിക്കാരിക്ക് കലശലായ പ്രേമം തുടങ്ങിയിട്ടുണ്ടെന്നു... പറയാനുള്ള മടിയാനെന്നും... ആളൊരു കൊച്ചു സുന്ദരിയാനെന്നാണ് പുള്ളിക്കാരിയുടെ വിചാരം... അത് കൊണ്ട് തന്നെ എവിടെ തനിച്ചു പോകാനും പേടിയാണ്... ആരേലും എപ്പോഴും കൂടെ വേണം (ഇത് 2
ര്‍ഷം മുന്നിലത്തെ കഥ... ഇന്ന് കഥ മാറി.. ഇപ്പോള്‍ കാമുകനേം കാമുകിയേം... ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ നിന്ന് പൊക്കലാണ് ടീച്ചര്‍ മാരുടെ പ്രധാന ജോലി )

തിരക്കുകളില്‍ പെട്ട് ... ഞാനും പലതും മറക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു... ഒരു പാട് തവണ ഞങ്ങളുടെ സൗഹൃദം പ്രണയമാണെന്ന് അവന്‍ വാദിച്ചു... ഒരിക്കലും ആവില്ല ... എനിക്കോ പ്രണയം?? ഞാന്‍ സമ്മതിച്ചു കൊടുത്തില്ല... അതും ഇതുവരെ കാണാത്ത ഒരാളെ...ഞാന്‍ അവനെ കണ്ടിട്ടില്ല... പിന്നെ ഞാന്‍ എങ്ങനെ പ്രണയിക്കും.. പക്ഷെ നമ്മള്‍ ഈ സംസാരിക്കുന്നതു തന്നെയാണ് പ്രണയിക്കുന്നവരും സംസാരിക്കുന്നതു എന്ന് അവന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.... ഞാന്‍ അവനെ അവഗണിച്ചു തുടങ്ങി... തീരെ മിണ്ടാതെ ആയി... ഒരു പ്രാവശ്യം ചാറ്റ് ചെയ്തു എന്ന് വച്ച് അവനെ അങ്ങ് കേറി പ്രേമിക്കാന്‍ പറ്റുമോ?? ഞാന്‍ എന്നോട് തന്നെ പല തവണ ചോദിച്ച ചോദ്യമാണ്...

അങ്ങനെ തിരക്കുകളില്‍ ഞാന്‍ അവനെ മറക്കാന്‍ ശ്രമിച്ചു... പക്ഷെ അപ്പോഴേക്കും അവന്‍ എന്റെ ആരോക്കയോ ആയി കഴിഞ്ഞിരുന്നു... പക്ഷെ പ്രേമം!! അത് നമുക്ക് പറ്റിയ പണിയല്ല അത് കൊണ്ട് തന്നെ മെല്ലെ അവനെ മറക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു... എന്റെ തട്ടക്കാരി കൂട്ടുകാരി പക്ഷെ പിന്മാറുന്ന ലക്ഷണം കാണുന്നില്ല... എനിക്ക് തോന്നാത്തത് നിനക്കും തോന്നേണ്ട എന്ന് വിചാരിചിട്ടാവാം... അവളെ പിന്മാറ്റാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു കൊണ്ടിരുന്നു... ഇതൊന്നും നടക്കില്ല അവന്‍ നിന്നെ ചതിക്കും... നിന്റെ വീട്ടില്‍ അറിഞ്ഞാല്‍ അതിലും പ്രശ്നമാവും... രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണത്തിന് ശേഷം ഓരോ ഡോസ് ഉപദേശം ഞാന്‍ കൊടുത്തു കൊണ്ടേ ഇരുന്നു... പക്ഷെ അവളില്‍ ഒരു ഇളക്കവും കാണുന്നില്ല... അവള്‍ തട്ടത്തിന്റെ ഇടയിലൂടെ അവനെ നോക്കി കൊണ്ടേ ഇരുന്നു...

ഡാന്‍സ് പ്രാക്ടീസ് പൊടി പൊടിക്കുകയാണ്... jhoom barabar jhoom barabar jhoom...
ല്ലാവരും താളത്തിനൊത്ത്ചുവടുകള്‍ വച്ച് കൊണ്ടേ ഇരുന്നു... പക്ഷെ അതിനിടയ്ക്ക് ഒരാളുടെ താളം മാത്രം പോകുന്നു... അത് മറ്റാരുമല്ല ഞാന്‍ ആയിരുന്നു... ഡാന്‍സ് പഠിപ്പിക്കാന്‍ നിന്ന കൂടുകാരി എന്നെ രൂക്ഷമായി നോക്കി... ഡാന്‍സ് പ്രാക്ടീസ് മതിയാകി എല്ലാവരും അവരവരുടെ ജോലിയില്‍ മുഴുകി.. എന്റെ തട്ടകാരി കൂടുകാരി അവളുടെ കാമുകന്‍ വരുന്നതും കാത്തിരുന്നു... അവളുടെ സാന്നിധ്യം അരോചകമായി എനിക്ക് തോന്നി... ഇവിടെ ആദ്യമായി മനസ്സില്‍ തോന്നിയ പ്രണയത്തെ ഞാന്‍ മറക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ അടുത്തിരുന്നു പ്രണയത്തെ കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നു... അവളെ കാണാന്‍ അവന്‍ വന്നപ്പോള്‍ ... എന്നെ കാണാനും ആരെങ്കിലും വരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോയി....

അങ്ങനെ തോന്നാന്‍ പാടില്ല... മനസ്സ് തിരിച്ചു വിട്ടേ
മതിയാകു ... അതിനോരു വഴിയെ ഉള്ളു... പാട്ട് കേള്‍ക്കാം... തട്ടകാരി കൂടുകാരിയുടെ ഐ പോഡ് തന്നെ ശരണം... മെല്ലെ അവളുടെ കൈയ്യില് നിന്ന് ഐ പോഡ് വാങ്ങി... ദൂരെ മാറി ഇരുന്നു... പെട്ടന്ന് നരേഷ് െഎയ്യര്‍ ചെവിയില്‍ ഇരുന്നു പാടി..
ഹായ് മാലിനി .. ഐ അം കൃഷ്ണന്‍.. നാന്‍ ഇതു സോല്ലിയെ ആകണം നീ അവളോ അഴക്‌...
മുന്‍ ദിനം പാര്‍ത്തേനേ...
പാര്‍ത്തതും തോട്രേനെ...
സല്ലടായ് കണ്ണാകെ നെഞ്ഞവും പുണ്ണാണതേ....

ദൈവമേ ഈ പാട്ട് കേട്ടതും... എന്റെ എല്ലാ നിയന്ത്രണവും പോയി... എന്റെ ഉള്ളില്ലേ പ്രണയം... വേവാന്‍ തുടങ്ങി എന്ന് വേണം പറയാന്‍ ... ഇരുന്നാല്‍ ഇരുപ്പുയ്ക്കുന്നില്ല... നിന്നാല്‍ നില്‍പ്പുയ്ക്കുന്നില്ല... എന്നെ കൊണ്ട് ഒന്നിനും പറ്റുന്നില്ല... ഒരു പാട്ടിനു എന്റെ മനസ്സ് മാറ്റാന്‍ ഉള്ള കഴിവുണ്ടെന്ന് ഞാന്‍ അന്നാണ് അറിഞ്ഞത്...ത്രയും മൃദുല ഹ്രദയ ആണോ ഞാന്‍?? ....ഒരു പാട്ടിനു എന്റെ തീരുമാനം മാറ്റാന്‍ ഉള്ള കഴിവുണ്ടോ... അങ്ങനെ രണ്ടും കല്‍പ്പിച്ചു ഞാന്‍ തിരിച്ചു വന്നു...

ഫോണില്‍ നോക്കിക്കൊണ്ട്‌ തന്നെ ഞാന്‍ ഇരുന്നു... വേറെ ആരുടേയും ഫോണ്‍ ഞാന്‍ എടുത്തില്ല... അവന്‍ വിളിക്കുമ്പോള്‍ ബിസി ആവരുത് എന്ന് കരുതി...എങ്ങോട്ടും പോകാതെ ഫോണില്‍ മാത്രം നോക്കി ഞാന്‍ ഇരുന്നു... ഓരോ പ്രാവശ്യം ഫോണ്‍ റിംഗ് ചെയ്യുമ്പോഴും... അവനായിരിക്കണേ എന്ന് കരുതിയാണ് ഫോണ്‍ എടുത്തത്....സമയം പോയി കൊണ്ടേ ഇരുന്നു... അവന്‍ വിളിക്കുന്നില്ല...
മെല്ലെ ജി മെയില്‍ കയറി നോക്കി... അവനെ കാണാന്‍ ഇല്ല... ഇനി അവന്‍ വിളിക്കില്ലേ...
ഞാന്‍ പ്രണയം തിരിച്ചറിയാന്‍ വൈകി പോയോ...
അങ്ങോട്ട്‌ വിളിക്കാന്‍ ഒരു പാട് തവണ കൈ ഫോണില്‍ ചെന്നപ്പോഴും ഞാന്‍ എന്നെ നിയന്ത്രിച്ചു...
അവന്‍ വിളിക്കും... എന്റെ മനസ്സ് പറഞ്ഞു...

ഒരുപാട് നേരത്തിനു ശേഷം അവന്‍ വിളിച്ചു...
എനിക്കൊന്നും കേള്‍ക്കുണ്ടായിരുന്നില്ല... എന്റെ ചെവിയില്‍ നരേഷ് െഎയ്യര്‍ പാടി കൊണ്ടേ ഇരുന്നു...

മുന്‍ ദിനം പാര്‍ത്തേനേ...
പാര്‍ത്തതും തോട്രേനെ...
സല്ലടായ് കണ്ണാകെ നെഞ്ഞവും പുണ്ണാണതേ....

Wednesday, July 27, 2011

ഒരിക്കല്‍ കൂടി...


ഇന്നത്തെ രാത്രി അവള്‍ക്കു ഉറങ്ങാനേ കഴിഞ്ഞില്ല... നാളെ രാവിലെ അവളുടെ കഴുത്തില്‍ പ്രദീപ്‌ താലി കെട്ടും... തന്റെ രണ്ടാമത്തെ വിവാഹമാണ്... ഒരിക്കല്‍ പയറ്റി തോറ്റതാണ് നമ്മള്‍ രണ്ടു പേരും എന്ന് പ്രദീപ്‌ തമാശയ്ക്ക് പറയാറുണ്ട്‌... അത് കൊണ്ടാണോ എന്തോ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കി കിടക്കുകയാണ്... ലളിതമായ ഒരു ചടങ്ങ് മതി... ഗുരുവായൂര്‍ വച്ച് ഒരു താലി കെട്ട് എന്നത് അമ്മയുടെ അഭിപ്രായമാണ്... ആരും എതിര് പറഞ്ഞില്ല... രണ്ടു പേരുടേയും രണ്ടാം വിവാഹം ആയതു കൊണ്ട് തന്നെ... ഒരുക്കങ്ങള്‍ കുറവാണ്... പ്രദീപും വീട്ടുകാരും റൂം ബുക്ക്‌ ചെയ്തിരിക്കുന്നതും ഇതേ ഹോട്ടലില്‍ തന്നെയാണ്... രാത്രി ഇടനാഴിയില്‍ വരാന്‍ പ്രദീപ്‌ പറഞ്ഞതാണ്.... തലവേദനയാണെന്നു പറഞ്ഞു താന്‍ ഒഴിഞ്ഞു...

മനസ്സ് ഒരുപാട് തവണ ചോദിച്ചിട്ടും കിട്ടാതിരുന്ന ഉത്തരം ആണ്... എന്തിനായിരുന്നു വിവാഹ മോചനം? അനിലിനെ ഞാന്‍
സ്നേഹിച്ചിരുന്നില്ലേ ... എന്നിലെ എന്ത് കുറവ് കൊണ്ടാവും അനില്‍ എനില്‍ നിന്ന് അകന്നു മാറാന്‍ തുടങ്ങിയത്... ശാലിനി നീ സുന്ദരിയാണെന്ന് അനില്‍ ഒരിക്കലും പറഞ്ഞിരുന്നില്ല ... വെളിച്ചത്തില്‍ ഒരിക്കല്‍ പോലും ന്നെ ഒന്ന് സ്നേഹത്തോടെ നോക്കുകയോ മുടിയില്‍ തലോടുകയോ അദ്ദേഹം ചെയ്തിരുന്നില്ല...

എന്നോ ഒരിക്കല്‍ ന്റെ രീരത്തിലേക്ക് ഇരച്ചു കയറിയപ്പോഴും സ്നേഹം എന്തെന്ന് അവള്‍ അറിഞ്ഞില്ല.. ഒരിക്കല്‍ മാത്രം വിവാഹമോചനം കഴിഞ്ഞതിനു ശേഷം അനില്‍ തന്നെ കാണാന്‍ വന്നിരുന്നു... അന്ന് തന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു... നിനക്കൊരു പുതിയ ജീവിതം ഉണ്ടാവും... അതില്‍ നീ സന്തോഷവതിയാവും... എന്ത് കൊണ്ട് എന്നെ?? എന്ന ചോദ്യത്തിന്... സ്നേഹം എന്നില്‍ നിന്ന് ചോര്‍ന്നു പോയിരിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്...

അന്ന് മുതല്‍ തനിക്കു ഒരു പുതിയ കല്യാണത്തിനായി അമ്മ തിടുക്കം കൂട്ടി.. നമുക്കാരുമില്ല കുട്ടി.. നീ ഇങ്ങനെ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഞാന്‍ എങ്ങനെയാണ്?? ഇതേ വാക്കുകള്‍ തന്നെയാണ് അനിലുമായുള്ള വിവാഹത്തിന് മുന്പും അമ്മ പറഞ്ഞത്... അന്ന് പക്ഷെ
താന്‍ മനസ്സില്‍ മോഹിച്ചിരുന്നു... തനിക്കായി ഒരു രാജകുമാരന്‍ വരുമെന്ന്... അയലത്തെ കുട്ടികള്‍ എല്ലാം വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ താനും സങ്കല്‍പ്പിച്ചു തന്റെ പുരുഷനെ... പെണ്ണുകാണാന്‍ ആയി അനില്‍ വന്നപ്പോള്‍ തന്റെ സങ്കല്‍പ്പത്തെ മുന്നില്‍ കണ്ടത് പോലെ തോന്നി... വിവാഹം ഗംഭീരമായി തന്നെ നടന്നു... വിവാഹം കഴിഞ്ഞു രണ്ടു ദിവസം... അതിനുള്ളില്‍ തന്നെ അനില്‍ തന്നെയും കൊണ്ട് ബോംബയിലേക്ക് പോയി... അനിലന് കൊണ്ട് പോകാന്‍ മടി ഉണ്ടായിരുന്നതായി തനിക്കു തോന്നിയിരുന്നു... പക്ഷെ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി കൊണ്ട് പോയി... അനില്‍ ഉറങ്ങി കിടക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ നോക്കുമായിരുന്നു... കുഞ്ഞുങ്ങളൂടേത് പോലെ ആയിരുന്നു അദ്ദേഹത്തിന്റെ മുഖം... ഒരിക്കല്‍ മാത്രം തന്നെ ശാലിനി എന്ന് വിളിച്ചത് ഓര്‍ക്കുന്നു... ചായയില്‍ മധുരം ഇടാന്‍ ... പലപ്പോഴും വൈകി വരുമ്പോഴും ഞാന്‍ ചോദിച്ചിരുന്നില്ല എവിടെ പോയിരുന്നു എന്ന്??
ഒരു ദിവസം ഒരു കെട്ട് കടലാസുകള്‍ ഒപ്പീടിച്ചു കൊണ്ട് പോയപ്പോഴും
ഞാന്‍ ചോദിച്ചില്ല എന്തിനാണെന്ന്... ആദ്യമായി തന്നെ പുറത്തു കൊണ്ടുപോയപ്പോള്‍... ഞാന്‍ ഒരുപാട് സന്തോഷിച്ചു... അതൊരു വക്കീലിന്റെ ഓഫീസില്‍ ആയിരുന്നു... അവര്‍ തന്നോട് ചോദിച്ചു... എന്തിനാണിപ്പോള്‍ വിവാഹമോചനം... ഒന്നിച്ചു പോകാന്‍ പറ്റില്ലെന്ന് തീരുമാനിച്ചുവോ?? പിന്നീട് സംഭവിച്ചതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല...

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രണ്ടു ടിക്കറ്റ്‌ കൊണ്ടുതന്നു അനില്‍ പറഞ്ഞു... നമ്മള്‍ നാട്ടില്‍ പോകുന്നു... നിന്നെ നിന്റെ വീട്ടില്‍ ആക്കുന്നു... തന്നെ വീട്ടില്‍
കൊണ്ടാക്കി തിരിച്ചു പോകുമ്പോള്‍ അന്നാദ്യമായിട്ടാണ് അനില്‍ തന്നെ തിരിഞ്ഞു നോക്കിയത് ..

*******************************************************************************

രാവിലെ 9 മണിക്കാണ് മുഹൂര്‍ത്തം രാവിലെ നേരത്തെ ചെന്നാല്‍ തൊഴാം... പ്രദീപിന്റെ അമ്മ വന്നു പറഞ്ഞു... പ്രദീപ്‌ കുളിച്ചു വന്നിരിക്കുന്നു... അനിലിന്റെ അത്രയുമില്ലെങ്കിലും പ്രദീപും സുന്ദരനാണ്... എന്ത് കൊണ്ടാണ് അദ്ദേഹം
വിവാഹമോചിതനായത് എന്ന് താന്‍ ചോദിച്ചില്ല... പറയാന്‍ ഇഷ്ടപ്പെടുന്നില്ല എന്നു തോന്നി ... താഴെ ഇറങ്ങി ചെന്നപ്പോള്‍ പ്രദീപ്‌ ചോദിച്ചു താന്‍ ഇന്നലെ ഉറങ്ങിയില്ലേ?? ഒരു ക്ഷീണം മുഖത്തിന്‌ ..അവള്‍ മെല്ലെ ചിരിച്ചത് മാത്രമേ ഉള്ളു... ഞാനും ഉറങ്ങിയില്ല ... ഇവിടുന്നു നമുക്ക് നേരെ മൂന്നാര്‍ക്ക് പോകാം അല്ലെ?? പ്രദീപ്‌ ചിരിച്ചു... പ്രദീപിന്റെ മുഖത്ത് ഒരുപാട് സ്വപ്‌നങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്നതവള്‍ കണ്ടു...
Thursday, July 21, 2011

എന്റെ കിങ്ങിണിക്കുട്ടി ..