Friday, November 11, 2011

റവ ലഡ്ഡു ഉണ്ടാക്കിയ കഥ...


ഇതൊരു പ്രണയ കഥയാണെന്ന് തോന്നാം... പക്ഷെ ഇതൊരു പ്രണയ കഥ അല്ല... ഒരു പ്രണയത്തിന്റെ അവസാനം എന്ന് വേണമെങ്കില്‍ പറയാം.. . പ്രണയം അവസാനിക്കുമോ?? ഒരിക്കലും ഇല്ല... പ്രയിച്ചവര്‍ക്ക് മടുക്കുമായിരിക്കാം... പക്ഷെ പ്രണയം... പ്രണയിച്ചിരുന്നപ്പോള്‍ അവര്‍ കണ്ട സ്വപ്നം.. അവരുടെ പ്രണയം... അതിനൊന്നും ഒരിക്കലും അവസാനം ഇല്ല... പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും തങ്ങളുടെ പ്രണയം ദൈവീകമായ ഒന്നാണ്... പക്ഷെ മൂന്നാമന്... അവര് ലൈന്‍ ആയിരുന്നു എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന ഒരു സ്ഥായി ബന്ധം മാത്രമാണ്... അപ്പോള്‍ നമുക്ക് കഥ മൂന്നാമന്റെ കണ്ണിലുടെ പറയാം...

പുത്തന്‍ തലമുറയില്‍ പെട്ട കാമുകനും കാമുകിയും... ഇന്ന് പ്രണയം പൊട്ടിപുപ്പെടുന്നത് ഫോണിലൂടെയും നെറ്റിലൂടെയുമൊക്കെ അല്ലെ... നമ്മുടെ നായകനും നായികയും പരിചയപെട്ടതും ഒരു കമ്മ്യൂണിറ്റി സൈറ്റിലെ ചാറ്റ് റൂമില്‍ വച്ചാണ്... ആ സൌഹൃദം പ്രണയത്തിലേക്ക് വഴിമാറി... കാലം മാറിയാലും കാമുകന്മാര്‍ മാറില്ലല്ലോ (കാമുകിമാരും ) .. 70കളിലെ സിനിമ പോലെ... സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിക്കുന്ന നായകന്‍ ... ജീവിതത്തില്‍ അനാഥത്വം അനുഭവിക്കുന്ന കാമുകി... ഇത്രയും പോരെ കാമുകന് പ്രേമം തോന്നാന്‍ ... കാമുകന്‍ തേനും പാലും ഒലിക്കുന്ന വാക്കുകള്‍ ... ഭക്ഷണത്തിന് മുന്‍പും ശേഷവും മധുരം കൂടി കൊടുത്തു കൊണ്ടിരുന്നു... തന്റെ കാമുകന്റെ സ്നേഹത്തെ കുറിച്ചോര്‍ത്തു കാമുകി കോരിത്തരിച്ചു ...
പ്രണയ ജീവിതം മുന്നോട്ട് പോയി...
സ്വര്‍ഗം താണിറങ്ങി വന്നതോ..
സ്വപ്നം പീലി നീര്‍ത്തി നിന്നതോ...
കാമുകനും കാമുകിയും ഫോണിലെ കാളര്‍ടൂണ്‍ മാറ്റി...
എല്ലാ പ്രണയവും പോലെ... ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞു നിന്ന പ്രണയ ജീവിതം...

പെട്ടന്നത് സംഭവിച്ചു,,,
കാമുകന് ബോധോദയം !!! എന്റെ വീടുകര്‍ ഈ പ്രണയം അംഗീകരിക്കുമെന്നു തോന്നുന്നില്ല... നിന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു... (കഥ പ്രസംഗത്തിന് ഇടയിലുള്ള സിംബലിന്റെ ശബ്ദം)
കാമുകി തകര്‍ന്നു... കാമുകന്‍ തന്നെ ഉപേക്ഷിക്കാന്‍ പോകുന്നു... കാമുകിടെ മനസ്സ് തിരമാലകള്‍ പോലെ അലയടിച്ചു ... ഒരിടത്ത് വീട്ടുകാര്‍ മറ്റൊരിടത്ത് കാമുകന്‍ .. വീട്ടുകാര്‍ കാമുകന്‍ ... കാമുകന്‍ വീട്ടുകാര്‍ ...

മറക്കുമോ നീയെന്റെ മൌന ഗാനം...
ഒരുനാളും നിലക്കാത്ത വേണു ഗാനം...
കാമുകന്‍ കാളര്‍ടൂണ്‍ മാറ്റി...

പറയാതെ അറിയാതെ നീ പോയതെന്തേ...
ഒരു വാക്ക് മിണ്ടാഞ്ഞതെന്തേ...
കാമുകിയും വിട്ടു കൊടുത്തില്ല...

പ്രണയത്തില്‍ വഴിത്തിരിവ് സംഭവിച്ചിരിക്കുന്നു!!!
വിരഹം!!!( പ്രണയത്തില്‍ വിരഹം അവിഭാജ്യഘടകം ആണല്ലോ..)
കാമുകന്‍ തിരിച്ചറിഞ്ഞു... കാമുകിയില്ലാതെ കാമുകന്... ഭക്ഷണം താഴോട്ട് ഇറങ്ങുന്നില്ല... കാമുകിയുടെ കാര്യവും വിഭിന്നമല്ല...
അവര്‍ ഒരു തീരുമാനത്തില്‍ എത്തി... നമുക്ക് നല്ല ഫ്രണ്ട്സ് ആവാം... എല്ല്ലാ കൊടി കൊണ്ട പ്രണയങ്ങളും അവസാനം സൌഹൃദയത്തില്‍ വലയപെട്ടുപോവുകയാണല്ലോ പതിവ്... അവരും പതിവ് തെറ്റിച്ചില്ല...
ഇനി അവരെ കാമുകി കാമുകന്മാര്‍ എന്ന് വിളിക്കാന്‍ പാടില്ല... പക്ഷെ കഥയില്‍ എന്നും അവരു കാമുകി കാമുകന്മാര്‍ തന്നെ...

(നമ്മുടെ കൃഷ്ണന്റെയും രാധയുടെയും കാര്യം അറിയില്ലേ.. കൃഷ്ണന്‍ രുക്മിണിയെ വിവാഹം കഴിച്ചെങ്കിലും ഇന്നും കൃഷ്ണന്റെ കൂടെ പറയുന്നത് രാധയുടെ പേരല്ലേ.. കൃഷ്ണന്റെ കാമുകി... )

കാമുകി കാമുകന്റെ നല്ല കൂടുകാരി എന്ന പേരെടുത്തു... പക്ഷെ അപ്പോഴും... ഇത്ര നേരം ആരോട് സംസരിക്കുവാരുന്നു?? എവിടെ പോകുന്നു? എപ്പോ വരും?? എന്നാ ചോദ്യങ്ങളില്‍ കാമുകന്‍ വളയപ്പെട്ടിരുന്നു...

ആ പ്രണയം സൌഹൃദത്തിന്റെ പാതയില്‍ മുന്നോട്ടു പോയപ്പോഴാണ് അത് സംഭവിച്ചത്.. . കാമുകന്‍ കാമുകിയെ കാണാന്‍ വരുന്നു... ഒരുപാടു കാലത്തിനു ശേഷമാണ് കാമുകന്‍ കാമുകിയെ കാണാന്‍ വരുന്നത്... തന്റെ പ്രണയം തിരിച്ചു പിടിക്കാന്‍ കാമുകിക്കുള്ള ഏക വഴിയാണ് കാമുകന്റെ ഈ വരവ്.. ഈ പ്രാവശ്യം കാമുകന്റെ മനസ്സില്‍ കയറി പറ്റാന്‍ കഴിഞ്ഞാല്‍ ... ആ സീറ്റ്‌ സ്ഥിരം ആയിരിക്കും എന്ന് കാമുകിക്ക് അറിയാമായിരുന്നു... കാമുകന്റെ ഇഷ്ടങ്ങളെ കുറിച്ചും അനിഷ്ടങ്ങളെ കുറിച്ചും കാമുകി ഒരു ഡീറ്റേയില് സ്റ്റഡി നടത്തി ... മധുരമാണ് കാമുകന്റെ വീക്നെസ്... ഒരു ദീപാവലി അവധിക്കാണ് കാമുകന്‍ വരുന്നത്... കാമുകി ഉറപ്പിച്ചു...മധുര പലഹാരം ഉണ്ടാക്കി കൊടുക്കണം.. വയറ്റിലൂടെയാണല്ലോ പുരുഷന്റെ മനസ്സില്‍ കയറി പറ്റുക... കാമുകി പണി പതിനെട്ടും നോക്കി... കാമുകിയുടെ കൈയ്യില്‍ ഒതുങ്ങുന്ന പലഹാരം ഒന്നും കണ്ടു കിട്ടിയില്ല... അപ്പോഴാണ് ആ ആഴ്ചത്തെ "വനിത" കാമുകിയുടെ കണ്ണില്‍ പെട്ടത് Dr. ലക്ഷ്മി നായര്‍ 6 മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നിരിക്കുന്നു... അതില്‍ നിന്ന് എളുപ്പമുള്ളതു കാമുകി സെലക്ട്‌ ചെയ്തു ..

റവ ലഡ്ഡു !!!
നെയ്യും റവയും മൂപിച്ച... റവയും പഞ്ചസാരയും പൊടിച്ചു... അതില്‍ അണ്ടിപരിപ്പും മുന്തിരിയും ചേര്‍ത്ത് ഉരുളകളാക്കുക..
ഇതിലും എളുപ്പം വേറെന്തിരിക്കുന്നു... കാമുകി അടുക്കളയില്‍ യുദ്ധത്തിനു തയ്യാറായി...
ഈ റവ ലഡ്ഡു തിന്നുമ്പോള്‍... കാമുകന്റെ മനസ്സും വയറും നിറയുന്നതും... ഇതിനു പകരമായി കാമുകിയെ കാമുകന്‍ സ്നേഹം കൊണ്ട് വാരി പുണരുന്നതും. .. ആ സ്വപ്നങ്ങള്‍ക്കിടയില്‍.. റവ കരിഞ്ഞു പോയത് കാമുകി കണ്ടില്ല...
സാരമില്ല... ഇത്തിരി അല്ലെ കരിഞ്ഞുള്ളൂ... കാമുകി രുചിച്ചു നോക്കി കുഴപ്പമില്ല...
കാമുകനോടുള്ള തന്റെ സ്നേഹം എത്ര പഞ്ചസാര ചേര്ത്തിട്ടാണ് കാമുകനെ അറിയിക്കുക... ഒട്ടും കുറവ് പാടില്ല... 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര കൂടുതല്‍ ഇട്ടു...

മധുര സ്വപ്നങ്ങളുമായി കാമുകി റവ ലഡ്ഡുവുമായി പുറപ്പെട്ടു ... കാമുകന്‍ കാമുകിയെ കാത്തു നില്‍പ്പുണ്ടായിരുന്നു... സംസാരത്തിന്റെ ഇടയില്‍ കാമുകി കാമുകന് കൊണ്ട് വന്നിട്ടുള്ള റവ ലഡ്ഡു നീട്ടി

ഏതോ വിപത്ത് മുന്നില്‍ കണ്ടു കൊണ്ട് കാമുകന്‍ കൈ നീട്ടി … കാമുകന് താന്‍ ഉണ്ടാക്കിയ റവ ലഡ്ഡു നീട്ടിയപ്പോള്‍ കാമുകിയുടെ മനസ്സും കണ്ണും നിറഞ്ഞു … കാമുകന്‍ മെല്ലെ മെല്ലെ കഴിക്കാന്‍ തുടങ്ങി … മെല്ലെ മെല്ലെ കാമുകന്‍ കാമുകിയുടെ അടുത്ത് നിന്ന് നീങ്ങി മാറുന്നതായി കാമുകിക്ക് തോന്നി …

എങ്ങനെയുണ്ട് കൊള്ളാമോ ?? കാമുകി ആകാംക്ഷയോടെ ചോദിച്ചു … റവ ലഡ്ഡു ഇറക്കാന്‍ പാടുപെട്ടു കൊണ്ട് കാമുകന്‍ പറഞ്ഞു … “വളരെ നന്നായിട്ടുണ്ട് !!!!”


അതവരുടെ അവസാന കണ്ടുമുട്ടല്‍ ആയിരുന്നു … പിന്നീടൊരിക്കലും കാമുകന്‍ കാമുകിയെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം !!!


Monday, November 7, 2011

വിശ്വസിച്ചാലും ഇല്ലെങ്കിലും


ഒരു പഴയ പോസ്റ്റ്‌ റിപോസ്റ്റ് ചെയ്യുന്നു...


മഴപെയ്തു നനഞ്ഞ ഇടവഴി... അവളും കൂടുകാരി അശ്വതിയും സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബദ്ധപാടില്‍ നടക്കുകയാണ് .. പെട്ടെന്നാരോ പിറകില്‍ നിന്ന് വിളിക്കുന്നതായി അവള്‍ക്കു തോന്നി ... തിരിഞ്ഞു നോക്കാതിരിക്കാന്‍ തോന്നിയില്ല ...

ഒരു സ്ത്രീയും കുട്ടിയും അവളെ നോക്കി ചിരിച്ചു...

ട്ടപാച്ചിലില്‍ അവരോടു ചിരിക്കാന്‍ അവള്‍ മറന്നു .... പൊതുവേ ചിരിക്കാന്‍ അവള്‍ മടിച്ചിരുന്നു.... ക്ലാസ്സില്‍ മലയാളം ടീച്ചര്‍ "ഉതുപ്പാന്റെ കിണര്‍" തകര്ത്തെടുക്കുന്നു... പൊതുവേ മലയാളം സാഹിത്യത്തോട് താല്‍പ്പര്യമില്ലാത്ത അവള്‍ ജനലിലുടെ പുറത്തേക്കു നോക്കി... ആ സ്ത്രീയും കുട്ടിയും അവളെ നോക്കി ചിരിക്കുന്നു...
അവര്‍ ഇവിടെ എങ്ങനെ എത്തി??
അവള്‍ ചെറുതായൊന്നു ചിരിച്ചു... അശ്വതിയോട്‌ തിരിഞ്ഞു പറഞ്ഞു ആ സ്ത്രീയെ കുറിച്ച്.... അശ്വതി ജനലിലൂടെ പുറത്തേക്കു നോക്കി...
ആരും അവിടെ ഉണ്ടായിരുന്നില്ല!!!

പിന്നെയും അവള്‍ അവരെ കണ്ടു...
അവളെ കാണാനായി അവര്‍ എന്നും വരും....

അവള്‍ക്കു ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നതായി അവള്‍ അറിഞ്ഞു... അടുത്ത കൂട്ടുകാരിയായ അശ്വതി പോലും അവളെ പേടിച്ചു മാറി നില്‍ക്കുന്നു... ഒറ്റയ്ക്കിരിക്കുമ്പോള്‍ പലപ്പോഴും അവള്‍ വാവിട്ടു കരഞ്ഞു.... മുന്നില്‍ വച്ച ഭക്ഷണം തട്ടി തെറുപ്പിച്ചു ... എന്തൊക്കെയോ പിറുപിറുത്തു... രാവും പകലും ഉറങ്ങാതെ അവളിരുന്നു... സ്കൂളില്‍ പോക്ക് നിര്‍ത്തി... ള്ളിയിലെ ഉസ്താത് പ്രാര്‍ത്ഥിച്ചു കൊടുത്ത ചരടും കൈയ്യില്‍ കെട്ടി അവള്‍ വീട്ടിലിരുന്നു .. ആ ചരട് മുറിച്ചു കളയാന്‍ ആ സ്ത്രീയും കുട്ടിയും അവളോട്‌ പറയുന്നതായി അവള്‍ക്കു തോന്നി...

ദിവസങ്ങള്‍ പോയി...
ഒരു മാറ്റവുമില്ലാതെ അവള്‍ അലറി കരഞ്ഞു...
മഴയുള്ള ഒരു വൈന്നേരം..
കര്‍ക്കിടക മാസത്തിലെ അവസാനത്തെ മഴയാണെന്നു തോന്നുന്നു... വളരെ ശക്തിയായി മഴ സംഹാര താണ്ഠവമാടി... കറുത്ത വാവായിരുന്നു അന്ന്... മഴയുടെ ഏതോ നിമിഷത്തില്‍ ആ മാന്ത്രിക കോലത്തിനു മുന്നില്‍ അവള്‍ ഇരുന്നു... കണ്ണില്‍ ഇരുട്ട് കയറി... അവള്‍ അലറി കരഞ്ഞു... അവളിലെതോ ശക്തി പ്രവഹിക്കുന്നതായി അവള്‍ക്കു തോന്നി... മാന്ത്രിക കളത്തിലെ ചൂടില്‍ ... അവള്‍ എരിഞ്ഞടങ്ങാന്‍ പോകുന്നതായി അവള്‍ക്കു തോന്നി... കാലിട്ടടിച്ചും.. കൈയ്യിട്ടടിച്ചും അവള്‍ ദേഷ്യം തീര്‍ത്തു...

ജനലിലുടെ ഒരുപാടു കുഞ്ഞു തലകള്‍ അവളെ നോക്കി ഇരിക്കുന്നുണ്ട്...
പെട്ടെന്നായിരുന്നു അത് ...
ഒരുപാടു ശക്തിയോടെ മുടിയൊക്കെ അഴിച്ചിട്ടു അവള്‍ അലറി വിളിച്ചു...
ഒരു നിശ്ശബ്ദത...
ഏറെ നേരത്തെ നിശബ്ദതക്കു ശേഷം അവള്‍ ഒരു ഏമ്പക്കം വിട്ടു...
മെല്ലെ ആ മാന്ത്രിക കളത്തില്‍ അവള്‍ കിടന്നു...
മഴയുടെ ശക്തി കുറഞ്ഞു വന്നു... ചെറിയ ഒരു കാറ്റ് ഉള്ളിലെ ചൂടിനെ ചെറുതായി തണുപ്പിച്ചു...
മെല്ലെ അവള്‍ എഴുനേറ്റു... എന്തോ ഒരു പ്രകാശം അവളുടെ മുഖത്ത്... ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ അവള്‍ എല്ലാവരെയും നോക്കി ചിരിച്ചു...

മുന്നില്‍ വച്ചിരുന്ന കാഞ്ഞിര മുട്ടിയില്‍ ഒരു ആണി അടിച്ചിരുന്നു... അതും പൊക്കി മന്ത്രവാദി പറഞ്ഞു...
ബാലവാടിയുടെ അടുത്തുണ്ടായിരുന്ന കിണറ്റില്‍ ചാടി ചത്ത ടീച്ചര്‍ ആയിരുന്നു... മരിക്കുമ്പോള്‍ ഗര്‍ഭിണി ആയിരുന്നു... ഇനി ഒരു ശല്യവും ഉണ്ടാവില്ല... എല്ലാം ഞാന്‍ ശരിയാക്കിയിട്ടുണ്ട്...
ഒന്നും മനസിലാവാതെ അവള്‍ എല്ലാവരെയും തിരിഞ്ഞു നോക്കി...

ആരും ഒന്നും പറഞ്ഞില്ല... അടക്കിയ കരച്ചില്‍ ആയിരുന്നു ആ മുറി മുഴുവന്‍ ... ആരോ ചെയ്ത പാപം... അതിന്റെ പിഴ അനുഭവിച്ചത് അവളും... ഇന്നും എല്ലാവരും അവളോട്‌ ഒരു അകലം സൂക്ഷിക്കുന്നു... കുറച്ചു കാലം ഒരു പ്രേതം അവളുടെ കൂടെ കഴിഞ്ഞെന്നു ഓര്‍ക്കുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു ചിരി വിരിയും...

വാല്‍കഷ്ണം :

കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല... ഇതിനെ psychological disorder എന്നും പലരും പറയും... പക്ഷെ നാട്ടിന്‍ പുറങ്ങളില്‍ ഇന്നും ഇതിനെ ബാധ കൂടി എന്നാണു പറയാറ്... ഇതിനെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്... പ്രേതവും പുനര്‍ജന്മവും ഒന്നുമില്ല എന്ന് വിശ്വസിചിരുന്നപോഴാണ്... അശ്വതി ചേച്ചി ഈ കഥ പറഞ്ഞു തന്നത്... ഇന്നും ഇത് എന്റെ മുന്നില്‍ ഒരു mystery ആണ്... എനിക്കും അറിയില്ല എന്താണ് അവളില്‍ സംഭവിച്ചത് എന്ന് !!!