Wednesday, March 21, 2012

ആദ്യാനുരാഗം


ഒരുപാടു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവന്‍ തുടര്‍ന്നു..
"ഞാന്‍ പോകുന്നു"
അപകര്‍ഷത ബോധം എന്നില്‍ നിറഞ്ഞു നിന്നത് കൊണ്ടാവാം അവന്റെ മുഖത്ത് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല.. തലയാട്ടുക മാത്രം ചെയ്തു
തിരിച്ചു വരുമോ എന്ന് ചോദിയ്ക്കാന്‍ ഓങ്ങിയപ്പോള്‍ അവന്‍ പറഞ്ഞു
"വരവ് ഉണ്ടാവില്ല"
എന്റെ കണ്ണ് നിറയാന്‍ ഞാന്‍ സമ്മതിച്ചില്ല...
അവന്‍ പോകട്ടെ...
അവന്‍ പോകേണ്ടവന്‍ തന്നെയാണ്
ആഗ്രഹിച്ചത് എന്റെ തെറ്റാണ്...
"എന്തെങ്കിലും പറയാന്‍ ബാക്കി ഉണ്ടോ"
അവന്‍ എന്റെ കണ്ണുകളിലേക്കു നോക്കി...
"ഇല്ല..." ഞാന്‍ തറപ്പിച്ചു പറഞ്ഞു...
അവന്‍ നടന്നു നീങ്ങുന്നത്‌ നോക്കി ഞാന്‍ നിന്നു

***********************************************

ട്രെയിനില്‍ എറണാകുളം തൊട്ടു കോഴിക്കോട് വരെ ഇരുന്നിട്ടും ഞാന്‍ വാച്ചില്‍ സമയംനോക്കിയില്ല.. വിരസമല്ലാത്ത ഒരു യാത്രയായിരുന്നു... തിരക്കില്ലാത്ത ട്രെയിന്‍ .. സൈഡ് സീറ്റില്‍ കമ്പി യോടു മുഖം ചേര്‍ത്ത് ഞാന്‍ ഇരുന്നു... ആ കമ്പിയുടെ തണുപ്പ്... എന്റെ ഓര്‍മകളെയും തണുപ്പിച്ചു... തൃശൂര്‍ വച്ച് ഒരു പെണ്‍കുട്ടി എനിക്കെതിരെ ഇരുന്നു... തടിച്ചതല്ലാത്ത പ്രകൃതം .. ഇരു നിറം.. പക്ഷെ കറുപ്പിനാണ് പ്രാമുഖ്യം.. തെളിഞ്ഞ ചിരി.. ഇടയ്ക്കിടെ മൊബൈലില്‍ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ടായിരുന്നു... ഓരോ തവണ ഫോണിലേക്ക് നോക്കുമ്പോഴും ഒരു ചിരി വിടര്‍ന്നു വരുന്നുണ്ടായിരുന്നു മുഖത്ത്... പിന്നീടെപ്പോഴോ അവള്‍ ഫോണില്‍ പാട്ടുകേട്ട് ജനല്‍ കമ്പിയില്‍ താളം പിടിക്കുന്നുണ്ടായിരുന്നു.. എനിക്കും ആ താളം അറിയാന്‍ കഴിഞ്ഞിരുന്നു... ഷൊര്‍ണ്ണൂര്‍ വരെ അവളുടെ വിരലിന്റെ താളത്തെ ഞാന്‍ അറിഞ്ഞു... അവള്‍ ട്രെയിനില്‍ നിന്നു ഇറങ്ങിയപ്പോള്‍ കമ്പി പൊട്ടിയ വീണ പോലെ എന്റെ ജനല്‍ കമ്പികള്‍ വിറച്ചു നിന്നു...

***********************************************

ഇന്ന് ഞാന്‍ അവനെ കാണാന്‍ പോവുകയാണ്...എന്റെ പ്രണയത്തെ...കലാലയത്തിന്റെ ഇടനാഴികളില്‍ ഞാന്‍ പല പ്രാവശ്യം അവനെ കണ്ടു.. പിന്നീടറിഞ്ഞു.. ഒരുപാട് ഉയരത്തില്‍ ആണ് എനിക്ക്...കൈ എത്താനാവത്തത്ര ഉയരത്തില്‍ .. പിന്നീടെപ്പോഴക്കെയോ ഞങ്ങള്‍ പരസ്പരം ചിരിച്ചു.. വഴി മാറി നിന്ന് കൊടുത്തു... പിന്നെ ആ ഇടനാഴികളില്‍ ഒന്നിച്ചു നടന്നു തുടങ്ങി.. അവനോടൊപ്പം നടക്കുമ്പോള്‍ ആ വഴി ഒരിക്കലും അവസാനിക്കരുതെന്നു ആശിച്ചു.. ആദ്യമായി ഒരു പ്രണയ ലേഖനം എഴുതി... പക്ഷെ കൊടുക്കാന്‍ ധൈര്യമുണ്ടായില്ല... സാഹിത്യകാരന്‍ എന്ന് കോളേജ് മൊത്തം അവനെ വാഴ്ത്തിയെപ്പോള്‍ ഞാന്‍ എന്റെ പൊട്ടത്തരങ്ങളും അക്ഷരത്തെറ്റുകളും നിറഞ്ഞ പ്രണയലേഖനം ചുരുട്ടി പിടിച്ചു ... എഴുതാവുന്നതിലും അപ്പുറമായിരുന്നു എന്റെ പ്രണയം ...

മഴ നനഞ്ഞു ഇടവഴിയില്‍ അവനായി ഞാന്‍ കാത്തു നിന്നു... കുട ഉണ്ടെങ്കില്‍ കൂടി അവന്റെ കുടയില്‍ കയറാനായി മാത്രം ഞാന്‍ ആ കുട മറച്ചു വച്ചു... അവനോടു ചേര്‍ന്നു നിന്നു ... അവന്റെ ശരീരത്തിന്റെ ചൂട് എന്റെ ശരീരത്തോടടുപ്പിച്ചു... അവന്‍ അറിയാതെ അവന്റെ വിരലുകളില്‍ തലോടി... പറയാന്‍ പലതും ബാക്കി വച്ചു ഓരോ ദിവസവും പിരിഞ്ഞു...
***********************************************

പിന്നീടെനിക്ക് കൂട്ട് ഭാരതപുഴ ആയിരുന്നു... ഓരോ രൂപത്തിലും ഭാവത്തിലും അവള്‍ എന്നോടൊപ്പം ഒഴുകി..."ഇനി നീ കടലില്‍ എത്തി ചേരുമല്ലേ... കോഴിക്കോട് കടലില്‍ ആയിരിക്കുമല്ലേ അവസാനം എത്തി ചേരുക...അപ്പോള്‍ നീ എന്നെ തിരിച്ചറിയുമോ..?"

***********************************************

എന്റെ തോന്നലുകളിലും ചോദ്യങ്ങളിലും ആയിരുന്നു അവന്‍ കൂടുതലും ചിരിച്ചിരുന്നത് ... അപ്പോള്‍ മാത്രമേ ഞാന്‍ അവനെചിരിച്ചു കണ്ടിരുന്നുള്ളൂ ... എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു കൊണ്ട് മെല്ലെ എന്റെ തലയില്‍ തലോടാന്‍ അവന്‍ മറന്നിരുന്നില്ല ... ആദ്യമായി ഞാന്‍ കടല്‍ കണ്ടത് അവനോടപ്പമാണ് ... ഒരു വെള്ളിയാഴ്ച വീട്ടില്‍ പോകാതെ ഞാന്‍ അവനോടൊപ്പം പോയി ... എന്റെ സ്വപ്‌നങ്ങള്‍ തേടി .. എന്റെ വിരലുകളെ അവന്റെ വിരലുകളോടടുപ്പിച്ചു നടന്നു .. കോഴിക്കോട് നഗരത്തെ ഞാന്‍ അടുത്തറിഞ്ഞു .. ആദ്യം പോയത് പബ്ലിക്‌ ലൈബ്രറിയിലേക്കായിരുന്നു..നിറയെ പടികള്‍ ഉള്ള വലിയ കെട്ടിടം... അവിടെ എല്ലാം അവന്റെ പരിചയക്കാര്‍. .. എല്ലാവരും സ്നേഹത്തോടെയും ബഹുമാനത്തോടെയും അവനെ കാണുന്നു ... കൂട്ടുകാരിയാണെന്നു പറഞ്ഞു എന്നെ പരിചയപ്പെടുതിയപ്പോള്‍ ... സ്നേഹത്തോടെ അയാള്‍ എന്നെയും നോക്കി .. വായിക്കാന്‍ എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ മനോരമയും മംഗളവും ഒന്നും അവിടെ കാണാതിരുന്നത് കൊണ്ട്... ദൂരെ മാറി ഒതുക്കി വച്ചിരിക്കുന്ന പുസ്തകങ്ങല്‍ക്കിടയിലെ പൊടി മാറ്റി കൊണ്ട്.. അവനെ നോക്കി ഞാന്‍ നിന്നു ... അവിടെ നിന്നും കടല്‍ കാണാന്‍ പോയി... നിറയെ കാറ്റാടി മരം നിറഞ്ഞു നിന്ന തീരത്ത് അവനെ ചേര്‍ന്ന് നടന്നപ്പോള്‍ .. കാറ്റില്‍ എന്റെ ധാവണി മാറിയിരുന്നെങ്കില്‍ എന്നും അവന്‍ അത് ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്നും തോന്നി പോയി... അവനോടപ്പം നനഞ്ഞ മണ്ണില്‍ ഇരുന്നപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു വയ്ക്കുന്നത് ഞാന്‍ കണ്ടു ... ഒരു തിര എന്നെ തഴുകി പോയപ്പോള്‍ അവന്‍ പറഞ്ഞു... "നിന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു തിരകള്‍ക്കു .. നിന്റെ കാല്‍ പാദങ്ങളെ നനച്ചു കൊണ്ട് അവ നിന്നെ വരവേല്‍ക്കുന്നു ..."
"ഓരോ മനുഷ്യനും തിരകളെ പോലെയാണ് .. അപ്രാപ്യമായതിനെ ആഗ്രഹിച്ചു കൊണ്ട് വീണ്ടും അതിനു വേണ്ടി പരിശ്രമിക്കുന്നു ... "
ഞാന്‍ അവന്റെ കണ്ണുകളിലേക്കു നോക്കി അവന്‍ എന്നെ ശ്രദ്ധിക്കുന്നില്ല ... കടലിനെയും തിരകളെ കുറിച്ചും ഒരുപാടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ... പക്ഷെ എന്റെ കണ്ണുകള്‍ ദൂരെ ഒരു  പാത്രത്തില്‍  വില്‍ക്കാന്‍ വച്ചിരുന്ന ഉപ്പിലിട്ട മാങ്ങയിലും കൈതചക്കയിലുമായിരുന്നു ...

തിരകള്‍ ഞങ്ങളെ മത്സരിച്ചു തഴുകി കൊണ്ടിരുന്നു... നേരം പോയതറിയാതെ സൂര്യ൯ അസ്തമിക്കുന്നതും നോക്കി ഞങ്ങള്‍ ഇരുന്നു... മെല്ലെ താഴ്ന്നു താഴ്ന്നു സൂര്യന്‍ ഇല്ലാതായി.. ആ നിമിഷം എന്റെ പ്രണയം അവന്‍ അറിയാനായി അവന്റെ കൈകളില്‍ ഞാന്‍ അമര്‍ത്തി പിടിച്ചു... അവന്റെ കൈകള്‍ക്ക് ചൂട്... എന്റെ തണുപ്പ് ചൂടില്‍ ഇല്ലാതായി... മേഘങ്ങള്‍ മെല്ലെ നീങ്ങി പോകുന്നു .."ഒരു മേഘം സ്വാതന്ത്ര്യം ആഗ്രഹിച്ചു കൊണ്ട് കൂട്ടത്തില്‍ നിന്ന് മാറുന്നു" എന്നവന്‍ പറഞ്ഞപ്പോള്‍ ... "ആ മേഘം തന്റെ കാമുകനെ തേടി പോവുകയാണ് "എന്നാണ് എനിക്ക് തോന്നിയത് ...

ഞങ്ങള്‍ക്ക് ചുറ്റും നക്ഷത്രങ്ങള്‍ നിരന്നിരുന്നു...
ചൗദവി൯ കാ ചാന്ദ് ഹോ
യാ ആഫ്താബ് ഹോ
ജോ ബി ഹോ തും ഖുദാ കി കസം
ലാജവാബ് ഹോ.

ഗസലില്‍ മുഴുകി അവന്റെ തോളില്‍ തല ചായ്ച്ചു ഞാന്‍ കിടന്നു... എന്റെ വിരലില്‍ താളം പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു..."ഞാന്‍ എന്റെ അമ്മയുടെ വയറ്റില്‍ വളരുന്നേ ഉണ്ടായിരുന്നുള്ളൂ... കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്നും കേട്ട് കൊണ്ടിരുന്നത് എന്റെ അമ്മയുടെ ഹൃദയമിടിപ്പുകള്‍ ആയിരുന്നു.. അവയ്ക്കാണ് ഞാന്‍ ആദ്യമായി താളമിട്ടത്... ഇന്ന് നീ എന്റടുത്തു ചേര്‍ന്നിരിക്കുമ്പോള്‍ .. നിന്റെ ഹൃദയമിടിപ്പും ഞാന്‍ അറിയുന്നു... നിന്റെ ഹൃദയമിടിപ്പിന്റെ താളം പ്രണയത്തിന്റെ താളമാണ്.."

***********************************************

അമ്മയുമായി വന്നു എന്നെ അവന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാം എന്ന് വാക്ക് തന്നു .. ഞാന്‍ കാത്തിരുന്നു അവന്‍ മാത്രം വന്നില്ല ... കാലങ്ങള്‍ മാറി മറിഞ്ഞു ... അവന്‍ വളര്‍ന്നു കൊണ്ടേ ഇരുന്നു... എനിക്ക് എത്തി പിടിക്കാനാവാത്ത വണ്ണം... ഒരു ആല്‍ മരമായി ... ആ തണലില്‍ ഇരിക്കാന്‍ ഞാന്‍ കൊതിച്ചു... ആ മനുഷ്യന്‍ എനിക്കര്‍ഹത പെട്ടതല്ല എന്ന തോന്നല്‍ എന്നെ വേട്ടയാടി കൊണ്ടേ ഇരുന്നത് കൊണ്ടാവാം... പിന്നീട് കണ്ടപ്പോള്‍ എന്നെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാന്‍ വന്നത് ആണെന്ന് കൂടി ചിന്തിക്കാതെ ഞാന്‍ കുറ്റപ്പെടുത്തിയത്... അമ്മ മരിച്ചിരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ സഹതാപം പോലും കാണിക്കാതെ... ഇത്ര നാള്‍ എന്നെ കുറിച്ച് ഓര്‍ക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ത്തു... ഞാന്‍ ഒരു ജീവിതം ആഗ്രഹിക്കുന്നിലെന്നു തറപ്പിച്ചു പറഞ്ഞു... എഴുത്തുകാര്‍ക്ക് പ്രണയം എഴുതാനുള്ള വിഷയം മാത്രമാണെന്നും ... എഴുതി തീര്‍ത്തു കൊള്ളൂ എന്റെ ജീവിതം എന്ന് പറഞ്ഞു ശകാരിച്ചു... എന്റെ വിഷമം ആണ് എന്റെ വാക്കുകളില്‍ എന്ന് തിരിച്ചറിയാനാവാതെ ആണോ എന്തോ... അവന്‍ എതിര്‍ത്തൊരക്ഷരം പറഞ്ഞില്ല...നിശബ്ദദ ആയിരുന്നു അവന്റെ ഉത്തരം...

***********************************************

ഇന്ന് ഞാന്‍ അവനെ വീണ്ടും കാണാന്‍ പോവുകയാണ് ... ഒരുപാട് വൈകിയിരിക്കുന്നു ... അവനിലും എന്നിലും വാര്‍ദ്ധക്യം കയറി കൂടി... പക്ഷെ അവന്‍ എനിക്കെന്നും തിളങ്ങുന്ന കണ്ണുള്ള രാജകുമാരന്‍ ആണ്... റെയില്‍വേ സ്റ്റേഷനില്‍ നിന്നിറങ്ങി അവനെ കാണാന്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ ചെറിയ മഴ ഉണ്ടായിരുന്നു... പ്രകൃതി അഘോഷിക്കുകയാവും ഞങ്ങളുടെ സമാഗമം...
വഴി അരികില്‍ ഗുല്‍മോഹര്‍ പൂക്കള്‍ വിതറി എന്നെ വരവേറ്റു

ഹോസ്പിറ്റല്‍ പടികള്‍ കയറിയപ്പോള്‍ ഞാന്‍ കണ്ടു ... വെള്ള പുതപ്പില്‍ മൂടി അവനെ കൊണ്ട് വന്നു... പുതപ്പിനിടയിലൂടെ അവന്റെ വിരലുകള്‍ മാത്രം പുറത്തു കാണാം ... അവനറിയാതെ ഞാന്‍ ആ വിരലില്‍ തൊട്ടു... ആ വിരലുകള്‍ക്ക് ചൂടില്ല തണുപ്പാണ്... എന്നെ അലിയിക്കുന്ന തണുപ്പ്