Friday, November 11, 2011

റവ ലഡ്ഡു ഉണ്ടാക്കിയ കഥ...


ഇതൊരു പ്രണയ കഥയാണെന്ന് തോന്നാം... പക്ഷെ ഇതൊരു പ്രണയ കഥ അല്ല... ഒരു പ്രണയത്തിന്റെ അവസാനം എന്ന് വേണമെങ്കില്‍ പറയാം.. . പ്രണയം അവസാനിക്കുമോ?? ഒരിക്കലും ഇല്ല... പ്രയിച്ചവര്‍ക്ക് മടുക്കുമായിരിക്കാം... പക്ഷെ പ്രണയം... പ്രണയിച്ചിരുന്നപ്പോള്‍ അവര്‍ കണ്ട സ്വപ്നം.. അവരുടെ പ്രണയം... അതിനൊന്നും ഒരിക്കലും അവസാനം ഇല്ല... പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും തങ്ങളുടെ പ്രണയം ദൈവീകമായ ഒന്നാണ്... പക്ഷെ മൂന്നാമന്... അവര് ലൈന്‍ ആയിരുന്നു എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന ഒരു സ്ഥായി ബന്ധം മാത്രമാണ്... അപ്പോള്‍ നമുക്ക് കഥ മൂന്നാമന്റെ കണ്ണിലുടെ പറയാം...

പുത്തന്‍ തലമുറയില്‍ പെട്ട കാമുകനും കാമുകിയും... ഇന്ന് പ്രണയം പൊട്ടിപുപ്പെടുന്നത് ഫോണിലൂടെയും നെറ്റിലൂടെയുമൊക്കെ അല്ലെ... നമ്മുടെ നായകനും നായികയും പരിചയപെട്ടതും ഒരു കമ്മ്യൂണിറ്റി സൈറ്റിലെ ചാറ്റ് റൂമില്‍ വച്ചാണ്... ആ സൌഹൃദം പ്രണയത്തിലേക്ക് വഴിമാറി... കാലം മാറിയാലും കാമുകന്മാര്‍ മാറില്ലല്ലോ (കാമുകിമാരും ) .. 70കളിലെ സിനിമ പോലെ... സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിക്കുന്ന നായകന്‍ ... ജീവിതത്തില്‍ അനാഥത്വം അനുഭവിക്കുന്ന കാമുകി... ഇത്രയും പോരെ കാമുകന് പ്രേമം തോന്നാന്‍ ... കാമുകന്‍ തേനും പാലും ഒലിക്കുന്ന വാക്കുകള്‍ ... ഭക്ഷണത്തിന് മുന്‍പും ശേഷവും മധുരം കൂടി കൊടുത്തു കൊണ്ടിരുന്നു... തന്റെ കാമുകന്റെ സ്നേഹത്തെ കുറിച്ചോര്‍ത്തു കാമുകി കോരിത്തരിച്ചു ...
പ്രണയ ജീവിതം മുന്നോട്ട് പോയി...
സ്വര്‍ഗം താണിറങ്ങി വന്നതോ..
സ്വപ്നം പീലി നീര്‍ത്തി നിന്നതോ...
കാമുകനും കാമുകിയും ഫോണിലെ കാളര്‍ടൂണ്‍ മാറ്റി...
എല്ലാ പ്രണയവും പോലെ... ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞു നിന്ന പ്രണയ ജീവിതം...

പെട്ടന്നത് സംഭവിച്ചു,,,
കാമുകന് ബോധോദയം !!! എന്റെ വീടുകര്‍ ഈ പ്രണയം അംഗീകരിക്കുമെന്നു തോന്നുന്നില്ല... നിന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു... (കഥ പ്രസംഗത്തിന് ഇടയിലുള്ള സിംബലിന്റെ ശബ്ദം)
കാമുകി തകര്‍ന്നു... കാമുകന്‍ തന്നെ ഉപേക്ഷിക്കാന്‍ പോകുന്നു... കാമുകിടെ മനസ്സ് തിരമാലകള്‍ പോലെ അലയടിച്ചു ... ഒരിടത്ത് വീട്ടുകാര്‍ മറ്റൊരിടത്ത് കാമുകന്‍ .. വീട്ടുകാര്‍ കാമുകന്‍ ... കാമുകന്‍ വീട്ടുകാര്‍ ...

മറക്കുമോ നീയെന്റെ മൌന ഗാനം...
ഒരുനാളും നിലക്കാത്ത വേണു ഗാനം...
കാമുകന്‍ കാളര്‍ടൂണ്‍ മാറ്റി...

പറയാതെ അറിയാതെ നീ പോയതെന്തേ...
ഒരു വാക്ക് മിണ്ടാഞ്ഞതെന്തേ...
കാമുകിയും വിട്ടു കൊടുത്തില്ല...

പ്രണയത്തില്‍ വഴിത്തിരിവ് സംഭവിച്ചിരിക്കുന്നു!!!
വിരഹം!!!( പ്രണയത്തില്‍ വിരഹം അവിഭാജ്യഘടകം ആണല്ലോ..)
കാമുകന്‍ തിരിച്ചറിഞ്ഞു... കാമുകിയില്ലാതെ കാമുകന്... ഭക്ഷണം താഴോട്ട് ഇറങ്ങുന്നില്ല... കാമുകിയുടെ കാര്യവും വിഭിന്നമല്ല...
അവര്‍ ഒരു തീരുമാനത്തില്‍ എത്തി... നമുക്ക് നല്ല ഫ്രണ്ട്സ് ആവാം... എല്ല്ലാ കൊടി കൊണ്ട പ്രണയങ്ങളും അവസാനം സൌഹൃദയത്തില്‍ വലയപെട്ടുപോവുകയാണല്ലോ പതിവ്... അവരും പതിവ് തെറ്റിച്ചില്ല...
ഇനി അവരെ കാമുകി കാമുകന്മാര്‍ എന്ന് വിളിക്കാന്‍ പാടില്ല... പക്ഷെ കഥയില്‍ എന്നും അവരു കാമുകി കാമുകന്മാര്‍ തന്നെ...

(നമ്മുടെ കൃഷ്ണന്റെയും രാധയുടെയും കാര്യം അറിയില്ലേ.. കൃഷ്ണന്‍ രുക്മിണിയെ വിവാഹം കഴിച്ചെങ്കിലും ഇന്നും കൃഷ്ണന്റെ കൂടെ പറയുന്നത് രാധയുടെ പേരല്ലേ.. കൃഷ്ണന്റെ കാമുകി... )

കാമുകി കാമുകന്റെ നല്ല കൂടുകാരി എന്ന പേരെടുത്തു... പക്ഷെ അപ്പോഴും... ഇത്ര നേരം ആരോട് സംസരിക്കുവാരുന്നു?? എവിടെ പോകുന്നു? എപ്പോ വരും?? എന്നാ ചോദ്യങ്ങളില്‍ കാമുകന്‍ വളയപ്പെട്ടിരുന്നു...

ആ പ്രണയം സൌഹൃദത്തിന്റെ പാതയില്‍ മുന്നോട്ടു പോയപ്പോഴാണ് അത് സംഭവിച്ചത്.. . കാമുകന്‍ കാമുകിയെ കാണാന്‍ വരുന്നു... ഒരുപാടു കാലത്തിനു ശേഷമാണ് കാമുകന്‍ കാമുകിയെ കാണാന്‍ വരുന്നത്... തന്റെ പ്രണയം തിരിച്ചു പിടിക്കാന്‍ കാമുകിക്കുള്ള ഏക വഴിയാണ് കാമുകന്റെ ഈ വരവ്.. ഈ പ്രാവശ്യം കാമുകന്റെ മനസ്സില്‍ കയറി പറ്റാന്‍ കഴിഞ്ഞാല്‍ ... ആ സീറ്റ്‌ സ്ഥിരം ആയിരിക്കും എന്ന് കാമുകിക്ക് അറിയാമായിരുന്നു... കാമുകന്റെ ഇഷ്ടങ്ങളെ കുറിച്ചും അനിഷ്ടങ്ങളെ കുറിച്ചും കാമുകി ഒരു ഡീറ്റേയില് സ്റ്റഡി നടത്തി ... മധുരമാണ് കാമുകന്റെ വീക്നെസ്... ഒരു ദീപാവലി അവധിക്കാണ് കാമുകന്‍ വരുന്നത്... കാമുകി ഉറപ്പിച്ചു...മധുര പലഹാരം ഉണ്ടാക്കി കൊടുക്കണം.. വയറ്റിലൂടെയാണല്ലോ പുരുഷന്റെ മനസ്സില്‍ കയറി പറ്റുക... കാമുകി പണി പതിനെട്ടും നോക്കി... കാമുകിയുടെ കൈയ്യില്‍ ഒതുങ്ങുന്ന പലഹാരം ഒന്നും കണ്ടു കിട്ടിയില്ല... അപ്പോഴാണ് ആ ആഴ്ചത്തെ "വനിത" കാമുകിയുടെ കണ്ണില്‍ പെട്ടത് Dr. ലക്ഷ്മി നായര്‍ 6 മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നിരിക്കുന്നു... അതില്‍ നിന്ന് എളുപ്പമുള്ളതു കാമുകി സെലക്ട്‌ ചെയ്തു ..

റവ ലഡ്ഡു !!!
നെയ്യും റവയും മൂപിച്ച... റവയും പഞ്ചസാരയും പൊടിച്ചു... അതില്‍ അണ്ടിപരിപ്പും മുന്തിരിയും ചേര്‍ത്ത് ഉരുളകളാക്കുക..
ഇതിലും എളുപ്പം വേറെന്തിരിക്കുന്നു... കാമുകി അടുക്കളയില്‍ യുദ്ധത്തിനു തയ്യാറായി...
ഈ റവ ലഡ്ഡു തിന്നുമ്പോള്‍... കാമുകന്റെ മനസ്സും വയറും നിറയുന്നതും... ഇതിനു പകരമായി കാമുകിയെ കാമുകന്‍ സ്നേഹം കൊണ്ട് വാരി പുണരുന്നതും. .. ആ സ്വപ്നങ്ങള്‍ക്കിടയില്‍.. റവ കരിഞ്ഞു പോയത് കാമുകി കണ്ടില്ല...
സാരമില്ല... ഇത്തിരി അല്ലെ കരിഞ്ഞുള്ളൂ... കാമുകി രുചിച്ചു നോക്കി കുഴപ്പമില്ല...
കാമുകനോടുള്ള തന്റെ സ്നേഹം എത്ര പഞ്ചസാര ചേര്ത്തിട്ടാണ് കാമുകനെ അറിയിക്കുക... ഒട്ടും കുറവ് പാടില്ല... 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര കൂടുതല്‍ ഇട്ടു...

മധുര സ്വപ്നങ്ങളുമായി കാമുകി റവ ലഡ്ഡുവുമായി പുറപ്പെട്ടു ... കാമുകന്‍ കാമുകിയെ കാത്തു നില്‍പ്പുണ്ടായിരുന്നു... സംസാരത്തിന്റെ ഇടയില്‍ കാമുകി കാമുകന് കൊണ്ട് വന്നിട്ടുള്ള റവ ലഡ്ഡു നീട്ടി

ഏതോ വിപത്ത് മുന്നില്‍ കണ്ടു കൊണ്ട് കാമുകന്‍ കൈ നീട്ടി … കാമുകന് താന്‍ ഉണ്ടാക്കിയ റവ ലഡ്ഡു നീട്ടിയപ്പോള്‍ കാമുകിയുടെ മനസ്സും കണ്ണും നിറഞ്ഞു … കാമുകന്‍ മെല്ലെ മെല്ലെ കഴിക്കാന്‍ തുടങ്ങി … മെല്ലെ മെല്ലെ കാമുകന്‍ കാമുകിയുടെ അടുത്ത് നിന്ന് നീങ്ങി മാറുന്നതായി കാമുകിക്ക് തോന്നി …

എങ്ങനെയുണ്ട് കൊള്ളാമോ ?? കാമുകി ആകാംക്ഷയോടെ ചോദിച്ചു … റവ ലഡ്ഡു ഇറക്കാന്‍ പാടുപെട്ടു കൊണ്ട് കാമുകന്‍ പറഞ്ഞു … “വളരെ നന്നായിട്ടുണ്ട് !!!!”


അതവരുടെ അവസാന കണ്ടുമുട്ടല്‍ ആയിരുന്നു … പിന്നീടൊരിക്കലും കാമുകന്‍ കാമുകിയെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം !!!


Monday, November 7, 2011

വിശ്വസിച്ചാലും ഇല്ലെങ്കിലും


ഒരു പഴയ പോസ്റ്റ്‌ റിപോസ്റ്റ് ചെയ്യുന്നു...


മഴപെയ്തു നനഞ്ഞ ഇടവഴി... അവളും കൂടുകാരി അശ്വതിയും സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബദ്ധപാടില്‍ നടക്കുകയാണ് .. പെട്ടെന്നാരോ പിറകില്‍ നിന്ന് വിളിക്കുന്നതായി അവള്‍ക്കു തോന്നി ... തിരിഞ്ഞു നോക്കാതിരിക്കാന്‍ തോന്നിയില്ല ...

ഒരു സ്ത്രീയും കുട്ടിയും അവളെ നോക്കി ചിരിച്ചു...

ട്ടപാച്ചിലില്‍ അവരോടു ചിരിക്കാന്‍ അവള്‍ മറന്നു .... പൊതുവേ ചിരിക്കാന്‍ അവള്‍ മടിച്ചിരുന്നു.... ക്ലാസ്സില്‍ മലയാളം ടീച്ചര്‍ "ഉതുപ്പാന്റെ കിണര്‍" തകര്ത്തെടുക്കുന്നു... പൊതുവേ മലയാളം സാഹിത്യത്തോട് താല്‍പ്പര്യമില്ലാത്ത അവള്‍ ജനലിലുടെ പുറത്തേക്കു നോക്കി... ആ സ്ത്രീയും കുട്ടിയും അവളെ നോക്കി ചിരിക്കുന്നു...
അവര്‍ ഇവിടെ എങ്ങനെ എത്തി??
അവള്‍ ചെറുതായൊന്നു ചിരിച്ചു... അശ്വതിയോട്‌ തിരിഞ്ഞു പറഞ്ഞു ആ സ്ത്രീയെ കുറിച്ച്.... അശ്വതി ജനലിലൂടെ പുറത്തേക്കു നോക്കി...
ആരും അവിടെ ഉണ്ടായിരുന്നില്ല!!!

പിന്നെയും അവള്‍ അവരെ കണ്ടു...
അവളെ കാണാനായി അവര്‍ എന്നും വരും....

അവള്‍ക്കു ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നതായി അവള്‍ അറിഞ്ഞു... അടുത്ത കൂട്ടുകാരിയായ അശ്വതി പോലും അവളെ പേടിച്ചു മാറി നില്‍ക്കുന്നു... ഒറ്റയ്ക്കിരിക്കുമ്പോള്‍ പലപ്പോഴും അവള്‍ വാവിട്ടു കരഞ്ഞു.... മുന്നില്‍ വച്ച ഭക്ഷണം തട്ടി തെറുപ്പിച്ചു ... എന്തൊക്കെയോ പിറുപിറുത്തു... രാവും പകലും ഉറങ്ങാതെ അവളിരുന്നു... സ്കൂളില്‍ പോക്ക് നിര്‍ത്തി... ള്ളിയിലെ ഉസ്താത് പ്രാര്‍ത്ഥിച്ചു കൊടുത്ത ചരടും കൈയ്യില്‍ കെട്ടി അവള്‍ വീട്ടിലിരുന്നു .. ആ ചരട് മുറിച്ചു കളയാന്‍ ആ സ്ത്രീയും കുട്ടിയും അവളോട്‌ പറയുന്നതായി അവള്‍ക്കു തോന്നി...

ദിവസങ്ങള്‍ പോയി...
ഒരു മാറ്റവുമില്ലാതെ അവള്‍ അലറി കരഞ്ഞു...
മഴയുള്ള ഒരു വൈന്നേരം..
കര്‍ക്കിടക മാസത്തിലെ അവസാനത്തെ മഴയാണെന്നു തോന്നുന്നു... വളരെ ശക്തിയായി മഴ സംഹാര താണ്ഠവമാടി... കറുത്ത വാവായിരുന്നു അന്ന്... മഴയുടെ ഏതോ നിമിഷത്തില്‍ ആ മാന്ത്രിക കോലത്തിനു മുന്നില്‍ അവള്‍ ഇരുന്നു... കണ്ണില്‍ ഇരുട്ട് കയറി... അവള്‍ അലറി കരഞ്ഞു... അവളിലെതോ ശക്തി പ്രവഹിക്കുന്നതായി അവള്‍ക്കു തോന്നി... മാന്ത്രിക കളത്തിലെ ചൂടില്‍ ... അവള്‍ എരിഞ്ഞടങ്ങാന്‍ പോകുന്നതായി അവള്‍ക്കു തോന്നി... കാലിട്ടടിച്ചും.. കൈയ്യിട്ടടിച്ചും അവള്‍ ദേഷ്യം തീര്‍ത്തു...

ജനലിലുടെ ഒരുപാടു കുഞ്ഞു തലകള്‍ അവളെ നോക്കി ഇരിക്കുന്നുണ്ട്...
പെട്ടെന്നായിരുന്നു അത് ...
ഒരുപാടു ശക്തിയോടെ മുടിയൊക്കെ അഴിച്ചിട്ടു അവള്‍ അലറി വിളിച്ചു...
ഒരു നിശ്ശബ്ദത...
ഏറെ നേരത്തെ നിശബ്ദതക്കു ശേഷം അവള്‍ ഒരു ഏമ്പക്കം വിട്ടു...
മെല്ലെ ആ മാന്ത്രിക കളത്തില്‍ അവള്‍ കിടന്നു...
മഴയുടെ ശക്തി കുറഞ്ഞു വന്നു... ചെറിയ ഒരു കാറ്റ് ഉള്ളിലെ ചൂടിനെ ചെറുതായി തണുപ്പിച്ചു...
മെല്ലെ അവള്‍ എഴുനേറ്റു... എന്തോ ഒരു പ്രകാശം അവളുടെ മുഖത്ത്... ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ അവള്‍ എല്ലാവരെയും നോക്കി ചിരിച്ചു...

മുന്നില്‍ വച്ചിരുന്ന കാഞ്ഞിര മുട്ടിയില്‍ ഒരു ആണി അടിച്ചിരുന്നു... അതും പൊക്കി മന്ത്രവാദി പറഞ്ഞു...
ബാലവാടിയുടെ അടുത്തുണ്ടായിരുന്ന കിണറ്റില്‍ ചാടി ചത്ത ടീച്ചര്‍ ആയിരുന്നു... മരിക്കുമ്പോള്‍ ഗര്‍ഭിണി ആയിരുന്നു... ഇനി ഒരു ശല്യവും ഉണ്ടാവില്ല... എല്ലാം ഞാന്‍ ശരിയാക്കിയിട്ടുണ്ട്...
ഒന്നും മനസിലാവാതെ അവള്‍ എല്ലാവരെയും തിരിഞ്ഞു നോക്കി...

ആരും ഒന്നും പറഞ്ഞില്ല... അടക്കിയ കരച്ചില്‍ ആയിരുന്നു ആ മുറി മുഴുവന്‍ ... ആരോ ചെയ്ത പാപം... അതിന്റെ പിഴ അനുഭവിച്ചത് അവളും... ഇന്നും എല്ലാവരും അവളോട്‌ ഒരു അകലം സൂക്ഷിക്കുന്നു... കുറച്ചു കാലം ഒരു പ്രേതം അവളുടെ കൂടെ കഴിഞ്ഞെന്നു ഓര്‍ക്കുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു ചിരി വിരിയും...

വാല്‍കഷ്ണം :

കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല... ഇതിനെ psychological disorder എന്നും പലരും പറയും... പക്ഷെ നാട്ടിന്‍ പുറങ്ങളില്‍ ഇന്നും ഇതിനെ ബാധ കൂടി എന്നാണു പറയാറ്... ഇതിനെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്... പ്രേതവും പുനര്‍ജന്മവും ഒന്നുമില്ല എന്ന് വിശ്വസിചിരുന്നപോഴാണ്... അശ്വതി ചേച്ചി ഈ കഥ പറഞ്ഞു തന്നത്... ഇന്നും ഇത് എന്റെ മുന്നില്‍ ഒരു mystery ആണ്... എനിക്കും അറിയില്ല എന്താണ് അവളില്‍ സംഭവിച്ചത് എന്ന് !!!






Wednesday, October 19, 2011

കമന്റുകള്‍ മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടും!!!

എന്തെഴുതണം എങ്ങനെ എഴുതണം എന്ന് അറിയില്ല... ഒരു ലവ് ലെറ്റെറിന്റെ തുടക്കം പോലെ ഉണ്ട്... അത് കൊണ്ട് ഈ തുടക്കം വേണ്ടാ... എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും ഒരു സന്തോഷ വാര്‍ത്ത‍ ഉണ്ട്!!!

ഞാന്‍ ബ്ലോഗ്‌ എഴുത്തില്‍ നിന്ന് കമന്റ്‌ എഴുത്തിലേക്ക്‌ എന്റെ മേഖല തിരിച്ചു വിടാന്‍ ഒരുങ്ങുന്നു... എല്ലാവര്‍ക്കും കമന്റുകള്‍ മൊത്തമായും ചില്ലറയായും എഴുതി കൊടുക്കുന്നതാണ്... പലരും ഫോളോവേര്‍സ് ഇല്ലാത്തതിന്റെം കമന്റ്‌ ഇല്ലാതത്തിന്റെം സങ്കടം പറഞ്ഞപ്പോള്‍ ... സഹിക്കവയ്യതെയാണ് ഞാന്‍ ഈ കടുത്ത തീരുമാനം എടുക്കുന്നത്...

ഞാന്‍ ആദ്യമായി എഴുതി തുടങ്ങിയത് എന്നാണെന്ന് ഓര്‍മയില്ല... പക്ഷെ എന്റെ എഴുത്തിനു തുടക്കം കുറിച്ചത് ഒരു അസൂയയാണ് ... ഇതുവരെ ഞാന്‍ പുറത്തു വിടാത്ത ആ രഹസ്യം ഞാന്‍ ഇന്ന് വെളിപെടുത്തുകയാണ്... ഒരു 12 വര്‍ഷങ്ങള്‍ക്കു മുന്പ്....1999 എനിക്ക് 9 വയസ്സ് ... എന്റെ ചേട്ടന്‍ നന്നായി വരയ്ക്കുമായിരുന്നു... എല്ലാ യുവജനോത്സവ കാലം ആവുമ്പോഴും എല്ലാ പത്രങ്ങളിലും ഒരു ഫോട്ടോയും വാര്‍ത്തയും സബ് ജില്ല കലോത്സവം ചിത്ര രചന ഫസ്റ്റ് നിതിന്‍ ഇത്രയും പോരെ എന്റെ അമ്മയ്ക്ക്.... ആ ചിത്രം വെട്ടി വയ്ക്കലും നാട്ടുകാരെ കാണിക്കലും... ട്രോഫികള്‍ നിരത്തി വയ്ക്കലും.... ഞാന്‍ എന്നൊരു ഒരു കുഞ്ഞു ജീവി ഉള്ളതായിട്ടെ ഭാവിക്കില്ല... അന്നെനിക് മനസിലായി പത്രത്തില്‍ ഫോട്ടോ വന്നാലെ കാര്യമുള്ളൂ... ഞാന്‍ ഒരു കടുത്ത തീരുമാനം എടുത്തു കവിത എഴുതുക ... അന്ന് ഈ പത്രത്തില്‍ എന്നും ഒരു ചര്‍ച്ചയെ ഉണ്ടായിരുന്നുള്ളൂ... y2k y2k... ഇതെന്താണെന്നു ചോദിച്ചപ്പോള്‍ അല്ലെ കാര്യം മനസിലായത്... 2000 വരുന്നത് കൊണ്ട് കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്ത ഡേറ്റ്സില് മാറ്റം വരുത്തണം... അങ്ങനെ എന്തൊകെയോ... എന്റെ കൊച്ചു തലയില്‍ ബുദ്ധി ഉദിച്ചു... കുരുട്ടു ബുദ്ധി എന്ന് പറയരുത്!!! ഞാനും കവിത എഴുതി!!!!

Y2k y2k

ലോകം കണ്ടൊരു y2k

ഇന്ത്യ കണ്ടൊരു y2k

കേരളം കണ്ടൊരു y2k

എന്താണീ y2k

ഇത് വെറുമൊരു 2000!!!

ആരും അറിയാതെ ഞാന്‍ ഇത് കേരള കൌമുദിയില്‍ അയച്ചു കൊടുത്തു കാരണം ആരെങ്കിലും അറിഞ്ഞാല്‍ ഇത് അച്ചടിച്ച്‌ വന്നില്ലെങ്കില്‍ മോശമല്ലേ നമ്മുടെ ഇമേജ് തകരില്ലേ.. ഞാന്‍ എന്തൊക്കെ നേര്‍ച്ചനേര്‍ന്നിട്ടുണ്ടെന്നു എനിക്ക് തന്നെ ഓര്‍മയില്ല കേരള കൌമുദിയില്‍ തിങ്കളാഴ്ച വരാറുള്ള ബാലലോകത്തില്‍ എന്റെ പ്രശസ്തമായ കവിത അച്ചടിച്ച്‌ വന്നു with അച്ഛന്റെ പേരും അഡ്രസ്സും .. ആദ്യം കണ്ടത് അച്ഛനോ അമ്മയോ ആവണം ... അവര്‍ ഞെട്ടിത്തരിച്ചു പോയി കാണണം... അടുക്കളയില്‍ പാത്രമൊക്കെ തെറിച്ചു വീഴുന്ന ശബ്ദം ഞാന്‍ ഉറക്കത്തില്‍ കേട്ടിരുന്നു... ഇനി എന്റെ പേരില്‍ ആരെങ്കിലും അയച്ചതാണോ എന്ന് അവര്‍ ചിന്തിച്ചിരിക്കാം... പക്ഷെ അതിനു ഒരു ആഴ്ച മുന്പ് ഞാന്‍ പോസ്റ്റല്‍ കവര്‍ വാങ്ങണം എന്ന് പറഞ്ഞതും പോസ്റ്റ്‌ ഓഫീസില്‍ പോയതും എല്ലാം കൂടി ചേര്‍ത്തപ്പോള്‍ അവര്‍ ഉറപ്പിച്ചു... ഇത് ഞാന്‍ അയച്ചത് തന്നെ !!

പിന്നീട് കുറച്ചു ദിവസത്തേക് ഒരു വി.ഐ.പി സൌകര്യത്തോടെ ഞാനും ജീവിച്ചു … ആരാധകരുടെ ഫോണ്‍ വിളികള്‍ (ഈ ആരാധകര്‍ എന്റെ വല്യച്ചനും വല്യമ്മയും അച്ഛന്റെ കൂടുകരും ഒക്കെ തന്നെ )… പത്രത്തില്‍ നിന്ന് അമ്മ എന്റെ കവിത വെട്ടി എടുത്തു ആല്‍ബത്തില്‍ വച്ചതും … ആളുകള്‍ വരുമ്പോള്‍ കാണിച്ചു കൊടുക്കലും … എന്നിലെ കവയിത്രിക്ക് ഒരുപാടങ്ങ്‌ പിടിച്ചു … പിന്നെ കവിത പത്രത്തില്‍ അയക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല … അതിനു കാരണം എന്താന്നെനു അറിയില്ല … പിന്നീട് 10 ല്‍ പഠിക്കുമ്പോള്‍ വിദ്യാഭ്യാസ മന്ത്രിക് ഒരു കത്തയച്ചിരുന്നു … അതും പത്രത്തില്‍ വന്നു … പിന്നെ നാട്ടിലൊക്കെ ഞാന്‍ ഒരു എഴുത്തുകാരീടെ മുമൂടി ഇട്ടു നടന്നു …

അങ്ങനെ കാലങ്ങള്‍ കഴിഞ്ഞു … എന്നിലെ എഴുത്തുകാരി ജീവിത പ്രതിസന്ധികളില്‍ എവിടെയൊക്കെയോ തളര്‍ന്നു പോയി … പിന്നീട് ആന്‍ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകള്‍ വായിച്ചപ്പോള്‍ .. അതില്‍ പ്രേരണ ഉള്‍ക്കൊണ്ട്‌ ഡയറി എഴുതി തുടങ്ങി … എന്റെ ഡയറി ആയിരുന്നു എനിക്കെനും കൂട്ട് .. ഓരോ പ്രായത്തിലും എന്റെ മനസിലൂടെ എന്തൊക്കെ കടന്നു പോയിട്ടുണ്ടെന്ന് എന്റെ ഡയറിക്ക് മാത്രമായിരിക്കും അറിയുക … അങ്ങനെ ബി .ടെക് ജോയിന്‍ ചെയ്തതോടെ ഡയറി എഴുതാന്‍ കൂടി സമയം കിട്ടാതെ ആയി … അപ്പോഴാണ്‌ ഞാന്‍ ഡയറിയില്‍ എഴുതുന്ന പൊട്ടത്തരങ്ങള്‍ കൂട്ടത്തില്‍ (social networking site)ബ്ലോഗ്‌ ആയി എഴുതാന്‍ തുടങ്ങിയത് … അതിനൊകെ തരക്കേടില്ലാത്ത അഭിപ്രായങ്ങളും കിട്ടി …അപ്പോഴാണ് എന്റെ സുഹൃത്ത്‌ രാഹുല്‍ എന്ത് കൊണ്ട് ബ്ലോഗ്‌ തുടങ്ങികൂടാ എന്ന് ചോദിച്ചത് … എന്തൊകെ ചെയ്യണം എന്നും പറഞ്ഞു തന്നു … എന്റെ ബ്ലോഗിങ്ങ് ഗുരു എന്ന് വേണമെങ്കില്‍ അവനെ വിശേഷിപ്പികാം …. അങ്ങനെ എഴുതി തുടങ്ങി …ആരും ശ്രദ്ധിക്കാതെ പോയ ഒരു ബ്ലോഗ്‌ … വല്ലപ്പോഴും ഈച്ചയും പാറ്റയും വന്നാലായി … ഇടയ്ക്ക് ആരെങ്കിലുമൊക്കെ വന്നു കമന്റ്‌ ഇട്ടാലായി … അപ്പോഴും അഹങ്കാരത്തോടെ ഞാന്‍ വിചാരിച്ചു … ഇവരോകെ ആരാ എന്നെ വിമര്‍ശിക്കാന്‍ … ഇവരുടെ ഒന്നും കവിത പത്രത്തില്‍ വന്നിട്ടില്ലല്ലോ … പിന്നെന്തിനാ ഇവരൊക്കെ വന്നു കുറ്റം പറയുന്നത് … അങ്ങനെ ഇരിക്കെ ഞാന്‍ ചുമ്മാ ഒരു ബ്ലോഗ്‌ പര്യടനത്തിനു ഇറങ്ങി … എന്നെ ഞെട്ടിപ്പിക്കുന്ന ആ സത്യം ഞാന്‍ മനസിലാകി … ദൈവമേ … ഈ ലോകം മുഴുവന്‍ എഴുത്തുകാരാണോ … ജാനകി ചേച്ചിയോകെ എഴുതുന്നത്‌ വായിച്ചപ്പോള്‍ ഞാന്‍ ഉറപ്പിച്ചു .. .കൈ കീബോര്‍ഡില്‍ നിന്ന് എടുക്കുന്നതാണ് നല്ലത് (പണ്ടാണെങ്കില്‍ തൂലിക വച്ച് കീഴടങ്ങുക എന്ന് പറയാം ) അങ്ങനെ ബ്ലോഗ്‌ പര്യടനതിടെ ഒരുപാടു നല്ല ബ്ലോഗുകള്‍ കണ്ടു … എന്റെ ഉപാസന , ഇലച്ചാര്‍ത്തുകള്‍, അമ്മുന്റെ കുട്ടി

നീര്‍വിളാകാന്‍
… ഇതിനൊരു അവസാനം ഇല്ല …പിന്നെ ആരാണീ പറയുന്നത് മലയാളത്തില്‍ എഴുത്തുകാരില്ല … വായനക്കാരില്ല എന്നൊക്കെ … ഞാന്‍ കാണുന്നവരെല്ലാം എഴുത്തുകാരാണ് … പണ്ടേ ഈ ബ്ലോഗിങ്ങ് ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ കൂട്ടുകാര്‍ പലരും ഇന്നത്തെ എഴുത്തുകാര്‍ എന്ന് വ്യാഖ്യാനിക്ക പെടുന്നവര്‍ക്ക് ഒപ്പത്തിനൊപ്പം നില്ക്കാന്‍ കഴിവുള്ളവര്‍ ആണെന്ന് എനിക്ക് തോന്നുന്നു … (എന്റെ അഭിപ്രായം മാത്രാമാണ് …മുന്‍കൂട്ടി അറിയിക്കാതെ തല്ലാന്‍ ആളെ വിടരുത് )

ബ്ലോഗുകളിലൂടെ കടന്നു പോയപ്പോഴാണ് പലരും കമന്റ്‌ ഇല്ലാത്തതിന്റെം ഫോളോവേര്‍സ് ഇല്ലാത്തതിന്റെം സങ്കടം പറഞ്ഞു കേട്ടത് പാവം മഹേഷ്‌ ചേട്ടന്‍ എന്തൊക്കെ ഓഫര്‍ മുന്നില്‍ വച്ചപ്പോള്‍ ആണ് കമന്റുകള്‍ കിട്ടി തുടങ്ങിയത് എന്ന് ഓര്‍ത്തു പോയി …ഇങ്ങനെ വിഷമിക്കുന്നവര്‍ക്കെല്ലാം തണലേകാന്‍ ഞാന്‍ വരുന്നു … കമന്റുകള്‍ മൊത്തമായും ചില്ലറയായും എഴുതി കൊടുക്കുന്നതാണ് … അതിനു ചെയ്യേണ്ടത് ഇത്ര മാത്രം … എന്നെ ഫോളോ ചെയ്യുക (ഇതിത്തിരി മോശമായി പോയി അല്ലെ …) അത് കൊണ്ട് ഫോളോ ചെയ്യണം എന്നില്ല … നിങ്ങളുടെ ബ്ലോഗ്‌ url ഇവിടെ കൊടുത്താല്‍ മതി … ഞാന്‍ കമന്റ്‌ ചെയ്യുന്നതാണ് … ഇനി ഒരു ടിപ്, കമന്റ്‌ ആവശ്യമുള്ളവര്‍ക്ക് : നമ്മള്‍ പോയി ആരുടെ എങ്കിലും ബ്ലോഗില്‍ കമന്റ്‌ ഇടണം അപ്പോള്‍ അവരും നമ്മുടെ ബ്ലോഗില്‍ കമന്റ്‌ ഇടും … അങ്ങനെ എല്ലാരും പരസ്പ്പര സഹായത്തോടെ ജീവികുക … ബ്ലോഗ്‌ എഴുത്തുകാര്‍ വിജയിക്കട്ടെ !!!!

Friday, October 7, 2011

വേഴാമ്പല്‍




പ്രത്യേകതകളില്ലാത്ത ഒരു ദിവസം.. എഴുതിയിട്ട് ഒരുപാടായി.. ഒന്നും തന്നെ എഴുതാന്‍ തോന്നുന്നില്ല... ഇന്നിത്തിരി സെന്റി ലൈന്‍ ആവാം അല്ലെ??

മഹത്ത്വ പൂര്‍ണമായ 4 വര്ഷം ബി.ടെക് പഠിച്ചു തീര്‍ത്തു... പഠിച്ചോ? എന്ന് സൂക്ഷിച്ചു ചോദിച്ചാല്‍ ബ..ബ..ബ അടിക്കും... അതോണ്ട് പഠിച്ചു തീര്‍ത്തു എന്ന് പറഞ്ഞാല്‍ ശെരിയാവില്ല... കോളേജില്‍ പോയി 4 കൊല്ലം എന്ന് പറയാം... പോയിട്ടിപ്പോ എന്തോന്ന് കിട്ടി എന്ന് ചോദിച്ചാല്‍ ... കൈ മലര്ത്തുകയെ നിവര്ത്തിയുള്ളു... ശെരി കഷ്ടപ്പെട്ട് 4 കൊല്ലം അവിടെ വരെ പോയി വന്നില്ലേ ഈ കൊച്ചുങ്ങള്‍ എന്നൊരു സിമ്പതി ആര്‍ക്കും തന്നെ ഇല്ല... ബി.ടെക് പഠിച്ചിറങ്ങിയവര്‍ നേരിടുന്ന ആദ്യ ചോദ്യം!!!

1. നിങ്ങളുടെ കോളേജില്‍ ക്യാമ്പസ്‌ സെലക്ഷന്‍ വന്നില്ലേ ??
2. ജോലി ഒന്നും കിട്ടിയില്ലേ??
3. എന്താ ഇപ്പൊ വെറുതെ ഇരിക്കുകയാണോ വീട്ടില്‍ ??
4. അപ്പുറത്തെ വീടിലെ "x" ന്റെ മോന് ഇന്ഫോസിസില് ജോലി കിട്ടിയല്ലോ

നമ്മുടെ വീട്ടുകാര്‍ക്ക് പോലും ഉണ്ടാവില്ല ഇത്രയും ടെന്‍ഷന്‍ ...അപ്പൊ വിചാരിക്കും ഈ ചോദിക്കുന്ന വ്യക്തികളൊക്കെ... എന്നും ജോലിക്ക് പോയി സമ്പാദിച്ചു കൊണ്ടുവരുന്ന ആള്‍ക്കാരാണെന്ന്... പക്ഷെ... വീട്ടിലിരുന്ന സീരിയല്‍ കാണുന്നവര്‍ക്കാന് കൂടുതല്‍ ഇളക്കം... ഇപ്പോള്‍ എന്റെ ഓരോ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഈ ചോദ്യങ്ങള്‍ക്കിടയില്‍ ആണ്...

ഒരിക്കല്‍ രാഹുല്‍ പറഞ്ഞത് പോലെ... ഈ അവസ്ഥയെ നമുക്ക്... ഇല കൊഴിഞ്ഞ ഒരു മരവുമായി താരതമ്യം ചെയ്യാം ... കിളികളും കൂടുകളും ഒന്നും ഇല്ല ആ മരത്തില്‍ ... ഇനി ഒരു മഴയാണ് വേണ്ടത്... മണ്ണിനെ തണുപ്പിക്കാന്‍ മനസ്സിനെ തണുപ്പിക്കാന്‍ .. ഇനി ഇലകള്‍ വരേണ്ടി ഇരിക്കുന്നു... പൂക്കള്‍ വിരിയെണ്ടി ഇരിക്കുന്നു... ഒരു പാട് പുതിയ കിളികള്‍ വരണം.. കൂടുകൂട്ടണം.. അങ്ങനെ ആ മരം പടര്‍ന്നു പന്തലിക്കും... അപ്പോള്‍ ഞാന്‍ മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്ന വേഴാമ്പല്‍ ആണോ എന്ന് തോന്നാം... ആവാം... . വേഴാമ്പല്‍ എന്തിനാണ് മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്നത് എന്ന് അറിയുമോ??

വേഴാമ്പല്‍ ഒരുപാട് പ്രത്യേകതകള്‍ ഉള്ള ഒരു പക്ഷിയാണ്...
നവംബറില്‍ അവ ഇണയുമായി കൂട് തേടി നടക്കും... ആയുഷ്ക്കാലം മുഴുവന്‍ ഒരു വേഴാമ്പലിനു ഒരു ഇണ മാത്രമേ ഉണ്ടാകു.. ഒരു കൂടും ... കൂടിനു പറ്റിയ സ്ഥലം കണ്ടെത്തി കഴിഞ്ഞാല്‍ സ്വന്തം കാഷ്ടം ഉപയോഗിച്ചവ കൂട് ഉണ്ടാക്കും... പിന്നീട് അതില്‍ മുട്ടയിട്ടു... കൊക്ക് മാത്രം വെളിയിലിട്ടു മുട്ടയ്ക്ക് അട ഇരിക്കും...ഈ സമയം ആണ്‍ വേഴാമ്പല്‍ അമ്മയ്ക്കും കുഞ്ഞിനുമുള്ള പഴങ്ങള്‍ ശേഖരിക്കുകയാവും.. പിന്നീട് മാര്‍ച്ച്‌ മാസം... വേനല്‍ മഴ കാലത്ത് മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്ത് വരും...ഈ സമയം ന്റെ പ്രാണനാഥനെയും കാത്തു പെണ്‍ വേഴാമ്പല്‍ മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുകയാവും..

ഞാന്‍ അങ്ങനെ ഒരു പ്രാണനാഥന് വേണ്ടി കാത്തിരിക്കുന്നില്ല... ഒരു നനുത്ത മഴയ്ക്കായി...പുതുമഴ പെയ്യുമ്പോള്‍ മണ്ണില്‍ നിന്ന് വരുന്ന ണത്തിനായി... ആ കുഞ്ഞു നിമിഷത്തിനു വേണ്ടി മാത്രമായാണ് ഞാന്‍ കാത്തിരിക്കുന്നത്..