Thursday, June 3, 2010

ഓര്‍മകള്‍

സ്കൂള്‍ തുറന്നു... ഇന്ന് ചന്തു ആദ്യമായി സ്കൂളില്‍ പോവുകയാണ്... ഇന്ന് ഉച്ച വരെയുള്ളൂ... പുതിയ ബാഗും, പുതിയ കുടയും, പുതിയ ഉടുപ്പുമൊക്കെ ഇട്ടു അവനെ ഒരുക്കി നിര്‍ത്തി ... സ്കൂളില്‍ ഇന്ന് മിട്ടായി കിട്ടും എന്ന ഏക പ്രതീക്ഷയിലാണ് അവന്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങുന്നത്... അവന്റെ മുഖത്ത് നോക്കിയപ്പോ പണ്ട് മലയാളത്തില്‍ പഠിച്ച ഒരു പാഠം ആണ് ഓര്‍മ വന്നത് "ഉണ്ണിക്കുട്ടന്‍ സ്കൂളില്‍" ... അതില്‍ രാവിലെ എണീറ്റ്‌ ചേച്ചിയും അനിയനും ബഹളമാ സ്കൂളില്‍ പോകാന്‍.... എന്റെ വീട്ടിലും അത് പോലെ ആയിരുന്നു...

രാവിലെ എണീപ്പിക്കാന്‍ തന്നെ അമ്മയും പപ്പയും ഒരുപാടു കഷ്ടപ്പെടും... മിക്കവാറും രാവിലെ എണീറ്റാല്‍ ആയിരിക്കും എട്ടന് ഓര്‍മ വരുക "ഹോം വര്‍ക്കിന്റെ" കാര്യം... പിന്നെ അമ്മയും ഏട്ടനും യുദ്ധമായിരിക്കും... ഞാന്‍ എന്തോ പണ്ട് നല്ല കുട്ടി ആയിരുന്നു... സ്കൂള്‍ വിട്ടു വന്നാല്‍ ഉടന്‍ എല്ലാ ഹോം വര്‍ക്കും ചെയ്തു തീര്‍ക്കും ... അതെന്തു കൊണ്ടാണെന്ന് എനിക്കിത് വരെ മനസിലായിട്ടില്ല... അന്നൊന്നും ഞങ്ങള്‍ടെ വീട്ടില്‍ ടി.വി ഉണ്ടായിരുന്നില്ല അത് കൊണ്ട് രാവിലെ തന്നെ പപ്പ റേഡിയോ വയ്ക്കും... റേഡിയോ യിലെ ഓരോ പ്രോഗ്രാം അനുസരിച്ചായിരുന്നു ഞങ്ങള്‍ ഓരോന്ന് ചെയ്യുന്നത്... വാര്‍ത്തകള്‍ തുടങ്ങുമ്പോള്‍ ചേട്ടന്‍ കുളിക്കാന്‍ കേറും അത് കഴിഞ്ഞാല്‍ ഞാന്‍ ... ചലച്ചിത്ര ഗാനം തുടങ്ങുമ്പോ രണ്ടു പേരും ഭക്ഷണം കഴിക്കും... നല്ല രസമായിരുന്നു... നാലാം ക്ലാസ്സ്‌ വരെ ഞങ്ങള്‍ കെ.പി.ആര്‍ .പി സ്കൂളില്‍ ആണ് പഠിച്ചത്... വാന്‍ ഉണ്ട് സ്കൂളിലേക്ക് പോകാന്‍ .. വീടിന്‍റെ മുന്നില്‍ വാന്‍ വരും... എന്നും വാനിന്‍റെ മുന്‍ സീറ്റില്‍ രാധ മിസ്‌ ഉണ്ടാവും... കരഞ്ഞു വാശി പിടിച്ചു നില്‍ക്കുന്ന എന്നെ വണ്ടിയിലേക്ക് എടുത്തിടുകയാണ്‌ ചെയ്യാറ്... കൂട്ടിലകപെട്ട കിളിയെ പോലെ ഞാന്‍ ജനലിലൂടെ അമ്മയെ ദയയോടെ നോക്കും... പിന്നെ ഒരു ബഹളമായിരിക്കും സ്കൂള്‍ എത്തുന്നത് വരെ...

Monday, May 24, 2010

സുഖമുള്ള ദിവസം

എന്തോ ഒരു ശബ്ദം കേട്ട് ഞാന്‍ എണീറ്റു.... നേരിയ തണുപ്പ് ഞാന്‍ പുതപ്പിനുള്ളില്ലേക്ക് തന്നെ ചുരുണ്ട് കൂടി... ഫോണ്‍ റിംഗ് ചെയ്തു കൊണ്ടേ ഇരുന്നു... എടുത്തു നോക്കിയപ്പോള്‍ എന്നും എന്നെ ശല്യപെടുത്താറുള്ള ആ ശബ്ദം തന്നെ... "നിധില" ... " എന്താടി പട്ടി ഈ വെളുപ്പാന്‍ കാലത്ത് നിനക്ക് ഉറക്കം ഇല്ലേ??? എന്നാ സ്ഥിരം ചോദ്യത്തോടെ ഞാന്‍ തുടങ്ങി... "വെളുപ്പാന്‍ കാലമോ നീ സമയം നോക്കെടി അലവലാതി" എന്ന സ്ഥിരം ഉത്തരം അവള്‍ടെ ഭാഗത്ത്‌ നിന്ന്... സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു... എന്താണാവോ?? എന്ന എന്‍റെ ചോദ്യത്തിന് മുന്നേ അവള്‍ പറഞ്ഞു... നമുക്ക് സ്.തോമസില്‍ ഒരു റീ യുനിയന്‍ നടത്തം... പഴയ പത്ത് സി എല്ലാവര്ക്കും ഒന്ന് കാണാം എന്നു... എന്നു?? എന്ന എന്‍റെ ചോദ്യത്തിന് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി എന്നായിരുന്നു അവള്‍ടെ മറുപടി..
അവള്‍ പ്ലാന്‍ ചെയ്തതായത് കൊണ്ട് ഞങ്ങള്‍ മാത്രേ കാണു എന്നു എനിക്ക് തോന്നി... അത് കൊണ്ട് തന്നെ എന്നത്തേയും പോലെ വയ്കി ആണ് ഞാന്‍ പോയത്... ചെന്നപ്പോള്‍ പ്രതീക്ഷ്ച്ചതിലും കൂടുതല്‍ മുഖങ്ങള്‍ എല്ലാവരും ഒരുപാടു മാറി ഇരിക്കുന്നു... ഏറ്റവും മാറിയതായി തോന്നിയത് അജിഷ ആണ്.. ദിവ്യ, മാലിനി,ദിന, ടിജി ഒക്കെ മാറിയിട്ടുണ്ട് എന്നു പറയാം എന്നല്ലാതെ മാറ്റം അധികമൊന്നുമില്ല... നന്ദിനിക്ക് അന്നും ഇന്നും ഒരു മാറ്റവും ഉള്ളതായി തോന്നിയില്ല... സ്വഭാവത്തിലും!!! ഒരുപാടു സന്തോഷം തോന്നി.. എല്ലാവരെയും കണ്ടപ്പോള്‍.. സ്കൂള്‍ ഒരുപാടു മാറിയിരിക്കുന്നു... പക്ഷെ പഴയ ക്ലാസുകള്‍ എല്ലാം അത് പോലെ തന്നെ... ഞങ്ങളുടെ പഴയ പത്ത് സി , സ്റ്റാഫ്‌ റൂം, സാന്തോം... മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത് പി.ടി.എ ബ്ലോക്കിനും പൂന്തോട്ടത്തിനും ഒക്കെയാണ്...
പഴയ വരാന്തയിലൂടെ ഞങ്ങള്‍ നടന്നു... പണ്ട് ചിരിച്ചു കൊണ്ടും കരഞ്ഞു കൊണ്ടും ഒക്കെ ഓടിയ വരാന്തയാണ് ... വായ്നോട്ടത്തിന്റെ ബാലപാഠം പഠിച്ചതും ഈ വരാന്തയിലൂടെ പുറത്തോട്ട് നോക്കിയാണ്... കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും തമാശകളും.. ആദ്യമായി സ്റ്റേജില്‍ മൈം അവതരിപ്പിച്ചതും പട്ടുപാടിയതുമൊക്കെ ഓര്‍ത്തു പോവുകയാണ്... തിരിച്ചു പോരുമ്പോള്‍ ഓര്‍ത്തു പോയി ഒരിക്കല്‍ കൂടി ആ യുണിഫോം ഇട്ടു പഴയ കുട്ടികളായി ഇവടെ വരാന്‍ പറ്റി ഇരുന്നെങ്കില്‍ എന്നു...

Tuesday, May 18, 2010

രാത്രി മഴ


ഇടിച്ചു കുത്തിയുള്ള മഴയായിരുന്നു ഇന്നലെ... ജനലിലൂടെ ഞാന്‍ മഴയെ നോക്കി കിടന്നു... പകല്‍ ഉറങ്ങിയത് കൊണ്ടാവണം... ഉറക്കമേ വരുന്നില്ല... ജനല്‍ കമ്പികള്‍ക്കിടയിലൂടെ മഴത്തുള്ളികള്‍ മുഖത്തു വീഴുന്നുണ്ട്‌.... ഇത് വരെ കാണാത്ത ഒരു ഭംഗി ആകാശത്തിന്... മഴയുടെ ശൌര്യം കൂടി... ഇടിയും മിന്നലും... മിന്നലിന്റെ പ്രകാശത്തില്‍ മഴത്തുള്ളികള്‍ പവിഴം പോലെ തിളങ്ങി... ഒന്നിച്ചു ആകാശത്ത് നിന്ന് കൊഴിഞ്ഞിറങ്ങി ഭൂമിയില്‍ വീണു അകലുന്നതിന്റെ വേദനയാവം ഓരോ മഴത്തുള്ളിക്കും... അവ പരസ്പരം കെട്ടി പുണര്‍ന്നു... അകലുന്നതിനു മുന്പായി അവസാന ചുംബനം നല്‍കി മണ്ണിലേക്ക് പതിച്ചു... അവരുടെ വിടപറയലില് ആകാശം  തന്റെ   വിഷമം കാണിച്ചത്‌ അലറിവിളിച്ചാണ്... അവയ്ക്ക് വെളിച്ചം നല്കാന്‍ മിന്നല്‍ ഇങ്ങു ഭൂമി വരെ കൂടെ പോന്നു... അവസാനം അവ മണ്ണില്‍ പതിച്ചപ്പോള്‍... ഒരു ചെറു നിശ്വാസത്തോടെ ആകാശം ഒരു കുഞ്ഞു കാറ്റിനെ ഭൂമിയിലേക്കയച്ചു ... ആ കാറ്റ് മണ്ണില്‍ വീണലിഞ്ഞ മഴത്തുള്ളികളെ പുല്‍കി  തന്റെ   സ്നേഹം അറിയിച്ചു... മെല്ലെ മെല്ലെ ആകാശം പഴയ പോലെ ആയി... തണുത്ത കാറ്റ്.... ഒരു നല്ല ഉറക്കത്തിനായി ഞാന്‍ കണ്ണടച്ചു..

Sunday, May 16, 2010

ഞാന്‍ ഏറ്റവും ഇഷ്ടപെട്ടിരുന്ന ദിവസങ്ങള്‍....

ഇന്ന് അശ്വതിയുടെ കല്യാണം... ഞങ്ങള്‍ ക്ലാസ്സില്‍ നിന്ന് എല്ലാരും പോയിരുന്നു... നാളെ മുതല്‍ ഇനി കുറച്ചു ദിവസത്തേക്ക് ക്ലാസ്സില്ല ഒരു പാട് പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ചെയര്‍മാന് മനസ്സലിവു തോന്നി തന്ന അവധി ആണ്... എന്ത് ചെയ്യും ഇനി പത്ത് ദിവസം... ഒരുപാടു പ്ലാനുകള്‍ ഉണ്ട്... നെല്ലിയാമ്പതി, മൂകാംബിക എന്നൊക്കെ മനസ്സില്‍ ഉണ്ട്... അമ്മയ്ക്ക് ആഗ്രഹം നെല്ലിയാമ്പതിയില്‍ പോകാനാണ്... പണ്ട് ഞങ്ങള്‍ താമസിച്ചിരുന്നത് അവിടെയാണ്.. പക്ഷെ എനിക്കവിടം നല്ല ഓര്‍മ ഇല്ല... അവിടെ താമസിക്കുമ്പോള്‍ ഞാന്‍ അമ്മേടെ വയറ്റില്‍ ആയിരുന്നു... അപ്പോള്‍ എങ്ങനെ ഓര്‍ക്കാനാണ്??..

എനിക്ക് പോകാന്‍ ഇഷ്ടം നിലമ്പൂര്‍ ആണ്...പണ്ട് എല്ലാ വെക്കേഷനും ഞങ്ങള്‍ നിലമ്പൂര്‍ പോകുമായിരുന്നു... എനിക്കിന്നും ഓ൪മ ഉണ്ട്... കാടിനു നടുക്കുള്ള വീട്... പിന്നെ ഞങ്ങള്‍ രാവിലെ കുളിക്കാന്‍ പോകാറുള്ള പുഴ... കാട്ടിന് നടുക്കൂടെ നടക്കണം പുഴയില്‍ പോകാന്‍... പോകുന്ന വഴിക്ക് ഇലകള്‍ക്കിടയിലൂടെ നേരിയ സൂര്യ പ്രകാശം മാത്രം... ഒരു ചിതല്‍ പുറ്റുണ്ടു വഴിയില്‍... എനിക്ക് പേടിയാരുന്നു ആ പുറ്റു.... ആ സ്ഥലം എത്തുമ്പോള്‍ ഞാന്‍ പപ്പേടെ തോളില്‍ കേറും... കാടിന് നടുകൂടെ ചെറിയ വഴി മാത്രേ ഉള്ളു... ഇരുട്ടത്തൂടെ ഉള്ള യാത്ര പോലെ ഉണ്ടാവും.. മെല്ലെ മെല്ലെ വെളിച്ചം ദൂരെ കാണും.... പിന്നെ വിശാലമായ പുഴയാണ് അധികം ആഴമില്ല .... ഞാനും ഏട്ടനും മീന്‍ പിടിക്കും അവിടെ...അച്ഛന്‍ ഞങ്ങളെ ൈകയില് കിടത്തി നീന്തിപ്പിക്കുമായിരുന്നു...ഒരിക്കല്‍ പപ്പ നീന്തിക്കൊണ്ടിരുന്നപ്പോ പപ്പക്ക് കൂട്ടായി ഒരു നീര്‍ക്കോലിയും നീന്തി... ഞങ്ങള്‍ എല്ലാം പേടിച്ചു... അപ്പൊ ചേട്ടന്‍ പറഞ്ഞു ആ നീര്‍ക്കോലി പപ്പേടെ കൂടെ റേസ് വച്ചതാന്നു... പക്ഷെ ജയിച്ചത്‌ പപ്പയാ... അതിനടുത്തായി ഒരു പൊട്ട കുളവും ഉണ്ടാരുന്നു... ഒരിക്കല്‍ ഞാനും ഏട്ടനും എന്‍റെ പുതിയ ഡ്രസ്സ്‌ കീറി മീന്‍ പിടിച്ചു... ആ തുണി ഒഴുകി പോയി...പിന്നെ ഞങ്ങള്‍ നോക്കിയപ്പോള്‍ ആ തോര്‍ത്ത്‌ ആ പൊട്ട കിണറ്റില്‍ കിടക്കുന്നുണ്ടായിരുന്നു ...അതെങ്ങനെ എന്ന് ഞങ്ങള്‍ക്കിന്നും അറിയില്ല...

ഇരുട്ടത്തുടെ ആ വഴി ഒക്കെ വരാന്‍ എനിക്ക് പേടിയാരുന്നു...വീടെത്തുമ്പോള്‍ വെളിച്ചം വരും...കുഞ്ഞു മുറ്ററ്റമാ വീടിനു... സ്റ്റെപ് കേറിയാലെ വീടിന്‍റെ മുറ്റം എത്തു... കുറേ സ്റ്റെപ് ഉണ്ട്... മുറ്ററ്റത്തു കുറേ പൂച്ചെടികള്‍ ഉണ്ട്... ഞങ്ങളുടെ വീടിന്‍റെ ഒരു റൂം അടച്ചിട്ടിരുന്നു... അതില്‍ കുറെ കോഴികളെ പിടിചിട്ടിട്ടുണ്ടാരുന്നു ... അത് ഞങ്ങള്‍ക്ക് ഓരോ ദിവസം കഴിക്കാനാണ്... അവിടെ ഒരു മാമന്‍ ഉണ്ടാരുന്നു ആ മാമന്‍ ആണ് എല്ലാം വച്ചുണ്ടാക്കി തന്നിരുന്നത്.. ആ മാമന്‍റെ രണ്ടു മക്കള്‍ ലുട്ടാപ്പിയും സീതയും അവരടെ കൂടെയരുന്നു ഞങ്ങള്‍ കളിച്ചത്... ഇന്നും അവിടുത്തെ ഓരോ സ്ഥലവും എനിക്ക് ഓര്‍മ ഉണ്ട്.. ആ വീടിന്റെ മണവും.. രാത്രി ഉള്ള കുറുക്കന്റെ കൂവലും എല്ലാം...