Tuesday, March 13, 2012

എനിക്ക് പറയാന്‍ ഉള്ളത്

ഇനി എന്റെ അവസരം … ഒന്ന് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇട്ടു തിരിച്ചു വന്നപ്പോള്‍ ഇവിടെ കാണുന്നത് … എല്ലാരും കൂടെ എന്റെ നെഞ്ചത്ത് പൊങ്കാല ഇട്ടേക്കുന്നതാണ് … ആദ്യം മറുപടി എഴുതണ്ട എന്നാണ് കരുതിയത്‌... അത് വിരോധവും ദേഷ്യവും ഒന്നും തോന്നിയിട്ടല്ല …തൂപ്പുകാരെല്ലാം കൂടെ തൂത്തു തുടങ്ങിയതല്ലേ ഉള്ളു …അപ്പൊ നല്ലോണം തൂക്കട്ടെ എന്ന് കരുതി … അവസാനം തൊഴിലുറപ്പ് പദ്ധതിക്കാരെ പോലെ പാതികിട്ടു പോകരുത് …ഈ സംരഭം സത്യത്തില്‍ എനിക്കിഷ്ടപെട്ടു... ആരെയും വ്യക്തി പരമായി ആക്രമിക്കാന്‍ അല്ല എന്ന് തൂപ്പുകാരി തുറന്നു പറഞ്ഞത് നന്നായി... അത് കൊണ്ട് തന്നെ ആര്‍ക്കും അക്രമിക്കപ്പെട്ടതായി തോന്നിയില്ല...

ഇനി പറയാന്‍ വന്ന കാര്യം... തൂപ്പുകാര്‍ എല്ലാരും കൂടെ ബൂലോകം വൃത്തിയാക്കാന്‍ ഒരുമ്പിട്ടു ഇറങ്ങിയപ്പോള്‍ എന്റെ ബ്ലോഗില്‍ നിന്ന് തുടങ്ങിയതില്‍ ആദ്യം തന്നെ നന്ദി പറഞ്ഞുകൊള്ളട്ടെ...ഇത്രയും വിവാദമുണ്ടാക്കി എന്നെ ഫേമസ് ആകിയതില്‍ നന്ദിയുണ്ട് ... ഇതിനു ശേഷം ബ്ലോഗ്ഗില്‍ ആളുകളുടെ തള്ളികയറ്റം ഉണ്ടായതില്‍ അതിയായ സന്തോഷം ഉണ്ട്... ആളും കമന്റും ഇല്ലാതെ പലരും ബ്ലോഗിങ്ങ് നിര്‍ത്തി അനോണിയായി പുതിയ ബ്ലോഗ്‌ തുടങ്ങുന്ന ഈ അവസരത്തില്‍ ചിലവില്ലാതെ കുറെ ഫോളോവേര്സിനെ ഒപ്പിച്ചു തന്ന തൂപ്പുകരോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല

ഇനി തൂപ്പുകാരോട്...

എന്റെ പൊട്ടത്തരങ്ങള്‍ എന്ന ബ്ലോഗ്ഗെഴുതുന്ന അനാമികയിലാണു ഈ അസുഖം ആദ്യം കണ്ടത്. ബന്ധു വീട്ടില്‍ പോയപ്പോള്‍ വയറിളക്കം പിടിച്ച കഥ പൊടിപ്പും തൊങ്ങലും വച്ചു നോട്ടീസടിച്ചപ്പോള്‍ ആരാധകര്‍ അതുവരെയില്ലാത്ത ആവേശത്തോടെ തള്ളികയറി. ഒരുപാടു നല്ല രചനകള്‍ ആ ബ്ലോഗ്ഗില്‍ ഉണ്ടെങ്കിലും അതിനൊന്നും കിട്ടാത്ത വായനക്കാരും, പ്രോത്സാഹനവുമായിരുന്നു ഈ വയറിളക്കത്തിന് കിട്ടിയത്..

ഇത്രയും എഴുതിയത് കൊണ്ട് പറയുന്നു .. ഞാന്‍ എഴുതാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി .. എഴുതാന്‍ ഉണ്ടായ സാഹചര്യവും ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു... എന്റെ പോസ്റ്റില്‍ മഹത് വചനങ്ങള്‍ ആണ് എഴുതുന്നത്‌ എന്ന് ഒരിക്കലും ഞാന്‍ അവകാശപെട്ടിട്ടില്ല ... ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ... വെറും പൊട്ടത്തരങ്ങള്‍ മാത്രം... എന്റെ ചുറ്റും കാണുന്ന സംഭവങ്ങളും ഞാന്‍ അനുഭവിച്ചിട്ടുള്ളതുമായ അവസ്ഥകളും മാത്രമാണ് കുറെ അക്ഷരത്തെറ്റുകളിലൂടെ ഞാന്‍ എഴുതിയിരിക്കുന്നത്... ഞാന്‍ പാവം ഡി.പി.ഇ.പി ആയതു കൊണ്ട് തന്നെ വൃത്തം, ഉപമ, ഉല്‍പ്രേക്ഷ, സമാസം, വെപ്രാളം തുടങ്ങിയവ ഒന്നും സ്കൂളില്‍ പഠിപ്പിച്ചിട്ടില്ല.. അറിയത്തുമില്ല... അതും ഞാന്‍ ഒരു പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടുണ്ട് ...

വായിക്കാറുണ്ട്...അതും ബാലഭൂമിയും ബാലമംഗളവും പൂമ്പാറ്റയും ബോബനും മോളിയും ഒക്കെയാ ... ചിലപ്പോള്‍ പേരെടുത്ത കുറെ നോവലുകള്‍ നിങ്ങള്‍ പറഞ്ഞാല്‍ അതൊന്നും ഞാന്‍ വായിച്ചിട്ടുണ്ടാവില്ല...

ഞാന്‍ നന്നായി എഴുതിയിരുന്നു എന്ന് പറഞ്ഞ തൂപ്പുകാരാരും ഇതുവരെ ആ നല്ല പോസ്റ്റിനു ഒരു അഭിപ്രായമോ നന്നായി എന്നൊരു വാക്കോ എന്നോട് പറഞ്ഞിട്ടില്ല... ഇന്നും ഒരു കമന്റ്‌ പോലും കിട്ടാതെ എന്റെ പല പോസ്റ്റുകളും കിടപ്പുണ്ട്... കമന്റിനു വേണ്ടി ആണോ എഴുതുന്നത്‌ എന്ന് ചോദിച്ചാല്‍ അതേ!!... എന്ന് ഞാന്‍ തറപ്പിച്ചു പറയും... ആളും പേരും കാണാതെ കിടക്കുന്ന എന്റെ നല്ല പോസ്റ്റുകള്‍ എന്ന് നിങ്ങള്‍ പരാമര്‍ശിച്ച എന്റെ പോസ്റ്റ്‌കളെക്കാള്‍ എനിക്ക് പ്രിയപെട്ടവ നാലാള് വായിച്ച എന്റെ പോസ്റ്റ്‌ ആണ്.. ആദ്യമായി ഒരു പോസ്റ്റ്‌ ഇടുമ്പോഴും അതില്‍ നാലാള്‍ കമന്റ്‌ ഇടുമ്പോഴും സന്തോഷിക്കാത്തവര്‍ ആരും ഇല്ല..

ഇനി എഴുതിയ വിഷയം ആണ് ബൂലോകത്തിന്റെ സഭ്യതക്ക് എതിരെ എന്ന് പറഞ്ഞതിനാല്‍ ഞാന്‍ ഒന്ന് ചോദിച്ചുകൊള്ളട്ടെ... ഓ.വി. വിജയന്‍റെ ധര്‍മപുരാണം നോവലിന്റെ തുടക്കം "പ്രജാപതിക്ക് തൂറാന്‍ മുട്ടി "എന്നാണു ഇത് തൂപ്പുക്കാരി കണ്ടില്ലേ എന്തോ?? ഓ.വി.വിജയനുമായി എന്നെ താരതമ്യം ചെയ്തതില്‍ പുള്ളിക്കാരന്‍ എന്നോട് ക്ഷമിക്കട്ടെ... അപ്പോള്‍ പറഞ്ഞു വന്നത്... വയറിളക്കം, ശര്ധില്‍, ക്രിമികിടി തുടങ്ങിയവ മനുഷ്യ സഹജമായ അവസ്ഥകള്‍ ആയതുകൊണ്ട് അതെടുത്തഴുതിയതില്‍ ഞാന്‍ ഒരിക്കലും ഖേദിക്കുന്നില്ല.... ഞാന്‍ എഴുതിയത് മഹത്തായ കാര്യങ്ങള്‍ ആണെന്ന് അവകാശപെടുന്നുമില്ല...

തൂപ്പുകാരന്‍ ആരായാലും ഈ പോസ്റ്റ്‌ ഇട്ടതില്‍ എനിക്കൊട്ടും വിഷമം തോന്നിയിരുന്നില്ല... എന്നാല്‍ എന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടു എന്ന ഒരേ കാരണത്താല്‍ ഒരുപാടു പേരെ അപമാനിച്ചതില്‍ സങ്കടം ഉണ്ട്... അത് അവര്‍ എന്നോട് തുറന്നു പറയുകയും ചെയ്തു ...പെണ്ണായത് കൊണ്ട് പ്രതികരിക്കില്ല എന്ന് തോന്നിയത് കൊണ്ടാവാം തൂപ്പുകാര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ എന്റെ ബ്ലോഗ്‌ തന്നെ തിരഞ്ഞെടുത്തത്... എന്നാല്‍ ഒരു സ്ത്രീ എന്ന ചട്ടകൂടില്‍ ഒതുങ്ങി നില്ക്കാന്‍ ഞാന്‍ തയ്യാറല്ല... ഇത് ആരാണെന്നു അറിയേണ്ടത് എന്റെ ആവശ്യം കൂടി ആയിരുന്നു... അതെനിക്ക് മനസിലാവുകയും ചെയ്തു... തെളിവ് മാത്രമായിരുന്നു ആവശ്യം... കൊച്ചിലെ ജേര്‍ണലിസ്റ്റ് ആവണം എന്നതായിരുന്നു ആഗ്രഹം... ആ വൈഭവം ഞാന്‍ ഉപയോഗപെടുത്തി എന്ന് തന്നെ പറയാം.. പക്ഷെ ഞാന്‍ ആ ചാറ്റ് എന്റെ സഹോദരതുല്യനായ സുഹൃത്തിന് കാണിച്ചു കൊടുത്തത്.. അത് പോസ്റ്റ്‌ ചെയ്യാനോ അതില്‍ വിവാദം ഉണ്ടാക്കാനോ ആയിരുന്നില്ല... ഇത്രയൊക്കെ സംഭവിച്ചതില്‍ വിഷമം ഉണ്ട്...മുന്‍ മന്ത്രി ബാലകൃഷ്ണ പിള്ള ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടു പിടിക്കാന്‍ രഹസ്യ സംഭാഷണം ചോര്തിയപ്പോള്‍ അതെല്ലാരും പത്രധര്മത്തില്‍ ഉള്‍പ്പെടുത്തി... എന്നാല്‍ കൂടെ നിന്ന് കാലു വാരുന്നവരെ കണ്ടുപിടിക്കാന്‍ ഞാന്‍ അത് ചെയ്തപ്പോള്‍ വിമര്‍ശനങ്ങള്‍ എനിക്ക് ചുറ്റും...

തല്ലണ്ട അമ്മാവാ നന്നാവില്ല എന്ന നിലപാടില്‍ അല്ല ഞാന്‍ ... എന്നെ നന്നാക്കാന്‍ എല്ലാവര്‍ക്കും അവസരം തരുന്നുണ്ട്... എല്ലാവരും ഓരോ ബ്ലോഗ്‌ തുടങ്ങിക്കോളി൯... പിന്നെ എന്റെ ബ്ലോഗില്‍ കമന്റ്‌ ഇടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് നല്ല അടിപൊളി പ്രൊഫൈല്‍ ഫോട്ടോ വച്ചോളു ട്ടോ.. സ്ക്രീന്‍ ഷോട്ടൊക്കെ എടുത്തു ഇടാന്‍ ഉള്ളതാ... ഗ്ലാമര്‍ ഒട്ടും കുറയ്ക്കണ്ട... അവിവാഹിതര്‍ കാറില്‍ ചാരി കൂളിംഗ്‌ ഗ്ലാസ്‌ ഇട്ടു നില്‍ക്കുന്ന ഫോട്ടോ തന്നെ ആയികോട്ടെ ... തൂപുകാരി വഴി വല്ല കല്യാണാലോനയും വന്നാലോ ...

ഇത്രയും എഴുതിയതില്‍ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഗിച്ചിട്ടില്ലെന്നു വിശ്വസിക്കുന്നു … അഥവാ ലംഗിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക ...ഇനി എങ്കിലും സുഹൃത്തുക്കളെ നിങ്ങളുടെ കുടിപകകള്‍ പരസ്പരം പറഞ്ഞു തീര്‍ക്കുക്ക.. പാവപെട്ട ഞങ്ങളെ പോലെ പൊട്ടത്തരങ്ങള്‍ എഴുതി ജീവിക്കുന്ന ബ്ലോഗ്ഗെര്മാരെ വിഡ്ഡികളാക്കരുത് ...ഇനിയും വിവാദങ്ങളിലേക്ക് വലിച്ചിടരുത് എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് നിര്‍ത്തട്ടെ
നന്ദി നമസ്കാരം






Sunday, February 19, 2012

ഒരു ബ്ലോഗ്ഗെറുടെ രോദനം ...

ആമുഖം:
ഡും ഡും ഡും... (പെരുമ്പറ മുഴങ്ങുന്നു )
രാജാതി രാജന്‍ രാജ കിങ്കരന്‍ ..
ബൂലോക രാജന്‍ അറിയിക്കുന്നത്...
ബൂലോക നാട്ടില്‍ സൂപ്പര്‍ ബ്ലോഗ്ഗേറെ കണ്ടെത്തിയ വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു

ലക്‌ഷ്യം:
എങ്ങനേലും പത്തു അമ്പതു ഫോളോവേര്സും പത്തു നൂറു കമന്റും കിട്ടുക.. അത് മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം

ഉപകരണങ്ങള്‍ ഉപയോഗിച്ചത് :
ബൂലോകം, രമേശ്‌ അരൂര്‍ ,കൊമ്പന്‍ , ബൈജു വചനം, മലയാളം ബ്ലോഗേഴ്സ് , ഈ ലോകം, നിരക്ഷരന്‍ , ബഷീര്‍ വള്ളികുന്നു ,നൌഷാദ് അകമ്പാടം

നടപടി ക്രമം:
ആദ്യമായി ഇപ്പോള്‍ ബ്ലോഗ്ഗെര്മാരുടെ ഇടയിലെ സംസാര വിഷയം ഒളിഞ്ഞും തെളിഞ്ഞും അറിയുക...ഇപ്പോഴത്തെ വിഷയം സുപ്പെര്‍ ബ്ലോഗ്ഗര്‍ തിരഞ്ഞെടുപ്പാണെന്ന് ഇരിക്കട്ടെ... ആദ്യമായി വിവാദം എന്താണെന്ന് അറിയാന്‍ എല്ലാ ഫേസ് ബുക്ക്‌ ഗ്രൂപ്പിലും പോസ്റ്റ്സിലുമൊക്കെ ഒന്ന് പരതി നടക്കുക ... എവിടുന്നെങ്കിലും ഇത്തിരി തുമ്പ് കിട്ടിയാല്‍ പിന്നെ ആലോചിക്കാന്‍ നില്‍ക്കണ്ട... ബൂലോക വമ്പന്മാര്‍ ഇടുന്ന പോസ്റ്റിനു താഴെ ലൈകുകളും... ഇന്നാലും ഈ തിരഞ്ഞടുപ്പ് രീതി ശരിയായില്ല...ഞാന്‍ താങ്കളോട് അനുകൂലിക്കുന്നു .. വിയോജിക്കുന്നു.. എന്നൊക്കെ ഇടയ്ക്കിടെ കമന്റ്‌ ഇടുക.. എന്നിട്ടും രക്ഷയില്ലെങ്കില്‍ ... പ്രൈവറ്റ് ചാറ്റില്‍ അവരെ പിടി കൂടുക...ചേട്ടാ ഇത് ശരിക്കും അക്രമം തന്നെ നമ്മള്‍ ബ്ലോഗ്ഗെര്മാരോട് കാട്ടിയത് .. ഇത് വേണ്ടായിരുന്നു എന്നൊക്കെ പറയുക... അന്നിടും നമ്മളെ ആരും കണ്ടില്ലെന്നു നടിച്ചാല്‍ ... സംശയിക്കണ്ട... ഫേസ് ബുക്കില്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ കേറുക.. ബ്ലോഗില്‍ തലതൊട്ടപ്പന്‍മാരായ രമേശ്‌ അരൂര്‍ , നൌഷാദ് അകമ്പാടം , ബൈജു ഏട്ടന്‍ ഇവര്‍ ആരെങ്കിലും എന്തെങ്കിലും പോസ്റ്റ്‌ ഇട്ടാല്‍ ഉടന്‍ ലൈക്കിടുക... അന്നിട്ട്‌ ഇടയ്ക്കിടെ പറയുക,,, ഇത് വന്‍ ചതിയാണ് .. ബൈജുവേട്ടനു കിട്ടേണ്ടതായിരുന്നു.. അല്ലേല്‍ ഇത് കൊമ്പനോട് കാണിച്ച അനീതിയാണെന്നൊക്കെ... പരസ്പരം ഇത് അവര്‍ അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം... വേണമെങ്കില്‍ നമ്മുടെ കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും ലൈക് ഇടാന്‍ മനേഷ് ഏട്ടനെയോ മനെഫിക്കയോ ഏല്‍പ്പിക്കുക... എന്നിട്ടും ഏറ്റില്ലെങ്കില്‍ ... ഒരു വഴിയെ ഉള്ളു... ബൂലോക തെമ്മാടി തല്ലുകൊള്ളി കണ്ണൂരാന്‍ തന്നെ ശരണം... കല്ലിവല്ലി ആശ്രമത്തില്‍ ചെന്ന് ഗുരു കണ്ണൂരാനന്ദ ആസാമികളെ കാണുക...
"കണ്ണൂരാനെ ഇത് തനിക്കു തന്നെ കിട്ടേണ്ടതായിരുന്നു
"അതിനു ഞാന്‍ മത്സരിചില്ലല്ലോ..."
ചമ്മിയത് പുള്ളിക്കാരനെ അറിയിക്കാതെ വീണ്ടും പറയുക...
"ഇന്നാലും നിങ്ങള്‍ മത്സരിച്ചിരുന്നേല്‍ നിങ്ങള്ക്ക് തന്നെ കിട്ടിയേനെ "
ഇതില്‍ കണ്ണൂരാന്‍ ഇരുത്തി ഒന്ന് മൂളും
കാര്യം ഓക്കേ ആയി എന്ന് തെറ്റുദ്ധരിക്കണ്ട ... കണ്ണൂരാന്‍ അത്ര പെട്ടെന്നൊന്നും വീഴൂല
അവസാന തന്ത്രം എടുക്കുക. " കണ്ണൂരാനേ, ബൂലോകത്ത് ഏറ്റവും കൂടുതല്‍ കമന്റ് കിട്ടുന്നത് തന്റെ ബ്ലോഗിന് അല്ലെ... നിങ്ങളല്ലേ ഞങ്ങളുടെ സൂപ്പര്‍ ബ്ലോഗ്ഗര്‍ "
ഇതില്‍ കണ്ണൂരാന്‍ വീഴും വീണിരിക്കും
ഇനി എരിതീയില്‍ എണ്ണ പോലെ ഒരു ഡൈലോഗ് കൂടെ പറയുക...
"നിങ്ങളെ മനപ്പൂര്‍വം മത്സരിപ്പിക്കാതിരുന്നതാ നിങ്ങളിതില്‍ പ്രതികരിക്കണം ഞങ്ങളുണ്ട് കൂടെ..." അന്നിട്ട് മെല്ലെ അവിടെ നിന്ന് മുങ്ങണം...
ഇനി വേണമെങ്കില്‍ ഇസ്മയില്‍ കുറുമ്പടിയെയോ മറ്റോ ഓണ്‍ലൈന്‍ കാണുമ്പോള്‍ പറയുക...
"ഇന്നാലും സൂപ്പര്‍ ബ്ലോഗ്ഗര്‍... "
"ന്ത് ഈയ് അതൊന്നും തിന്നണ്ട... വയറ്റിന് പിടിക്കൂല "
മെല്ലെ സ്ഥലം വിടുക... പുള്ളിക്കാരന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല... ബ്ലോഗ്‌ മീറ്റ്‌ നടത്തി കാശു പോയി... ആളിപ്പോ സമനില തെറ്റിയ മട്ടാ
ഇന്നിട്ടും നിങ്ങളെ ആരും തിരിച്ചറിഞ്ഞില്ലെങ്കില്‍ മടിക്കണ്ട... പരസ്യപ്രസ്താവന തന്നെ നടത്തുക ... ബൂലോകം മൂരാച്ചികള്‍ക്കെതിരെ സമരം വിളിക്കുക.. നിരാഹാരത്തിന് വരെ തയ്യാര്‍ ആണെന്ന് പ്രസ്താവിക്കുക.. കാര്യം എന്താണെന്ന് ആരേലും ചോദിച്ചാല്‍... അവിടെയും ഇവിടെയും മുട്ടിക്കാതെ എന്തേലുമൊക്കെ പറയുക ... പ്രധാന കാര്യം... ഇടയ്ക്കിടെ ബ്ലോഗിന്റെ ലിങ്ക് ഇടാന്‍ മറക്കരുത്...

നിഗമനം :
ഇത്രയും ആയാല്‍ നിങ്ങളുടെ ബ്ലോഗും നിങ്ങളും പ്രശസ്തിയില്‍ നിന്നും പ്രശസ്തിയിലേക്ക് കുതിക്കും... മറ്റുള്ളവര്‍ നിങ്ങളെ തൊഴുത്തില്‍ കുത്തികള്‍ എന്ന് വിളിക്കും... കാര്യമാക്കണ്ട തൊലിക്കട്ടി കൊണ്ട് മാനേജ് ചെയ്യുക... മത്സരിപ്പിക്കാത്തതിന്റെ ചൊരുക്കാണെന്നു വിവാദം ഉണ്ടാവും... അപ്പോള്‍ ഉറപ്പിച്ചോ അടുത്ത സൂപ്പര്‍ ബ്ലോഗ്ഗര്‍ നിങ്ങള്‍ തന്നെ...സ്ത്രീ സംവരണം ഉള്ളത് കൊണ്ട് എന്തായാലും ഒരു നോമിനി ആവാന്‍ ചാന്‍സ് കൂടുതലാണ്... ഇനി അഥവാ കിട്ടിയിലെങ്കില്‍ വിഷമിക്കണ്ട ഒന്ന് ബോധം കേട്ട് വീണാല്‍ മതി... അവാര്‍ഡ്‌ കിട്ടുന്നതിനേക്കാള്‍ പതിന്മടങ്ങ്‌ പ്രശസ്തി കിട്ടും ... വേണമെങ്കില്‍ അവാര്‍ഡ്‌ കിട്ടിയ ശേഷം ശ്രദ്ധ നഷ്ടപ്പെട്ടു എന്ന് തോന്നുകയാണെങ്കില്‍ ഞാന്‍ ഇത് തിരിച്ചേല്‍പ്പിക്കുന്നു എന്നൊരു പ്രസ്താവന കൂടി നടത്താം...

പിന്നാമ്പുറം :
പ്ലസ്‌ ടു ക്ലാസ്സില്‍ കെമിസ്ട്രി റെക്കോര്‍ഡ്‌ എഴുതുന്ന പോലെ എന്തേലും എഴുതിയാല്‍ കമന്റ്‌ കിട്ടും എന്നത് അതിമോഹമാണ് മോളെ അതിമോഹം എന്ന് പറഞ്ഞവരെ അവഗണിക്കുന്നു... ആര്‍ക്കെങ്കിലും വിഷമമോ മാനസികാഘാതമോ അനുഭവപ്പെട്ടാല്‍ ... എന്റെ അഹങ്കാരവും തല്ലുകൊള്ളിത്തരവും ആയി കണ്ടു അങ്ങ് വിട്ടേരെ... അല്ലാതെന്തു പറയാനാ ആരാന്റെ ബ്ലോഗ്ഗിനു ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ്... അത് വഴി എങ്ങനെ നമ്മുടെ ബ്ലോഗിലേക്കും ആളെ എത്തിക്കാം എന്ന് നോക്കുക...

Wednesday, January 25, 2012

കുറച്ചു മുതിരയും കുറേ കുതിരകളും

അമ്മൂ കഴിഞ്ഞോ??
ഇല്ല...
ടീ പെണ്ണെ മതി..
ഇല്ല ഇനിയുമുണ്ട്..
"കുറെ നേരായി നീ എന്തെടുക്കുവാ?? ഇനി നാളെയാവാം..."
അവള്‍ വരുന്ന ലക്ഷണമില്ല
ഒരേ ഇരിപ്പാണ് ടോയിലെറ്റില്‍
എല്ലാ മനുഷ്യരും കൂടുതലും ചിന്തിച്ചു കൂട്ടുന്നത്‌ കക്കൂസിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുന്നാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... പല കണ്ടുപിടിത്തങ്ങള്‍ക്കും വഴിത്തിരിവായത്‌ ചിലപ്പോള്‍ കക്കൂസില്‍ ഉള്ള ഈ ഇരിപ്പയിരിക്കും...
ഞാന്‍ പൊക്കിയെടുത്തു അവളെ ടാപ്പിനടിയില്‍ നിര്‍ത്തി... എന്നിട്ട് ദയനീയമായി നിഷ ചേച്ചിയെ നോക്കി...
നിഷ ചേച്ചി കിടപ്പാണ്!!
ഒരു ബൈക്ക് ടിപ്പെറില്‍ ഇടിച്ചു എന്നാണ് ആളുകള്‍ ആദ്യം കരുതിയത്‌ പിന്നീടാണ്‌ തിരിച്ചറിഞ്ഞത് ബൈക്ക് നിഷ ചേച്ചിയെ ഇടിച്ചതാണ്... കുറച്ചു ഓട്ടോക്കാര്‍ ചേര്‍ന്ന് നിഷ ചേച്ചിയെ ഹോസ്പിറ്റലില്‍ ആകി .. ഇപ്പോള്‍ പ്ലാസ്റ്റെറിട്ടു കിടപ്പാണ്...
നിഷ ചേച്ചിയുടെ വേദനയില്‍ ഒന്ന് സന്തോഷിക്കാനും സമാധാനിപ്പിക്കാനും വീട്ടില്‍ നിന്ന് ഇറങ്ങി പുറപെട്ടപ്പോള്‍ എനിക്കീ ഗതി വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല... നിഷ ചേച്ചിയുടെ രണ്ടു മക്കളെ നോക്കണം.. അതാണെന്റെ ജോലി... നന്ദു രണ്ടാം ക്ലാസ്സിലും അമ്മുനു മൂന്നു വയസ്സും... രണ്ടു അണു ബോംബുകള്‍ .. എപ്പോള്‍ പൊട്ടിത്തെറിക്കുമെന്നു ആര്‍ക്കും പറയാന്‍ കഴിയില്ല
വിധി അല്ലാതെന്താ??

ദിവസവും ഗ്ളിസറിനും റോസ് വാട്ടെറുമോക്കെയിട്ടു മിനുസപ്പെടുത്തിയ കൈകളാണ് ഇന്ന് ആ ചന്തികള്‍ക്കിടയില്‍ ... ഞാന്‍ എന്റെ കൈകളെയും അവള്‍ടെ ചന്തിയും മാറി മാറി നോക്കി...
നീ ഇപ്പൊ എന്റെ കൊച്ചിന്റെ ചന്തി കഴുകിയാല്‍ ... ഭാവിയില്‍ നിനക്ക് കൊച്ചുണ്ടാകുമ്പോള്‍ ഞാനും അതിന്റെ ചന്തി കഴുകി തരാം...നിഷ ചേച്ചി ചിരിയടക്കി പറഞ്ഞു..
ഞാന്‍ അമ്മുനെ നോക്കി... അവള്‍ ഉടുപ്പ് പൊക്കി നില്ക്കാ ...അവള്‍ടെ ആ നില്‍പ്പ് കണ്ടപ്പോള്‍ പാവം തോന്നി... അങ്ങനെ രണ്ടും കല്‍പ്പിച്ചു ഞാന്‍ അത് ചെയ്തു...
ഇങ്ങനെ പോവുകയായിരുന്നു എന്റെ ഓരോ ദിവസങ്ങളും ... കൊച്ചു ടി.വി യുടെയും മഞ്ചാടിയുടെയും ഇടയിലുള്ള ദിവസങ്ങള്‍ ... രാവിലെ ഒമ്പത് മണിക്ക് എഴുനെറ്റിരുന്ന ഞാന്‍ രാവിലെ 5 മണിക്ക് എഴുന്നേറ്റു ല ല ല ല ല ല ല ല... മഞ്ചാടി എന്റെ അലാറം ആയി മാറി...
ഉറക്കമില്ലാത്ത രണ്ടു കൊച്ചുങ്ങള്‍ !!
ഞാന്‍ രൂക്ഷമായി അവളെ നോക്കി...
"ചങ്ങാതീ ... അയാള്‍ മരിച്ചെന്നു തോന്നുന്നു ..." വല്ല്യച്ചനെ ചൂണ്ടിയാണ് അവള്‍ പറഞ്ഞത് ...
ദൈവമേ ഞാന്‍ ഓടി ചെന്നു ...
വല്ല്യച്ചനു ഒന്നും സംഭവിച്ചിട്ടില്ല!!
"ഈ കുരുത്തംകെട്ടവള്‍ .."
"അവള്‍ അങ്ങനാ ആര് ഉറങ്ങി കിടക്കുന്ന കണ്ടാലും ഇങ്ങനെ പറയും ... മഞ്ചാടി എഫ്ഫക്റ്റ്‌..."
നിഷ ചേച്ചി പറഞ്ഞു
അച്ഛനിട്ട് തന്നെ വേണം എഫെക്റ്റ് കാണിക്കാന്‍ ...ഞാന്‍ ഓര്‍ത്തു

അവള്‍ക്കു ചുറ്റും മൂത്രം തളം കെട്ടി കിടന്നു...
"നിനക്ക് മൂത്രം ഒഴിക്കാന്‍ മുട്ടുമ്പോ പറഞ്ഞുടെ..."
എവിടുന്നു അനക്കമില്ല... രണ്ടു ഉണ്ട കണ്ണുകളും സ്ക്രീനില്‍ തന്നെ
അവള്‍ടെ വിചാരം ജെട്ടി ഇടുന്നത് മൂത്രമൊഴിക്കാന്‍ ആണെന്നാണ് ...
എണീറ്റ് ഹാളില്‍ ചെന്നപ്പോള്‍ അവിടെ അതിലും മേളം ... കൊച്ചു ടി.വി ... അതിന്റെ മുന്നിലാ നന്ദു ...
പട പേടിച്ചു പന്തളത് പോയപ്പോ പന്തം കൊളുത്തി പട!!
ഇതിലും ഭേദം മഞ്ചാടിയാ ... ഞാന്‍ അമ്മുന്റെ ഒപ്പം കൂടി
കാളിംഗ് ബെല്‍ കേട്ടപ്പോള്‍ അമ്മുവാണ്‌ ഓടിചെന്നത് ...
ഇതാര് കുട്ടൂസനോ ??
ദൈവമേ പത്രകാരനോടാ അവള്‍ടെ ചോദ്യം ... അയാള്‍ ഒന്നും മിണ്ടീല ...
നിഷ ചേച്ചി ഇതുങ്ങളെ എങ്ങനെ ശ്രിഷ്ടിചെടുത്തു ... ഇവര് 1947 നു മുന്പ് ജനിച്ചിരുന്നെങ്കില്‍ ബ്രിട്ടീഷുകാര്‍ എപ്പോ നാട് വിട്ടെന്ന് ചോദിച്ചാല്‍ മതി... അത്രയ്ക്കും ഉണ്ട് രണ്ടിന്റേം കൈയ്യില്‍ ...
ഇങ്ങോട്ട് വാ എന്ന് പറഞ്ഞാല്‍ നല്ല അനുസരണയോടെ അവര്‍ അങ്ങോട്ട്‌ പോകും ...
കരുതി കൂട്ടിയാണ് അമ്മ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ... ഇതെനിക്കൊരു ദുര്‍ഗുണ പരിഹാര പാഠശാലായാണ് ...
ഉറങ്ങിയും ടി.വി ഒക്കെ കണ്ടു അ൪മാദിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ ... മഞ്ചാടി, കൊച്ചു ടി.വി , പോഗോ തുടങ്ങിയവയില്‍ ഒതുങ്ങി ... രാവും പകലും ഇല്ലാതെ എന്റെ ചെവികളില്‍ ല..ല..ല..ല മുഴങ്ങി !!

ഇതൊക്കെ പോട്ടെ... എത്രയോ ചുള്ളന്മാര്‍ എന്നെ പരിഹസിച്ചു നടന്നു നീങ്ങി... അമ്മുനേം കൊണ്ട് നന്ദുനെ വിളിക്കാന്‍ ചെന്നതാ ഞാന്‍ .. ഒരു പവയേം ബാഗുമൊക്കെ അവള്‍ കൈയ്യില്‍ എടുത്തപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല... കുട്ടികളല്ലേ... പക്ഷെ... അതിനെനിക്കു കിട്ടി... നടു റോഡ്‌ ആയപോള്‍ ആ പാവയെ അവള്‍ എന്നെ കൊണ്ട് എടുപ്പിച്ചു ... അവള്‍ടെ വാവയെ ഞാന്‍ എടുക്കണം പോലും... എസ്. എന്‍ കോളേജിലെ ചുള്ളന്‍ മാരുടെ മുന്നില്‍ ഒരു അപഹാസ്യ രൂപമായി ഞാന്‍ നിന്നു... അത്രയും ദിവസം അഹങ്കാരത്തോടെ ഒരു എറി കണ്ണൊക്കെ ഇട്ടു നടന്ന ഞാന്‍ ... ഇന്നൊരു കൂറ പാവയും പിടിച്ചു റോഡ്‌ സൈഡില്‍ .. ഈശ്വരാ ഭൂമി പിളര്‍ന്നു ഞാന്‍ താഴോട്ട് പോയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയ നിമിഷം!!

എന്റെ ശിക്ഷ കാലാവധി കഴിഞ്ഞു ഞാന്‍ തിരിച്ചു പോകാനുള്ള ദിവസം അടുത്ത് വന്നു ... പക്ഷെ ... അമ്മുനേം നന്ദൂനേം വിട്ടു തിരിച്ചു പോരാന്‍ എനിക്ക് തോന്നുന്നില്ല ... അവരുടെ കുസൃതികളും വഴക്കുകളും ഒക്കെയായി ദിവസങ്ങള്‍ പോയത് ഞാന്‍ അറിഞ്ഞില്ല ... ഇതിനിടയ്ക്ക് വല്ല്യമ്മ എനിക്ക് മുന്നില്‍ പുതിയ പാചക പരീക്ഷണങ്ങളുമായി എത്തി എന്നെ ഞെട്ടിച്ചു കൊണ്ടേ ഇരുന്നു ...
ഇന്ന് നമുക്ക് മുതിര വച്ച് ഒരു കറി ഉണ്ടാക്കാം!!
വല്ല്യമ്മേടെ അടുത്ത പരീക്ഷണം
മുതിര കുതിര തിന്നുന്നതല്ലേ ... എനിക്കൊരു സംശയം
അല്ല മനുഷ്യരും തിന്നും മുതിര ആരോഗ്യത്തിന് നല്ലതാ... ഞാന്‍ വന്നത് തൊട്ടു എന്നെ നന്നാക്കി എടുക്കാന്‍ വല്ല്യമ്മ പഠിച്ച പണി പതിനെട്ടും എടുക്കുന്നുണ്ട് .. വല്ല്യമ്മ വിടുന്ന ലക്ഷണമില്ല... അങ്ങനെ മുതിര പുഴുങ്ങല്‍ പ്രക്രിയയില്‍ ഞങ്ങള്‍ മുഴുകി ... പുഴുങ്ങിയിട്ടും പുഴുങ്ങിയിട്ടും മുതിര വേവുന്നില്ല ... ആ യുദ്ധത്തില്‍ അവസാനം മുതിര തന്നെ ജയിച്ചു ... പാതി വെന്ത മുതിര വല്ല്യമ്മ ഞങ്ങള്‍ക്ക് വിളമ്പി .... എന്താണെന്നറിയില്ല നിഷ ചേച്ചി മാത്രം കഴിച്ചില്ല... ഡൈറ്റിങ് ആണെന്ന് പറഞ്ഞു ഒഴിഞ്ഞു (ഞങ്ങളെ തനിച്ചു അനുഭവിക്കാന്‍ വിടുകയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞില്ല )

ആദ്യത്തെ ലക്ഷണം കണ്ടു തുടങ്ങിയത് അമ്മുവിലാണ് ... അവള്‍ടെ വയറു പുകയുന്നത് ഞങ്ങള്‍ മണത്തറിഞ്ഞു ,,,
എന്താ അമ്മുട്ടി ഒരു മണം ??
നാന്‍ ഒരു കുച്ച്ബു വിട്ടതാ ... അവള്‍ കൊഞ്ചി
ഓടടീ കക്കൂസിലേക്ക് ...
അങ്ങനെ ഓരോരുത്തര്‍ ലണ്ടനിലേക്ക് വന്നും പോയും ഇരുന്നു... ഓരോ ഇടിമുഴക്കം കേള്‍ക്കുമ്പോഴും ഞങ്ങള്‍ പരസ്പരം പറഞ്ഞു...
മുതിരയാ മുതിര...
അവസാനം എന്റെ ടേണ്‍ ആയി... തുടക്കം ശര്ദിലില് ആയിരുന്നു ... പിന്നെ പിന്നെ ഇന്കമിങും ഔട്ട്ഗോയിങും ഫ്രീ ആയി ...
കക്കൂസില്‍ ഒരു ജാലിയന്‍ വാലാ യുദ്ധം തന്നെ നടന്നു...
വെള്ളം തീരുമ്പോ തീരുമ്പോ മോട്ടോര്‍ അടിച്ചു കൊണ്ടേ ഇരുന്നു... നിഷ ചേച്ചിയെ ഞങ്ങള്‍ അസൂയയോടെ നോക്കി...ഭാഗ്യം നിഷ ചേച്ചി തിന്നാതിരുന്നത് ...അല്ലേല്‍ കാലു വയ്യാത്ത നിഷ ചേച്ചിയെ ഞങ്ങള്‍ എന്ത് ചെയ്തേനെ... ബാക്കി ഞങ്ങള്‍ എല്ലാം വയറും തടവി നടന്നു...
നാളെ എനിക്ക് വീട്ടില്‍ പോകാനുള്ളതാ ... ഞാന്‍ ദയനീയമായി പറഞ്ഞു...
നമുക്ക് ഒരു കോര്‍ക്ക് വച്ചടയ്ക്കാം ... നിഷ ചേച്ചി പറഞ്ഞു
ഒരു കോര്‍ക്കിനും മുല്ലപ്പെഴിയാര്‍ ഡാം പൊട്ടുമ്പോള്‍ തടുക്കാനാവില്ല...
ഒരു ഗ്രൂപ്പ്‌ ആയി ഞങ്ങള്‍ ഡോക്ടറെ കാണാന്‍ പോയി ... അമ്മു തൊട്ടു വല്ല്യച്ചന്‍ വരെ ... വയര്‍ തടവിയത് കണ്ടു ഡോക്ടര്‍ ചോദിച്ചു "എന്താ പ്രത്യേകിച്ച് കഴിച്ചത്?"
ഞങ്ങള്‍ വല്ല്യമ്മയെ നോക്കി...
മുതിര!!!
വല്ല്യമ്മ മെല്ലെ പറഞ്ഞു...
ചിരിക്കണോ സഹതപിക്കണോ എന്നറിയാതെ ഡോക്ടര്‍ ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കി... അങ്ങനെ ഇഞ്ചക്ഷനും ORS ഉം ഒക്കെ ആയി ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി . ..മെല്ലെ മെല്ലെ ആളി കത്തല്‍ കെട്ടടങ്ങുന്നു ... ഇടയ്ക്കിടെ മുക്കലും മൂളലും മാത്രം... പല ശബ്ദങ്ങളും പലരും പുറപ്പെടുവിച്ചു ... ആരും ആരെയും കളിയാക്കീലാ . ..
മുതിരയാ മുതിരാ ...
ഞങ്ങള്‍ ഒന്നിച്ചു നെടുവീര്‍പ്പിട്ടു ...
പിറ്റെന്നു രാവിലെ എല്ലാം ശാന്തമായി ....
തിരിച്ചു പോരേണ്ട ദിവസമായി . .. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും എല്ലാവരുടെയും കണ്ണ് നിറഞ്ഞു ... എനിക്ക് ട്രെയിനില്‍ ഇരുന്നു തിന്നാന്‍ ചോറെടുതപ്പോ വല്യമ്മ മെല്ലെ ചോദിച്ചു.. കുറച്ചു മുതിര കൂടി വയ്ക്കട്ടെ ...
വേണ്ടെന്നും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്കോടി.!





Friday, December 16, 2011

ഉപദേശികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് !!

എന്താ കുട്ട്യേ ജോലി ഒന്നും ആയില്ലേ??
ജോലി കിട്ടീനു പറഞ്ഞിട്ട് പോയില്ലേ...
ഇപ്പൊ വീട്ടില്‍ തന്നെയാണല്ലേ...
ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എണീകുമ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഇതൊക്കെയാണ്.. ഇന്നത്തെ ചോദ്യത്തിന് ഇത്തിരി വ്യത്യാസം ഉണ്ട്...
"എന്താ വീട്ടിനുള്ളില്‍ അടയിരിക്ക്യാണോ"?
ദേവദാസ് അങ്കിള്‍ ആണ് ചോദിച്ചത്... ഈ ചോദ്യം കുഴപ്പമില്ല.. ഒന്ന് ലൈക്ക് ചെയ്തേക്കാം...
അല്ല അങ്കിള്‍ പനിയാ...
പനിയുടെ ആലസ്യത്തില്‍ വീണ്ടും പുതപ്പിനടിയിലേക്കു കയറി...
"നീ ഇങ്ങനെ തിന്നും കുടിച്ചും കിടന്നോ..."
"അല്ലാതെ ഞാന്‍ എന്ത് ചെയ്യാനാ"??
പനി പിടിച്ചു കൊച്ചിന്‍ ഹനീഫയുടെ ശബ്ദത്തില്‍ ഞാന്‍ തിരിച്ചടിച്ചു...
ഒന്നും ചെയ്യണ്ട... അമ്മ മുറുമുറുത്ത് കൊണ്ട് അകത്തേക്ക് കയറി
കുറെ ദിവസമായി ഓണ്‍ലൈന്‍ ആയിട്ട് ... മുല്ലപ്പെരിയാറിന് എന്ത് സംഭവിച്ചോ എന്തോ??
സിസ്റ്റം ഓണ്‍ ചെയ്തു...
"ആഹ.. തുടങ്ങിയോ വീണ്ടും... വീട്ടിലിരുന്നു ഇങ്ങനെ കറന്റ്‌ ചാര്‍ജ് കൂട്ടിക്കോ..."
ഈശ്വരാ!! ഉറങ്ങിയാല്‍ കുറ്റം... നീ ഇങ്ങനെ ഉറങ്ങിക്കോ എന്ന് പറഞ്ഞ്... എണീറ്റിരുന്നാല്‍ അതും കുറ്റം...
"അമ്മേ കുറെ ദിവസം ആയില്ലേ ഓണ്‍ലൈന്‍ കേറീട്ടു എന്തൊക്കെ സംഭവിച്ചുനു നോക്കട്ടെ..."
ഫേസ് ബുക്ക്‌ വഴി ഇടയ്ക്ക് ഇടയ്ക്ക് പുതുപുത്തന്‍ കുശുമ്പും നുണകളും അമ്മയ്ക്ക് എത്തിക്കുന്നത് കൊണ്ട്... അതില്‍ അമ്മയ്ക്കിതിരി താല്പര്യം ഉണ്ട്...
ഐഡിയ സ്റ്റാര്‍സിംഗ൪ കല്പനെടെ ഭര്‍ത്താവ് മരിച്ചിട്ടില്ല എന്ന ചൂടന്‍ വാര്‍ത്ത ഞാന്‍ ആണ് അമ്മെ അറിയിച്ചത്... ആദ്യം അതറിഞ്ഞു കുടുംബ ശ്രീയില്‍ വിളമ്പി ആളായതാണ് അമ്മ... ആ നന്ദി അമ്മയ്ക്ക് എന്നോടുണ്ട്... പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ന്റെ പാട്ടും ഞാന്‍ അമ്മയ്ക്ക് കാട്ടി കൊടുത്തു.. അതും കുടുംബ ശ്രീയില്‍ കൊണ്ട് കൊടുത്തു അമ്മ ഒരു ഡയലോഗും അടിച്ചു... നമ്മളൊകെ ഇന്റര്‍നെറ്റ്‌ യൂസ് ചെയ്യണം എന്നാലെ ലോകത്ത് എന്ത് നടക്കുന്നു എന്ന് അറിയാന്‍ റ്റൂ ... അമ്മ മെല്ലെ അടുത്ത് കൂടി...

മുല്ലപെരിയാര്‍ വിഷയം ചൂടാറി കൊണ്ടിരിക്കുന്നു... സന്തോഷ്‌ പണ്ഡിറ്റ്‌ നു ജനങ്ങള്‍ എന്തും ചെയ്യാനുള്ള ലൈന്‍സ് കൊടുത്തിരിക്കുന്നു... അത് കൊണ്ട് ഫേസ് ബുക്ക്‌ ആകെ പാടെ പ്രഭ പോയ മട്ടാണ്... പ്രിത്വിരാജിന്റെ അഹങ്കാരത്തിനും ഇപ്പോള്‍ സ്കോപ്പില്ല... ഇതൊക്കെ കൊണ്ടാ ഞാന്‍ പിടിച്ചു നിന്നിരുന്നത്... ഞാന്‍ കാരണം ആണ് പ്രിത്വിരാജ് നന്നായത് എന്നൊരു അഹങ്കാരം എനിക്കും വന്നു തുടങ്ങി... സന്തോഷ്‌ പണ്ഡിറ്റ്‌ നെ നന്നാക്കാന്‍ ഞാന്‍ നോക്കി... പക്ഷെ ഞാന്‍ തോറ്റു പിന്‍വാങ്ങി... മുല്ലപ്പെരിയാര്‍ പുതിയ ഡാം കെട്ടിപ്പിക്കാന്‍ ആയിരുന്നു പിന്നെ എന്റെ പ്ലാന്‍ ... ഞാന്‍ എന്റെ വീട്ടീനു മണല് കൊണ്ട് കൊടുക്കാം എന്ന് വരെ പറഞ്ഞു നോക്കി... ഒരു കുലുക്കവുമില്ല... ഉമ്മന്‍‌ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചിട്ടുണ്ട്... മറുപടി കിട്ടിയിട്ട് പറയാം എന്നായിരുന്നു മറുപടി... ഞാന്‍ അറിയാന്‍ മേലാഞ്ഞു ചോദിക്കുവാ... ഇവരൊക്കെ എന്തിനാ കത്തയക്കുന്നത്... ഫോണ്‍ ചെയ്തുടെ.... ചാറ്റ് ചെയ്തുടെ... കത്തയച്ചു കത്തയച്ചു അവര് തമ്മില്‍ ജീവിതം ആവാതിരുന്നാല്‍ മതി... ക്രിസ്മസ് ഒക്കെ ആയില്ലേ.. ഒരു കാര്‍ഡ്‌ കൂടി അയച്ചേക്കു... മറിയാമ്മ ചേടത്തിയുടെ പ്രത്യേക ശ്രദ്ധയ്ക്ക് കുഞ്ഞൂഞ്ഞിന്റെ മേലൊരു കണ്ണ് വേണം... അല്ലേല്‍ ഫെബ്രുവരി 14 വരുന്നുണ്ട്... ഇനി കണ്ടില്ല കേട്ടില്ലാന്നു പറയരുത്...

ഇമ്മാതിരി എത്രയെത്ര കാര്യങ്ങള്‍ എനിക്ക് ശ്രദ്ധിക്കാന്‍ ഇരിക്കുമ്പോഴാ... ജോലിക്ക് പോകണ്ടേ... വീട്ടില്‍ വെറുതെ ഇരിക്ക്യാണോ എന്ന് ചോദിച്ചു ഉപദേശികള്‍ രംഗത്ത് വരുന്നത്... മാഷെ എനിക്ക് നൂറു കൂട്ടം പരിപാടികള്‍ ഉണ്ട്... മുല്ലപെരിയറില്‍ ഒരു ഡാം ഉണ്ടാക്കണം... അത് കഴിഞ്ഞിട്ട് വേണം തുഛ വേദനം കിട്ടുന്ന നര്‍സുമാരുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ... ഇതെന്താ നിങ്ങള്‍ ഒന്നും മനസിലാക്കാത്തത്‌ !!!
ഇതിന്റെ ഒക്കെ ഇടയിലാ നമ്മടെ ബ്ലോഗ്‌ അണ്ണന്മാര് ... ഒരു കമന്റ്‌ ഇട്ടേക്കണേ എന്ന് പറഞ്ഞു വരുന്നത്... അവരെ നിരാശരാക്കാന്‍ പറ്റുമോ?? നിങ്ങള്‍ തന്നെ പറ.. .

നീ കമന്റ്‌ ഇട്ടു നടന്നോ... ഒരു ബ്ലോഗ്ഗെര്മാര് ... ഭാര്യ പെറ്റാലും .. മക്കള് തൂറിയാലും ഒക്കെ ബ്ലോഗ്ഗില്‍ എഴുതിക്കോളും ... അതിലും കുറ്റം പറയാന്‍ കുറേയെണ്ണം
"അതമ്മ പറയരുത് ..." ബ്ലോഗ്ഗെര്മാരെ പുച്ഛിക്കുന്നത് എന്നെ പുച്ഛിക്കുന്നതിനു സമം ആണ്...
പിന്നല്ലാതെ അവന്മാരൊക്കെ സ്വന്തം കാര്യം നോക്കീട്ടാ ബ്ലോഗ്‌ എഴുതി നടക്കണത്‌...
അങ്ങനെ വേണമെങ്കില്‍ പറഞ്ഞോ... എഴുതാന്‍ വച്ചിരുന്ന കമെന്റെല്ലാം ഞാന്‍ അമ്മയോടടിച്ചു തീര്‍ത്തു...

"അമ്മയറിഞ്ഞോ ... നമ്മുടെ വെറുതെ അല്ല ഭാര്യയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇല്ലേ... അയാള്‍ മോഷണ കേസിലെ പ്രതി ആയിരുന്നത്രെ"
ഇപ്പോള്‍ അയാളെ അതീന് മാറ്റി... ഒരു ബ്ലോഗില്‍ കണ്ടതാ
"ഏത് നമ്മുടെ ശ്വേത മേനോന്റെ പ്രോഗ്രാമ്മിലെയോ??"
"അതെന്നെ..."
"എനിക്കവനെ കണ്ടപ്പോഴേ തോന്നി..." (എന്റെ അമ്മയ്ക്ക് പലപ്പോഴും അങ്ങനെ തോന്നാറുള്ളത് കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല... ഇപ്പോഴത്തെ സാഹചര്യത്തിന് നിന്ന് കൊടുക്കുന്നതാ നല്ലത് )
ഇന്ന് കുടുംബ ശ്രീയില്‍ പറയാന്‍ പുതിയ ന്യൂസ്‌ കിട്ടിയത് കൊണ്ട് അമ്മ ഒന്ന് അടങ്ങി...
മെല്ലെ ബൂലോകത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം... നടത്തി...
ദാ വീണ്ടും വാതിലില്‍ ഒരു മുട്ട്
പേപ്പര്‍ മാമനാ..
"ആ കുറെ ആയല്ലോ കണ്ടിട്ട്... ഇപ്പോള്‍ എന്ത് ചെയ്യുന്നു??"
"കോഴ്സ് കഴിഞ്ഞു വെറുതെ ഇരിക്ക്യാ.."
"അതെന്താ ജോലിക്കൊന്നും പോണില്ലേ..."
"നോക്കുന്നുണ്ട്..."
"പെണ്‍കുട്ടികള്‍ വെറുതെ ഇരിക്കാന്‍ പാടില്ല... ജോലി ഒക്കെ നോക്കണം... ബാംഗ്ലൂരോക്കെ പോയാല്‍ നല്ല ചാന്‍സാ... എന്റെ മോന്‍ ഇപ്പൊ ബംഗ്ലൂരാ.."
ഈ പറയുന്ന ചേട്ടനെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം... അഞ്ചാറ് കൊല്ലം വായനോക്കി നടന്നതാ... അപ്പോള്‍ ആര്‍ക്കും ഒരു കുഴപ്പോം ഉണ്ടാരുന്നില്ല... രണ്ടു മാസം ഞാന്‍ ഇവിടെ ഇരുന്നപ്പോള്‍ ആര്‍കും ഒരു സമാധാനം ഇല്ല...
"ഞാന്‍ മോള്‍ടെ കാര്യം പറയാം... ബയോ ടാറ്റ അവനു അയച്ചു കൊടുത്തു നോക്ക്..."
സ്ഥിരം പല്ലവി... കുറെ അയച്ചിട്ടും മറുപടി ഒന്നും ഇല്ലാത്തതു കൊണ്ടും... ഞാന്‍ ചിരിച്ചു...
ജോലി ഇല്ലഞ്ഞിട്ടും ഒരു ബ്ലോഗ്‌ എഴുതാന്‍ പോലും സമയമില്ലാത്ത എന്നൊടാ വെറുതെ ഇരിക്ക്യാണോ എന്ന ചോദ്യം!!!
എനിക്ക് നൂറു കൂടം പരിപാടിയാ... രാവിലെ മുല്ലപ്പെരിയാര്‍.. ഉച്ചക്ക് അന്ന ഹസാരെ.. രാത്രി കമെന്റെഴുത്തു ... ഇതിനൊക്കെ ഒരു പരിഹാരം കണ്ടിട്ട് വേണ്ടേ എനിക്കെന്റെ കാര്യം നോക്കാന്‍ !!!