Friday, June 18, 2010

തനിയെ...


അവന്‍ എന്നെ കരയിപ്പിക്കും എന്നറിഞ്ഞാലും ഞാന്‍ ആ കളി ഇഷ്ടപെട്ടിരുന്നു... ഇടവഴിയിലൂടെ കുടയില്‍ അവന്‍റെ കൂടെ ഓടുക... മഴയുടെ കാഠിന്യം കൂടി ഇരുട്ട് മൂടുമ്പോള്‍ ആ വഴിയില്‍ എന്നെ തനിച്ചാക്കി അവന്‍ ഓടി മറയുക... അവനെ പ്രതീക്ഷിച്ചു ഞാന്‍ ആ മഴയില്‍ നില്‍ക്കും....


 അവന്‍ വരില്ലെന്ന് തിരിച്ചറിയുമ്പോ തിരിച്ചു പോവുക... ഓരോ മഴക്കാലം വരുമ്പോഴും കുടയില്‍ കേറാന്‍ അവന്‍ ക്ഷണിക്കുമ്പോഴും എനിക്കറിയാം... ഈ വഴിയില്‍ എവിടെയോ ഞാന്‍ ഉപേക്ഷിക്കപെടുമെന്നു... എങ്കിലും അവന്‍റെ കൂടെ മഴയെ അറിഞ്ഞു പോകാന്‍ എനിക്കിഷ്ടമായിരുന്നു... എത്ര കരഞ്ഞാലും അവന്‍റെ ആ വര്‍ണ്ണ കുടയില്‍ മഴയത്ത് നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു...


 അവനൊരു കൌതുകം മാത്രമായിരുന്നു എന്‍റെ കണ്ണീര്‍ ... മഴ തുള്ളികല്‍ക്കൊപ്പം തുള്ളി കളിക്കുന്ന ചെറു തുള്ളികള്‍.... അത്രമാത്രമായിരുന്നു അവനു എന്‍റെ കണ്ണുനീര്‍... ചിലപ്പോള്‍ ആ കണ്ണുനീര്‍ അവന്‍ ഇഷ്ടപെട്ടിരിക്കാം അത് കൊണ്ടാവാം അവന്‍ ആ കളി ഇഷ്ടപെട്ടിരുന്നത്... തിരിച്ചറിവ് ആകുന്ന ഒരു ദിവസം ഞാന്‍ ആ കളി നിര്‍ത്തുമെന്ന് അവന്‍ ഓര്‍ത്തിരിക്കില്ല... ആ മഴയും ആ വര്‍ണ്ണ കുടയും നഷ്ടങ്ങള്‍ മാത്രമായിരുന്നു എനിക്ക്... പക്ഷെ നഷ്ടങ്ങള്‍ ആണല്ലോ എന്നും ലാഭങ്ങളുടെ വില നമ്മെ അറിയിക്കുന്നത്...

Tuesday, June 8, 2010

അവസാനം...

എഴുതാന്‍ തുടങ്ങുമ്പോള്‍ ഒരു ആവേശമാണ്... എന്തൊക്കെയോ എഴുതണമെന്നു തോന്നും... തുടങ്ങി കഴിഞ്ഞാല്‍ എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ ഒരു വീര്‍പ്പുമുട്ടലാണ്‌... എന്‍റെ പല കഥകളുടെയും അവസാനം മഹാ ബോറാണെന്ന് എനിക്ക് തന്നെ പലപ്പോഴും തോന്നീട്ടുണ്ട്... അവസാനിപ്പിക്കാന്‍ വേണ്ടി ഒരു അവസാനം.. സത്യത്തില്‍ ഒന്നും അവസാനിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല ഒന്നും... അവസാനമില്ലാതെ എഴുതുക... വാക്കുകള്‍ കിട്ടാതെ ആവുമ്പോള്‍ കുറെ കുത്തുകളില്‍ അവസാനം കണ്ടെത്തുന്ന ആളാണ് ഞാന്‍ ...

ഒരാള്‍ നല്ല എഴുത്തുകാരനവുന്നത് അയാളുടെ കൃതിക്ക് നല്ല അവസാനം കിട്ടുമ്പോഴാണ്... ആ അവസാനതിലയിരിക്കും കഥയുടെ ഭംഗി... പലപ്പോഴും നമ്മളും പലതും ഓര്‍ത്തു തുടങ്ങുന്നത് അവസാനത്തില്‍ നിന്നാണ്..."അവസാനിക്കുന്നിടത്ത് നിന്ന് പുതിയത് തുടങ്ങണം".. അതാണ്‌ പ്രകൃതി നിയമം... അവസാനിപ്പിക്കാന്‍ അറിയാത്ത ഞാന്‍ എങ്ങനെ പുതിയത് തുടങ്ങും?? അപ്പോള്‍ തുടക്കം എനിക്ക് എന്നും വിദൂര സ്വപ്നം മാത്രമാണ്... ഇതും ഇവിടെ അവസാനിക്കുന്നില്ല ഒരു തുടക്കം കിട്ടുന്നത് വരെ തുടരും...

Thursday, June 3, 2010

ഓര്‍മകള്‍

സ്കൂള്‍ തുറന്നു... ഇന്ന് ചന്തു ആദ്യമായി സ്കൂളില്‍ പോവുകയാണ്... ഇന്ന് ഉച്ച വരെയുള്ളൂ... പുതിയ ബാഗും, പുതിയ കുടയും, പുതിയ ഉടുപ്പുമൊക്കെ ഇട്ടു അവനെ ഒരുക്കി നിര്‍ത്തി ... സ്കൂളില്‍ ഇന്ന് മിട്ടായി കിട്ടും എന്ന ഏക പ്രതീക്ഷയിലാണ് അവന്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങുന്നത്... അവന്റെ മുഖത്ത് നോക്കിയപ്പോ പണ്ട് മലയാളത്തില്‍ പഠിച്ച ഒരു പാഠം ആണ് ഓര്‍മ വന്നത് "ഉണ്ണിക്കുട്ടന്‍ സ്കൂളില്‍" ... അതില്‍ രാവിലെ എണീറ്റ്‌ ചേച്ചിയും അനിയനും ബഹളമാ സ്കൂളില്‍ പോകാന്‍.... എന്റെ വീട്ടിലും അത് പോലെ ആയിരുന്നു...

രാവിലെ എണീപ്പിക്കാന്‍ തന്നെ അമ്മയും പപ്പയും ഒരുപാടു കഷ്ടപ്പെടും... മിക്കവാറും രാവിലെ എണീറ്റാല്‍ ആയിരിക്കും എട്ടന് ഓര്‍മ വരുക "ഹോം വര്‍ക്കിന്റെ" കാര്യം... പിന്നെ അമ്മയും ഏട്ടനും യുദ്ധമായിരിക്കും... ഞാന്‍ എന്തോ പണ്ട് നല്ല കുട്ടി ആയിരുന്നു... സ്കൂള്‍ വിട്ടു വന്നാല്‍ ഉടന്‍ എല്ലാ ഹോം വര്‍ക്കും ചെയ്തു തീര്‍ക്കും ... അതെന്തു കൊണ്ടാണെന്ന് എനിക്കിത് വരെ മനസിലായിട്ടില്ല... അന്നൊന്നും ഞങ്ങള്‍ടെ വീട്ടില്‍ ടി.വി ഉണ്ടായിരുന്നില്ല അത് കൊണ്ട് രാവിലെ തന്നെ പപ്പ റേഡിയോ വയ്ക്കും... റേഡിയോ യിലെ ഓരോ പ്രോഗ്രാം അനുസരിച്ചായിരുന്നു ഞങ്ങള്‍ ഓരോന്ന് ചെയ്യുന്നത്... വാര്‍ത്തകള്‍ തുടങ്ങുമ്പോള്‍ ചേട്ടന്‍ കുളിക്കാന്‍ കേറും അത് കഴിഞ്ഞാല്‍ ഞാന്‍ ... ചലച്ചിത്ര ഗാനം തുടങ്ങുമ്പോ രണ്ടു പേരും ഭക്ഷണം കഴിക്കും... നല്ല രസമായിരുന്നു... നാലാം ക്ലാസ്സ്‌ വരെ ഞങ്ങള്‍ കെ.പി.ആര്‍ .പി സ്കൂളില്‍ ആണ് പഠിച്ചത്... വാന്‍ ഉണ്ട് സ്കൂളിലേക്ക് പോകാന്‍ .. വീടിന്‍റെ മുന്നില്‍ വാന്‍ വരും... എന്നും വാനിന്‍റെ മുന്‍ സീറ്റില്‍ രാധ മിസ്‌ ഉണ്ടാവും... കരഞ്ഞു വാശി പിടിച്ചു നില്‍ക്കുന്ന എന്നെ വണ്ടിയിലേക്ക് എടുത്തിടുകയാണ്‌ ചെയ്യാറ്... കൂട്ടിലകപെട്ട കിളിയെ പോലെ ഞാന്‍ ജനലിലൂടെ അമ്മയെ ദയയോടെ നോക്കും... പിന്നെ ഒരു ബഹളമായിരിക്കും സ്കൂള്‍ എത്തുന്നത് വരെ...

Monday, May 24, 2010

സുഖമുള്ള ദിവസം

എന്തോ ഒരു ശബ്ദം കേട്ട് ഞാന്‍ എണീറ്റു.... നേരിയ തണുപ്പ് ഞാന്‍ പുതപ്പിനുള്ളില്ലേക്ക് തന്നെ ചുരുണ്ട് കൂടി... ഫോണ്‍ റിംഗ് ചെയ്തു കൊണ്ടേ ഇരുന്നു... എടുത്തു നോക്കിയപ്പോള്‍ എന്നും എന്നെ ശല്യപെടുത്താറുള്ള ആ ശബ്ദം തന്നെ... "നിധില" ... " എന്താടി പട്ടി ഈ വെളുപ്പാന്‍ കാലത്ത് നിനക്ക് ഉറക്കം ഇല്ലേ??? എന്നാ സ്ഥിരം ചോദ്യത്തോടെ ഞാന്‍ തുടങ്ങി... "വെളുപ്പാന്‍ കാലമോ നീ സമയം നോക്കെടി അലവലാതി" എന്ന സ്ഥിരം ഉത്തരം അവള്‍ടെ ഭാഗത്ത്‌ നിന്ന്... സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു... എന്താണാവോ?? എന്ന എന്‍റെ ചോദ്യത്തിന് മുന്നേ അവള്‍ പറഞ്ഞു... നമുക്ക് സ്.തോമസില്‍ ഒരു റീ യുനിയന്‍ നടത്തം... പഴയ പത്ത് സി എല്ലാവര്ക്കും ഒന്ന് കാണാം എന്നു... എന്നു?? എന്ന എന്‍റെ ചോദ്യത്തിന് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി എന്നായിരുന്നു അവള്‍ടെ മറുപടി..
അവള്‍ പ്ലാന്‍ ചെയ്തതായത് കൊണ്ട് ഞങ്ങള്‍ മാത്രേ കാണു എന്നു എനിക്ക് തോന്നി... അത് കൊണ്ട് തന്നെ എന്നത്തേയും പോലെ വയ്കി ആണ് ഞാന്‍ പോയത്... ചെന്നപ്പോള്‍ പ്രതീക്ഷ്ച്ചതിലും കൂടുതല്‍ മുഖങ്ങള്‍ എല്ലാവരും ഒരുപാടു മാറി ഇരിക്കുന്നു... ഏറ്റവും മാറിയതായി തോന്നിയത് അജിഷ ആണ്.. ദിവ്യ, മാലിനി,ദിന, ടിജി ഒക്കെ മാറിയിട്ടുണ്ട് എന്നു പറയാം എന്നല്ലാതെ മാറ്റം അധികമൊന്നുമില്ല... നന്ദിനിക്ക് അന്നും ഇന്നും ഒരു മാറ്റവും ഉള്ളതായി തോന്നിയില്ല... സ്വഭാവത്തിലും!!! ഒരുപാടു സന്തോഷം തോന്നി.. എല്ലാവരെയും കണ്ടപ്പോള്‍.. സ്കൂള്‍ ഒരുപാടു മാറിയിരിക്കുന്നു... പക്ഷെ പഴയ ക്ലാസുകള്‍ എല്ലാം അത് പോലെ തന്നെ... ഞങ്ങളുടെ പഴയ പത്ത് സി , സ്റ്റാഫ്‌ റൂം, സാന്തോം... മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത് പി.ടി.എ ബ്ലോക്കിനും പൂന്തോട്ടത്തിനും ഒക്കെയാണ്...
പഴയ വരാന്തയിലൂടെ ഞങ്ങള്‍ നടന്നു... പണ്ട് ചിരിച്ചു കൊണ്ടും കരഞ്ഞു കൊണ്ടും ഒക്കെ ഓടിയ വരാന്തയാണ് ... വായ്നോട്ടത്തിന്റെ ബാലപാഠം പഠിച്ചതും ഈ വരാന്തയിലൂടെ പുറത്തോട്ട് നോക്കിയാണ്... കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും തമാശകളും.. ആദ്യമായി സ്റ്റേജില്‍ മൈം അവതരിപ്പിച്ചതും പട്ടുപാടിയതുമൊക്കെ ഓര്‍ത്തു പോവുകയാണ്... തിരിച്ചു പോരുമ്പോള്‍ ഓര്‍ത്തു പോയി ഒരിക്കല്‍ കൂടി ആ യുണിഫോം ഇട്ടു പഴയ കുട്ടികളായി ഇവടെ വരാന്‍ പറ്റി ഇരുന്നെങ്കില്‍ എന്നു...